Join Our Whats App Group

54 ചൈനീസ് ആപ്പുകൾ നിരോധിച്ച് കേന്ദ്രസർക്കാർ

 


ന്യൂഡൽഹി:രാജ്യസുരക്ഷയ്ക്കു ഭീഷണിയായ 54 ചൈനീസ് ആപ്പുകൾ നിരോധിക്കാൻ ഉത്തരവ് പുറത്തിറക്കി കേന്ദ്രസർക്കാർ. സ്വീറ്റ് സെൽഫി എച്ച്‌ഡി, ബ്യൂട്ടി ക്യാമറ- സെൽഫി ക്യാമറ, വിവാ വിഡിയോ എഡിറ്റർ, ടെൻസെന്റ് എക്‌സ്‌റിവർ, ഓൺമിയോജി അരീന, ആപ്‌ലോക്ക്, ഡ്യുവൽ സ്‌പേസ് ലൈറ്റ് തുടങ്ങിയവയാണ് നിരോധിച്ചത്.


ചൈനയിലെ വമ്പൻ ടെക്ക് കമ്പനികളായ ടെൻസെന്റ്, ആലിബാബ ഉൾപ്പെടെയുള്ളവരുടെ ആപ്പുകൾക്കാണ് നിരോധനം. ഗെയിമിങ് കമ്പനിയായ നെറ്റ്ഈസിന്റെ ആപ്പും നിരോധിച്ചു. 2020 മുതൽ ഇന്ത്യയിൽ നിരോധനമുള്ള ചൈനീസ് ആപ്പുകളുടെ പുതിയ വേർഷനുകളാണ് ഇപ്പോൾ നിരോധിച്ചവയിൽ ഏറെയും.


“ആപ്പുകൾ ഇന്ത്യക്കാരുടെ സ്വകാര്യവിവരങ്ങൾ ചൈന ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിലെ സെർവറുകളിലേക്ക് കൈമാറുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് നിരോധനമെന്ന് ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഉത്തരവിൽ വ്യക്തമാക്കി. ഈ ആപ്പുകൾ തടയാൻ ഗൂഗിൾ പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള മുൻനിര ആപ് സ്റ്റോറുകളോടു മന്ത്രാലയം നിർദേശിച്ചു. ഇന്ത്യയിൽ പ്ലേ സ്റ്റോറിൽ 54 ആപ്പുകളും ഇതിനകം ബ്ലോക്ക് ചെയ്തിട്ടുണ്ട്.


2020 ജൂൺ മൂതൽ, വിവിധഘട്ടങ്ങളിലായി 224 ചൈനീസ് ആപ്പുകൾ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. ടിക്ടോക്, ഷെയർഇറ്റ്, വീചാറ്റ്, ഹലോ, യുസി ന്യൂസ് തുടങ്ങിയ ജനപ്രിയ ചൈനീസ് ആപ്പുകൾ ഉൾപ്പെടെ 59 എണ്ണമാണ് ആദ്യഘട്ടത്തിൽ നിരോധിച്ചത്. പിന്നീട് 2020 നവംബറിൽ 43 ആപ്പുകളും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 118 ചൈനീസ് ആപ്പുകളും നിരോധിച്ചു.


2020 മേയ് മുതൽ കിഴക്കൻ ലഡാക്ക് അതിർത്തിയിൽ ചൈനയുമായി നിലനിൽക്കുന്ന സംഘർഷത്തിനു പിന്നാലെയാണ് ചൈനീസ് ആപ്പുകൾക്ക് ഇന്ത്യ വിലക്കേർപ്പെടുത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group