Join Our Whats App Group

കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ കവര്‍ച്ച

പരിയാരം:
കടന്നപ്പള്ളി കിഴക്കേക്കര മംഗലശേരി ധര്‍മ്മശാസ്താക്ഷേത്രത്തില്‍ കവര്‍ച്ച. ശ്രീകോവിലിന്റെ പൂട്ടുതകര്‍ത്ത മോഷ്ടാക്കള്‍ ഭണ്ഡാരം തകര്‍ത്ത് പണം കവരുകയും ഓഫീസിന്റെ പൂട്ട് തകര്‍ത്ത് മേശവലിപ്പിലുണ്ടായിരുന്ന 1500 രൂപ എടുത്തുകൊണ്ടുപോകുകയും ചെയ്തു. ഇന്ന് രാവിലെ ആറരയോടെ കഴകക്കാരന്‍ സുരേഷ്  ക്ഷേത്രത്തിലെത്തിയപ്പോഴാണ് കവര്‍ച്ച നടന്ന കാര്യം അറിഞ്ഞത്. ശ്രീകോവിലിന് പുറത്തെ പ്രധാന ഭണ്ഡാരം പൊളിച്ച മേഷ്ടാക്കള്‍ വലിയ തുക കൊണ്ടുപോയതായിട്ടാണ് അനുമാനം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരം വര്‍ഷത്തില്‍ രണ്ട് തവണ മാത്രമേ തുറക്കാറുള്ളു എന്നതിനാല്‍ വലിയ തുക ഉണ്ടാകുമെന്ന് ക്ഷേത്രം അധികൃതര്‍ പറഞ്ഞു. കുറച്ച് പണം ഭണ്ഡാരത്തില്‍ ബാക്കിയാക്കിയാണ് മോഷ്ടാവ് സ്ഥലംവിട്ടത്. മോഷ്ടാക്കള്‍ പൂട്ട് തകര്‍ക്കാനായി കൊണ്ടുവന്ന പിക്കാക്‌സ് ശ്രീകോവിലിന് മുന്നില്‍ ഉപേക്ഷിച്ചിട്ടുണ്ട്. ക്ഷേത്രശ്രീകോവിലിനുള്ളില്‍ സ്വര്‍ണാഭരണങ്ങളൊന്നും ഇല്ലാത്തതിനാല്‍  ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ പറയുന്നത്. ക്ഷേത്രകമ്മറ്റി സെക്രട്ടറിപി.പി.നാരായണന്‍ മാസ്റ്റര്‍ പരിയാരം പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസ് രാവിലെ തന്നെ സ്ഥലത്തെത്തി അന്വേഷണം നടത്തി. കഴിഞ്ഞ ദിവസങ്ങളില്‍ പഴയങ്ങാടി സ്റ്റേഷന്‍ പരിധിയില്‍ എസ്.ബി.ഐയിലും മാടായി സഹകരണ ബേങ്കിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. അതേ സംഘം തന്നെയാണ് ഇവിടെയും എത്തിയതെന്നാണ് പോലീസിന്റെ നിഗമനം. വിരലടയാള വിദഗ്ദ്ധരും ഡോഗ്‌സ്‌ക്വാഡും ഉള്‍പ്പെടെ പരിശോധനക്ക് എത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിയാരം സ്റ്റേഷന്‍ പരിധിയില്‍ വിളയാങ്കോട് ശിവക്ഷേത്രത്തിലെ വിഗ്രഹം ഉള്‍പ്പെടെ കവര്‍ച്ച നടത്തിയ സംഘത്തെയും വീടുകളില്‍ നിന്ന് സ്വര്‍ണവും തൃക്കുറ്റ്യേരി ക്ഷേത്രത്തിലും കവര്‍ച്ച നടത്തിയ മോഷ്ടാക്കളെ ഇതേവരെ പിടികൂടാന്‍ സാധിച്ചിട്ടില്ല. 

Post a Comment

Previous Post Next Post
Join Our Whats App Group