Join Our Whats App Group

ബന്ധുവിന്‍റെ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയ യുവാവിന് നേരെ വധശ്രമം

 കോഴിക്കോട്: ഭാര്യയുടെ സഹോദരന്റെ പ്രണയ വിവാഹത്തിന്(Love Marriage) പിന്തുണ നൽകിയതിന് യുവാവിന് നേരെ വധശ്രമം(Murder attempt). സി പി ഐ വെള്ളിമാടുകുന്ന് ബ്രാഞ്ച് അംഗവും(cpi brach member) കോഴിക്കോട്ടെ സാംസ്ക്കാരിക- ജീവകാരുണ്യ സംഘടനയായ റെഡ് യംഗ്സ് വെള്ളിമാടുകുന്നിന്റെ അഡ്വൈസറി ബോർഡ് അംഗവുമായ റിനീഷ് കയ്യാലത്തോടിക്കു നേരെയാണ് അക്രമമുണ്ടായത്.



ഇന്നലെ രാത്രി 8.45 ഓടെയാണ് സംഭവം. കോവൂരിലെ ടെക്സ്റ്റൈൽ സ്ഥാപനം അടച്ചു സ്കൂട്ടറിൽ വീട്ടിലേക്ക് വരുമ്പോൾ വീടിന് മുൻവശത്തുവെച്ചായിരുന്നു ആക്രമണം. റിനീഷ് അല്ലേ എന്ന് ചോദിച്ച ശേഷം പരിചയഭാവം നടിച്ച്, തലയിലുണ്ടായിരുന്ന ഹെൽമറ്റ് അഴിക്കാൻ പറഞ്ഞ ശേഷം കത്തി പിടിപ്പിച്ച ഇരുമ്പു ദണ്ഡുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. അക്രമം ചെറുക്കാൻ ശ്രമിച്ചപ്പോൾ കൈകൾക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റിനീഷ് രക്തത്തിൽ കുളിച്ച് നിലത്ത് വീണു.


വീട്ടിലുണ്ടായിരുന്ന സഹോദരി ഭർത്താവ് ജയപ്രകാശ് ഓടി വരുമ്പോഴേക്കും അക്രമികൾ ഓടി രക്ഷപെട്ടു. ഗുരുതരമായി റിനീഷ് കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയിൽ 21 തുന്നികെട്ടലുകൾ ഉണ്ട്. പാലോറ അനിരുദ്ധനും ഭാര്യ അജിതയും തന്ന കൊട്ടേഷൻ ആണെന്നു പറഞ്ഞായിരുന്നു അക്രമമെന്ന് റിനീഷ് പറയുന്നത്. ക്വട്ടേഷൻ നൽകിയെന്ന് അക്രമി സംഘം പറഞ്ഞ ദമ്പതികളുടെ മകളുമായി റിനീഷിന്റെ ഭാര്യ സഹോദരൻ സ്വരൂപ് പ്രണയത്തിലായിരുന്നു.


ഇവരിപ്പോൾ വിവാഹിതരായി വിദേശത്ത് താമസിച്ചുവരികയാണ്. ഈ പ്രണയ വിവാഹത്തിന് പിന്തുണ നൽകിയെന്നാരോപിച്ച് നിരവധി തവണ നേരത്തെയും റിനീഷിന് ഭീഷണി ഉണ്ടായിരുന്നു. കൊലപാതക ശ്രമത്തിൽ സിപിഐ ചേവായൂർ ലോക്കൽ കമ്മറ്റിയും സിപിഐ നോർത്ത് മണ്ഡലം കമ്മറ്റിയും പ്രതിഷേധിച്ചു. അക്രമികൾക്കും അതിനു പ്രേരിപ്പിച്ചവർക്കുമെതിരെ കൊലപാതക ശ്രമ കുറ്റം ചുമത്തണമെന്നും പ്രതികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്ന് സി പി ഐ കമ്മിറ്റികൾ സംയുക്ത പ്രസ്താവനയിൽ ചേവായൂർ പോലീസിനോട് ആവശ്യപ്പെട്ടു. നടപടി ഉണ്ടാവാത്ത പക്ഷം പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ടുപോകുമെന്ന് റെഡ് യംഗ്സ് വെള്ളിമാടുകുന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Post a Comment

Previous Post Next Post
Join Our Whats App Group