ഹരിത കേരളം മീഷന്‍, കൃഷി വകുപ്പ്, വനം വന്യജീവി വകുപ്പ്, കശുവണ്ടി വികസന കോര്‍പറേഷന്‍ എന്നിവയുടെ സഹകരണത്തോടെ ചെറുതാഴം ഗ്രാമ പഞ്ചായത്ത് നടത്തുന്ന മാതൃകാ പദ്ധതിയാണ് അക്കേഷ്യാ ഫ്രീ പഞ്ചായത്ത്. ഗ്രാമപഞ്ചായത്തിലെ 820 ഏക്കര്‍ ഭൂമിയില്‍ പടര്‍ന്നു കിടക്കുന്ന അക്കേഷ്യ മരങ്ങള്‍ പാരിസ്ഥിതിക, ആരോഗ്യ മേഖലകള്‍ക്ക് വലിയ ദോഷം വരുത്തുന്നതിനെ തുടര്‍ന്നാണ് ജനകീയ പങ്കാളിത്തത്തോടെ അക്കേഷ്യ ഫ്രീ പഞ്ചായത്ത് പദ്ധതി നടപ്പാക്കുക. ചെറുതാഴം പഞ്ചായത്തിലെ 5,6,7, 12 വാര്‍ഡുകളിലാണ് ആ ഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.
ഇതിനായി വാര്‍ഡ് തലത്തില്‍ ബോധവല്കരണ പരിപാടികള്‍ ആരംഭിച്ചു.
തരിശുഭൂമിയില്‍ വനവല്‍ക്കരണം നടത്തുന്നതിനും ചതുപ്പുകള്‍ വറ്റിക്കുന്നതിനും വിറകിനുമൊക്കെയായാണ് കേരളത്തില്‍ വന്‍തോതില്‍ അക്കേഷ്യ നട്ടുപിടിപ്പിച്ചത്.
എന്നാല്‍ വനമേഖലകള്‍ക്കും ജീവിവര്‍ഗങ്ങള്‍ക്കും പുല്ലിനങ്ങള്‍ക്കും കടുത്ത ഭീഷണിയാണ് ഈ മരങ്ങള്‍. മണ്ണില്‍ നിന്നും വന്‍തോതില്‍ ജലാംശം വലിച്ചെടുക്കുന്നതായും പുഷ്പിക്കുന്ന സമയത്ത് വായുവില്‍ കലരുന്ന പൂമ്പൊടി പരിസരവാസികള്‍ക്ക് അലര്‍ജിയും ശ്വാസകോശരോഗങ്ങളും ഉണ്ടാക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഇവയുടെ വേരുകള്‍ക്ക് ആക്രമണ സ്വഭാവമാണ് ഉള്ളത്.
മറ്റ് സസ്യങ്ങളുടെ ഇടങ്ങളിലേക്ക് കടന്നുകയറുന്നതിനൊപ്പം നടപ്പാതകളെയും നിര്‍മ്മാണ അടിത്തറകളെയും എളുപ്പത്തില്‍ നശിപ്പിക്കുന്നു.
മണ്ണിലെ നൈട്രജനെ വലിയ തോതില്‍ വലിച്ചെടുക്കുന്നതിനാല്‍ നാടന്‍ സസ്യങ്ങള്‍ക്ക് അക്കേഷ്യ വളരുന്ന പ്രദേശത്ത് വളരാന്‍ കഴിയില്ല. ആവാസ വ്യവസ്ഥക്ക് വലിയ ഭീഷണിയാണ് ഈ മരങ്ങള്‍ സൃഷ്ടിക്കുന്നത്.
പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വാര്‍ഡ് അടിസ്ഥാനത്തില്‍ അക്കേഷ്യ പ്രദേശങ്ങള്‍ കണ്ടെത്തി അടയാളപ്പെടുത്തി അവ മുറിച്ച് മാറ്റുന്നതിനുള്ള ബോധവല്‍ക്കരണം നടത്തും. തുടര്‍ന്ന് മുറിച്ചു മാറ്റിയ ഭൂമിയില്‍ വിവിധ വൃക്ഷങ്ങളുടെ തൈകള്‍ നട്ടുപിടി പഠിക്കാനുള്ള ഭൂമിയുടെ ഉടമസ്ഥന് നല്‍കും.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രവൃത്തികള്‍ നടപ്പാക്കുക. അക്കേഷ്യക്കു പകരമായി മാവ്, പ്ലാവ്, കശുമാവ്, മുള, മറ്റ് ഫലവൃക്ഷ തൈകള്‍ തുടങ്ങിയവയാണ് വച്ചു പിടിപ്പിക്കുക.
പരിസ്ഥിതി സന്തുലനത്തിന് ഭീഷണിയാവുന്ന അക്കേഷ്യ മരങ്ങള്‍ക്കു പകരം നാട്ടു വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പദ്ധതിക്ക്് തുടക്കമിടുകയാണ് ചെറുതാഴം ഗ്രാമപഞ്ചായത്ത്. അക്കേഷ്യ ഫ്രീ പഞ്ചായത്ത് പദ്ധതി ഡിസംബര്‍ നാലിന് വൈകിട്ട് 3.30 ന് കുളപ്പുറത്ത് തദ്ദേശസ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.
Post a Comment