Join Our Whats App Group

മുലയൂട്ടുമ്പോള്‍ വേദന അനുഭവപ്പെടുന്നുണ്ടോ?..ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക


ആദ്യമായി അമ്മയായവരില്‍ മുലയൂട്ടലിനെ കുറിച്ച് ഒരുപാട് സംശയങ്ങളുണ്ടാകും. അതില്‍ ഭൂരിഭാഗം പേരുടെയും സംശയമാണ് മുലയൂട്ടുമ്പോള്‍ അനുഭവപ്പെടുന്ന വേദന. ചിലര്‍ അത് മുതിര്‍ന്നവരോട് പറഞ്ഞാലും അതൊക്ക പതിവാ എന്നമട്ടിലുള്ള ഒഴുക്കന്‍ മറുപടിയാകും ലഭിക്കുക. മുലയൂട്ടുമ്പോള്‍ കുഞ്ഞിന്റെ വിശപ്പകറ്റുക മാത്രമല്ല അമ്മയും കുഞ്ഞും തമ്മിലുള്ള പവിത്രമായ സംവേദനമാണ് നടക്കുന്നത്. 



വേദന മൂലം കുഞ്ഞിനെ ശരിയായ രീതിയില്‍ മുലയൂട്ടാന്‍ കഴിയാതെ മനോഹരമായ നിമിഷങ്ങള്‍ നഷ്ടപ്പെടുത്തുന്ന ഒരുപാട് അമ്മമാരുണ്ട്. വേദനയുടെ പേരില്‍ ഇനി കൂടുതല്‍ വിഷമിക്കേണ്ടതില്ല.. ചില എളുപ്പവഴികള്‍ പരീക്ഷിച്ചാല്‍ ഇനി എളുപ്പം വേദനയില്‍ നിന്ന് മോചനം നേടാന്‍.

ചൂട് പിടിക്കുക

സാധാരണ ഗതിയില്‍ ശരീരവേദന അനുഭവപ്പെട്ടാല്‍ ചൂട് വയ്ക്കുന്നത് പതിവാണ്. ഇവിടെയും ഈ രീതി പരീക്ഷിക്കാവുന്നതാണ്. ചൂട് വയ്ക്കുമ്പോള്‍ മുലക്കണ്ണുകളിലുള്ള നീര് വയ്ക്കലും കുറയ്ക്കാം. മുലയൂട്ടലിന്റെ തുടക്കത്തിലുണ്ടാകുന്ന നീരുവയ്ക്കലും വേദനയും വിണ്ടുകീറലും ചുവപ്പുമെല്ലാം ഒഴിവാക്കാന്‍ പതിയെ ചൂട് വച്ചാല്‍ മതിയാകും. ചെറു ചൂടുള്ള വെള്ളത്തില്‍ വൃത്തിയുള്ള തുണി മുക്കി സ്ഥാനങ്ങള്‍ക്ക് മീതെ ഒരു മിനിറ്റ് വയ്ക്കാം. വെള്ളത്തിന് ചൂട് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാം.

മുലപ്പാല്‍ മരുന്നാക്കാം

മുലപ്പാലിനു സ്വാഭാവികമായി തന്നെ ഒരുപാട് ആന്റിബാക്റ്റീരിയല്‍ ഗുണങ്ങളുണ്ട്. ത്വക്കിലെ ജലാംശം നിലനിര്‍ത്താന്‍ മുലപ്പാല്‍ പുരട്ടുന്നത് നല്ലതാണ്. മുലഞെട്ടുകളുടെ വരള്‍ച്ച മാറാനുള്ള പ്രകൃതിദത്തമായ ഏറ്റവും നല്ല മരുന്നാണിത്.

എണ്ണ പുരട്ടുക

കടകളില്‍ ലഭിക്കുന്ന വിവിധതരം ലോഷനുകളെയും ക്രീമുകളെയും അപേക്ഷിച്ചു ഒലിവെണ്ണയും വെളിച്ചെണ്ണയുമാണ് ഏറ്റവും നല്ലത്. കുളിക്കുന്നതിനു മുന്‍പായി അല്പം വെളിച്ചെണ്ണ കയ്യിലെടുത്തു വേദനയും വരള്‍ച്ചയുമുള്ള ഭാഗങ്ങളില്‍ മൃദുവായി തടവുക.

കറ്റാര്‍വാഴ

സ്തനങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് നല്ലൊരു പരിഹാരമാണ് കറ്റാര്‍വാഴയുടെ നീര്. പക്ഷേ അലര്‍ജിയുള്ളവര്‍ ഈ വഴി പരീക്ഷിക്കാതിരിക്കുന്നതാണ് നല്ലത്. കടയില്‍ വാങ്ങാന്‍ കിട്ടുന്ന കറ്റാര്‍വാഴ ജെല്ലിനേക്കാള്‍ നല്ലത് വീട്ടില്‍ തന്നെ തയ്യാറാക്കിയതാണ്. നീര് പുരട്ടിയതിനു ശേഷം തനിയെ ഉണങ്ങാന്‍ അനുവദിക്കുക. ഉണങ്ങിയതിനു ശേഷം ചെറുചൂടുവെള്ളത്തില്‍ മുക്കിയ തുണി കൊണ്ടു നന്നായി തുടച്ചുമാറ്റുക. മുലയൂട്ടുന്നതിനു തൊട്ടുമുന്‍പ് ഒരുകാരണവശാലും കറ്റാര്‍വാഴ പുരട്ടാന്‍ പെടില്ല. നീര് ഉള്ളിലെത്തുന്നത് ചിലപ്പോഴെങ്കിലും കുഞ്ഞിന് വയറിളക്കത്തിന് കാരണമാകാം.

വസ്ത്രം തിരഞ്ഞെടുക്കുമ്പോള്‍ സൂക്ഷിക്കുക

മുറിവുള്ളിടത്ത് വസ്ത്രങ്ങളും മറ്റും തട്ടുമ്പോള്‍ ഉണ്ടാകുന്ന വേദന അറിയാമല്ലോ.. ഒരുപക്ഷെ അതിനേക്കാള്‍ കൂടുതല്‍ വേദനയാകും സ്തനങ്ങളില്‍ അനുഭവപെടുക. അതുകൊണ്ടു തന്നെ മൃദുവും വായുസഞ്ചാരമുള്ളതുമായ വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക.

ചില ആളുകളില്‍ അമിതമായ പാല്‍ ഉല്പാദന നടക്കാറുണ്ട്. ഇതും നീര്‍ക്കെട്ടിനും വേദനയ്ക്കും കാരണമാണ്. മുലയൂട്ടുക തന്നെയാണ് ഇതിന് പരിഹാരം. മറ്റു പാര്ശ്വഫലങ്ങള്‍ ഒന്നുമില്ലാത്ത മുകളില്‍ പറഞ്ഞ വഴികള്‍ പരീക്ഷിച്ചിട്ടും വേദനയ്ക്ക് ശമനമില്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദേശം തേടുകയാണ് അഭികാമ്യം.

Post a Comment

Previous Post Next Post
Join Our Whats App Group