Join Our Whats App Group

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇന്നുതന്നെ നല്‍കും: എം വി ഗോവിന്ദന്‍



കണ്ണൂരില്‍ കനത്തമഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലിലും മലവെള്ളപാച്ചിലിലും മരിച്ചവരുടെ കുടുംബങ്ങള്‍ക്കുള്ള നഷ്ടപരിഹാരം ഇന്ന് തന്നെ വിതരണം ചെയ്യുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. കണ്ണൂരില്‍ ഉരുള്‍പ്പൊട്ടിയ പ്രദേശം സന്ദര്‍ശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


കനത്തമഴയെ തുടര്‍ന്ന് ജില്ലയില്‍ വന്‍ നാശനഷ്ടമാണ് ഉണ്ടായത്. 3 പേര്‍ ഉരുള്‍പൊട്ടലിലും മഴവെള്ള പാച്ചിലിലുമായി മരിച്ചു. നിരവധി വീടുകള്‍ തകര്‍ന്നു. വീട് നഷ്ടപ്പെട്ടവര്‍ക്ക് പുനരധിവാസത്തിനുള്ള പദ്ധതി തയ്യാറാക്കും. വലിയ ദുരന്തമാണ് ഉണ്ടായത്. ഗതാഗതം താറുമാറായെന്നും മന്ത്രി പറഞ്ഞു.

ചുരം റോഡ് രണ്ട് ദിവസം കൊണ്ട് ശരിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ദുരിതബാധിതരെ ചേര്‍ത്ത് നിര്‍ത്തുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം സംസ്ഥാനത്ത് മഴ ശക്തമാവുകയാണ്. നദികളില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.


പമ്പ, മണിമല, അച്ചന്‍കോവില്‍, കക്കാട് നദികളില്‍ ജലനിരപ്പുയരുകയാണ്. കോന്നി കല്ലേരി ഭാഗത്ത് അച്ചന്‍കോവിലാര്‍ കരകവിഞ്ഞു. റാന്നി അരയാഞ്ഞിലിമണ്‍ കോസ്വേ മുങ്ങി. ഉരുള്‍പൊട്ടല്‍ ഭീതിയുള്ള പത്തനംതിട്ട സീതത്തോട് മുണ്ടന്‍ പാറയില്‍ നിന്ന് നാല് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. 2018 ല്‍ ഉരുള്‍ പൊട്ടലുണ്ടായ സമയത്തെപ്പോലെ ഭൂമി വിണ്ടുകീറിയിരിക്കുകയാണ്. ചാലക്കുടിയിലും അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group