സ്‌നെയ്ക്ക് പാർക്കിൽ ഇനി പാമ്പുകളും മറ്റ് ജീവികളുമായി നേരിട്ടുള്ള ഇടപഴകൽ ഇല്ല. പകരം ബോധവൽക്കരണ വിഡിയോകളും വിവരണങ്ങളും നൽകും. കേന്ദ്ര സൂ അതോറിറ്റിയുടെ കർശന നിയന്ത്രണത്തെ തുടർന്നാണ് പറശ്ശിനിക്കടവ് സ്‌നെയ്ക്ക് പാർക്കിലെ പാമ്പുകളെ കയ്യിലെടുത്ത് കൊണ്ടുള്ള പ്രദർശനങ്ങൾ പൂർണമായും അവസാനിപ്പിച്ചത്.
1982ൽ പാപ്പിനിശ്ശേരി വിഷ ചികിത്സ കേന്ദ്രത്തിന്റെ ഭാഗമായിട്ടാണ് ഇവിടെ പാമ്പ് വളർത്തൽ കേന്ദ്രം ആരംഭിച്ചത്. പാമ്പുകളെ കയ്യിലെടുത്ത് പ്രദർശിപ്പിക്കാനും വിവരണങ്ങൾ നൽകുവാനുമായി നിർമിച്ച പ്രദർശന കേന്ദ്രത്തിൽ ഡെമോൺസ്ട്രേറ്റർമാരാണ് പാമ്പുകളെ കാഴ്ചക്കാർക്ക് പരിചയപ്പെടുത്തിയിരുന്നത്.
വനം വകുപ്പിന്റെ വന്യജീവി സംരക്ഷണ നിയമ പ്രകാരം ഒന്നാമത്തെ ഷെഡ്യൂളിൽ വരുന്ന പാമ്പുകളെ ഇത്തരത്തിൽ പ്രദർശിപ്പിക്കരുത് എന്ന് കർശന നിർദേശം വന്നുവെങ്കിലും ജനങ്ങൾക്ക് അറിവ് പകരുന്നതായതിനാൽ ഇവിടെ ഇത്തരത്തിലുള്ള പ്രദർശനം തുടരുകയായിരുന്നു.
എന്നാൽ തിരുവനന്തപുരം മൃഗശാലയിൽ രാജവെമ്പാലയുടെ കടിയേറ്റ് ജീവനക്കാർ മരിച്ചതിന് ശേഷം നിയമം കർശനമായി പാലിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇനി മുതൽ പ്രദർശകൻ കൂടിനുള്ളിൽ കയറി നടത്തുന്ന വിവരണങ്ങൾ ഒഴിവാക്കും. ഇതിന് പകരം കൂടിന് പുറത്ത് നിന്നുള്ള വിവരണവും സ്‌നെയ്ക്ക് പാർക്കിൽ തയാറാക്കിയ ആംഫി തിയറ്ററിൽ പാമ്പുകളെ കുറിച്ചുള്ള വിഡിയോ പ്രദർശനവും നടത്തും.
പാമ്പുകളെക്കുറിച്ച് പുതുതലമുറയ്ക്ക് അറിവ് പകരുന്നതിനായി പ്രത്യേക സിഡി തയാറാക്കി വിദ്യാലയങ്ങളിൽ പ്രദർശിപ്പിക്കാൻ ആലോചിക്കുന്നതായി സ്‌നെയ്ക്ക് പാർക്ക് ഡയറക്ടർ ഇ.കുഞ്ഞിരാമൻ പറഞ്ഞു. പാമ്പുകളെ പിടിക്കുന്നതിനും വന്യമൃഗങ്ങളെ പരിപാലിക്കുന്നതിനുമായുള്ള വൈൽഡ് ലൈഫ് സൂ കീപ്പർ കോഴ്സും ഇവിടെ ആരംഭിക്കാൻ ആലോചിക്കുന്നുണ്ട്.
Post a Comment