കണ്ണൂര്‍: മൃതദേഹ സംസ്കരണത്തിന് അമിത ഫീസ് ഈടാക്കാനുള്ള കണ്ണൂര്‍ കോര്‍പറേഷന്റെ തീരുമാനത്തെ തുടര്‍ന്ന് പയ്യാമ്പലം ശ്മശാനം വീണ്ടും വിവാദത്തിലേക്ക് നേരത്തെ ആര്‍ക്കും ഭാരമാകാത്ത തുക മാത്രമാണ് ഈടാക്കിവന്നിരുന്നത്. അതിനുപകരം ഡിസംബര്‍ ഒന്നുമുതലാണ് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കുക. ജില്ലയിലെ ഏറെ പഴക്കമുള്ളതും ശ്രദ്ധേയവുമായ ശ്മശാനമാണ് പയ്യാമ്പലം കടലോരത്തെ ശ്മശാനം. ജില്ലയില്‍ എവിടെ നിന്നു മൃതദേഹങ്ങള്‍ കൊണ്ടുവന്നാലും ഇവിടെ നാമമാത്രമായ നിരക്ക് ഈടാക്കിയാണ് സംസ്കാരം നടത്തിയിരുന്നത്. കുറച്ചുകാലം മുമ്പുവരെ മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്കരിക്കുന്ന രീതി നിലനിന്നിരുന്നു.
ഇപ്പോഴും ഈ സമ്ബ്രദായം ചിലയിടങ്ങളില്‍ തുടരുന്നുണ്ടെങ്കിലും മിക്ക പ്രദേശങ്ങളിലും വീട്ടുവളപ്പില്‍ മൃതദേഹം സംസ്കരിക്കുന്നത് കുറഞ്ഞുവരുന്നുണ്ട്. കുറഞ്ഞ സ്ഥലത്ത് വീടുവെക്കുന്നതും ജനവാസം വര്‍ധിച്ചുവരുന്നതുമാണ് സംസ്കാരം പൊതുശ്മശാനങ്ങളിലേക്ക് മാറ്റാന്‍ പ്രേരിപ്പിക്കുന്നത്. നിരവധി തദ്ദേശ സ്ഥാപനങ്ങള്‍ പൊതുശ്മശാനം നിര്‍മിച്ചിട്ടുണ്ട്. എന്നാല്‍, ഇവിടങ്ങളില്‍ എണ്ണത്തില്‍ കുറഞ്ഞ മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സൗകര്യം മാത്രമാണുള്ളത്. ഇതുകാരണം മൃതദേഹങ്ങള്‍ പയ്യാമ്പലം ശ്മശാനത്തിലേക്ക് എത്തിക്കുന്ന പതിവ് തുടരുന്നുണ്ട്. ഇതാണ് പുതിയ നിരക്ക് കോര്പറേഷന് പരിധിയിലുള്ളവരില്‍ നിന്ന് 1,500 രൂപയും കോര്പറേഷന് പുറത്തുള്ളവരില്‍നിന്ന് 3,000 രൂപയും ഈടാക്കാനാണ് കോര്പറേഷന് തീരുമാനം.
യഥാക്രമം ഇത് 2,000 രൂപയും 3,000 രൂപയും ഈടാക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍, ഭരണപക്ഷ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്നാണ് നിരക്ക് 1500 രൂപയാക്കി കുറച്ചത്. ചരിത്രം ഇങ്ങനെ നൂറ്റാണ്ടുകളായി തീയ സമുദായത്തിന്റെ കൈകളിലായിരുന്നു പയ്യാമ്പലം ശ്മശാനം. ശ്രീ ഭക്തി സംവര്‍ധിനി യോഗം പ്രസിഡന്റ് രക്ഷാധികാരിയായി രജിസ്റ്റര്‍ ചെയ്ത 'തീയ സമുദായ ശവസംസ്കാര സഹായ സംഘം' ശ്മശാനം നടത്തിപ്പുമായി മുന്നോട്ടുപോകുമ്പോഴാണ് പള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് ശ്മശാന ഭൂസ്വത്ത് ഏറ്റെടുത്തത്. ശ്മശാനം സൗജന്യമാക്കുമെന്നും ഘട്ടംഘട്ടമായി പയ്യാമ്പലം ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ സൗജന്യമായി സംസ്കരിക്കുമെന്നും സമുദായ നേതാക്കള്‍ക്ക് ഉറപ്പുനല്‍കിയിരുന്നതായും പറയപ്പെടുന്നു.
ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് കണ്ണൂര്‍ കോര്പറേഷന് പരിധിയില്ക്കൂടി സംസ്കാരം സൗജന്യമാക്കി പ്രഥമ കോര്പറേഷന് യോഗം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സംസ്കാരം നടത്തിവന്നത്. എന്നാല്‍, ഇതിനു വിരുദ്ധമായി സെപ്റ്റംബര്‍ 30 മുതല്‍ അഞ്ചുദിവസം 3,000 രൂപവീതം ഈടാക്കി പയ്യാമ്പലത്ത് പരമ്പരാഗത വിറക് ശ്മശാനത്തില്‍ സംസ്കാരം നടത്തിയിരുന്നു. എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയാണുണ്ടായത്. ഈടാക്കുന്നത് സംസ്കാരത്തിനുള്ള ചെലവ് മാത്രം -മേയര്‍ അഡ്വ. ടി.ഒ. മോഹനന് കണ്ണൂര്‍ കോര്പറേഷന് പരിധിയിലെ ബി.പി.എല്‍ കുടുംബങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്ക് പയ്യാമ്പലം ശ്മശാനത്തില്‍ സംസ്കാരം പൂര്‍ണമായി സൗജന്യമായിരിക്കും. വാതക ശ്മശാനത്തിന് അതിന്റെതായ ചെലവുണ്ട്. ആ ചെലവ് മാത്രമാണ് ഈടാക്കുന്നത്. ഈ നിരക്ക് വാങ്ങിയാലും മറ്റുള്ള സ്ഥലങ്ങളേക്കാള്‍ കുറഞ്ഞ നിരക്കായിരിക്കും ഇവിടെ ഈടാക്കുന്നത്. 3,500 രൂപയൊക്കെ വാങ്ങുന്ന സ്ഥലങ്ങളുമുണ്ട്.
പൂര്‍ണ സൗജന്യമൊന്നും എവിടെയുമില്ല. ശ്മശാനം മറിച്ചുനല്‍കാന്‍ കോര്പറേഷന് ശ്രമിക്കുന്നു (ടി.കെ. രാജേന്ദ്രന്, ചെയര്മാന്, തീയ സമുദായ കോഓഡിനേഷന്‍ കമ്മിറ്റി) സൗജന്യമായി സംസ്കാരം നടത്തുമെന്ന മുന്‍ തീരുമാനം അട്ടിമറിച്ച് പയ്യാമ്പലം ശ്മശാനം സ്വകാര്യ വ്യക്തിക്ക് മറിച്ചുനല്‍കാനാണ് കോര്പറേഷന് അധികൃതര്‍ ശ്രമിക്കുന്നത്. മേയറുടെ ഏകാധിപത്യ നീക്കമാണ് ഇതിനു പിന്നിലുള്ളത്. നിലവിലുള്ള സൗജന്യം തുടരുകയാണ് വേണ്ടത്. ഈ ആവശ്യം ഉന്നയിച്ച് പ്രത്യക്ഷ സമര പരിപാടികളുമായി മുന്നോട്ടുപോകും.
ബഹുജന ധര്‍ണ നാളെ കണ്ണൂര്‍ പയ്യാമ്പലം ശ്മശാനത്തില്‍ മൃതദേഹ സംസ്കരണത്തിന് അമിത ഫീസ് ഈടാക്കാനുള്ള തീരുമാനത്തില്‍ നിന്ന് കണ്ണൂര്‍ കോര്പറേഷന് അധികൃതര്‍ പിന്മാറണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രതിഷേധ സമരം നടത്തുമെന്ന് തീയ സമുദായ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. വ്യാഴാഴ്ച കോര്പറേഷന് ഓഫിസിന് മുന്നില്‍ ബഹുജന ധര്‍ണ സംഘടിപ്പിക്കും. രാവിലെ 10ന് നടക്കുന്ന ധര്‍ണ എസ്.എന്‍.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഉദ്ഘാടനം ചെയ്യും. വര്‍ധിപ്പിച്ച നിരക്ക് പിന്‍വലിച്ച് നിലവില്‍ നല്‍കിവരുന്ന സൗജന്യം തുടരുന്നതുവരെ പ്രതിഷേധം തുടരുമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ തീയ സമുദായ കോഓഡിനേഷന്‍ കമ്മിറ്റി ചെയര്മാന് ടി.കെ. രാജേന്ദ്രന്, പി.പി. ജയകുമാര്‍, എം.ടി. പ്രകാശന്, എം. സദാനന്ദന് എന്നിവര്‍ പങ്കെടുത്തു.
Post a Comment