Join Our Whats App Group

ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത് 20 ലക്ഷം, തോൽക്കുമ്പോൾ സ്വർണം പണയം വെച്ച് വീണ്ടും കളിക്കും: ബിജിഷയുടെ മരണകാരണമിത്

 


കോഴിക്കോട്:

 കൊയിലാണ്ടി ചേലിയയിലെ ബിജിഷയെ മരണത്തിലേക്ക് നയിച്ചത് ഓണ്‍ലൈന്‍ റമ്മി കളി. ഇരുപത് ലക്ഷത്തോളം രൂപയാണ് ബിജിഷയ്ക്ക് റമ്മി കളിച്ച് നഷ്ടമായതെന്ന് ക്രൈംബ്രാഞ്ച് റിപ്പോർട്ട്. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്കായി ഒന്നേമുക്കാല്‍ കോടി രൂപയുടെ ഇടപാടുകളാണ് രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ബിജിഷ നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു.


2021 ഡിസംബര്‍ 12-നാണ് സ്വകാര്യ ടെലികോം കമ്പനിയുടെ സ്റ്റോറിലെ ജീവനക്കാരിയായ ബിജിഷയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ബിജിഷയുടെ പെട്ടന്നുണ്ടായ ആത്മഹത്യയുടെ കാരണം എന്താണെന്ന് ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ അറിയുമായിരുന്നില്ല. ആത്മഹത്യയിൽ കേസെടുത്ത് അന്വേഷണമാരംഭിച്ച പോലീസ്, ബിജിഷ 35 പവന്‍ സ്വര്‍ണം പണയംവെച്ചതായും ബാങ്ക് അക്കൗണ്ടുകളിലൂടെ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തിയതായും കണ്ടെത്തി.


എന്നാല്‍, ഇത് എന്തിന് വേണ്ടിയാണെന്നോ ആര്‍ക്ക് വേണ്ടിയാണെന്നോ വീട്ടുകാര്‍ക്ക് അറിവില്ലായിരുന്നു. ഇതോടെ, ബിജിഷയുടെ മരണത്തില്‍ ദുരൂഹത ഉന്നയിച്ച് കുടുംബം പരാതി നല്‍കി. ബിജിഷയുടെ ബാങ്ക് അക്കൗണ്ടുകളും മൊബൈൽ ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ, യുവതി ഓൺലൈൻ ഗെയിമുകൾക്ക് അഡിക്റ്റ് ആയിരുന്നുവെന്ന് പോലീസ് കണ്ടെത്തി. കോവിഡ് കാലത്താണ് ബിജിഷ ഓണ്‍ലൈന്‍ ഗെയിമുകളില്‍ സജീവമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ചെറിയ രീതിയിലുള്ള ഓണ്‍ലൈന്‍ ഗെയിമുകളിലാണ് ആദ്യം പണം മുടക്കി കളിച്ചത്. പിന്നീട് ഓണ്‍ലൈന്‍ റമ്മി പോലുള്ള ഗെയിമുകളിലേക്ക് കടന്നു.



 

യു.പി.ഐ ആപ്പ് വഴിയാണ് ഈ പണമിടപാടുകളെല്ലാം നടത്തിയിരുന്നത്. എന്നാല്‍, ഓണ്‍ലൈന്‍ റമ്മിയില്‍ തുടര്‍ച്ചയായി പണം നഷ്ടപ്പെട്ടതോടെ വീട്ടുകാര്‍ വിവാഹത്തിനായി കരുതിയിരുന്ന സ്വര്‍ണം അടക്കം യുവതി പണയംവെച്ചു. തോൽക്കുംതോറും കൂടുതൽ പണം ബിജിഷ ഇതിനായി ഉപയോഗിച്ചു. കൂടാതെ, ഓണ്‍ലൈന്‍ വായ്പ നല്‍കുന്ന കമ്പനികളില്‍ നിന്ന് വായ്പയും എടുത്തിരുന്നു. വായ്പയെടുത്ത് റമ്മി കളിച്ചിട്ടും മുടക്കിയ തുക തിരിച്ച് പിടിക്കാൻ യുവതിക്കായില്ല. ഇതിന്റെ തിരിച്ചടവ് മുടങ്ങിയതോടെ വായ്പ നല്‍കിയവര്‍ ബിജിഷയുടെ സുഹൃത്തുക്കള്‍ക്കടക്കം സന്ദേശങ്ങള്‍ അയച്ചിരുന്നു. ബിജിഷയെ മോശമായി ചിത്രീകരിച്ചാണ് വായ്പ നല്‍കിയവര്‍ സുഹൃത്തുക്കൾക്ക് സന്ദേശങ്ങൾ അയച്ചത്. ഇതെല്ലാമാണ് യുവതിയുടെ ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

Post a Comment

Previous Post Next Post
Join Our Whats App Group