Join Our Whats App Group

കോവാക്‌സിന്‍ സ്വീകരിച്ച കുട്ടികള്‍ക്ക് വേദനസംഹാരികള്‍ നല്‍കേണ്ടെന്ന് ഭാരത് ബയോടെക്

 കോവാക്‌സിന്‍ സ്വീകരിച്ച ശേഷം പാരസെറ്റമോളോ അല്ലെങ്കില്‍ മറ്റ് വേദനസംഹാരികളോ നല്‍കേണ്ടെന്ന് വാക്‌സിന്‍ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക്. ചില പ്രതിരോധ കുത്തിവയ്പ്പ് കേന്ദ്രങ്ങള്‍ കുട്ടികള്‍ക്കായി കോവാക്‌സിനോടൊപ്പം മൂന്ന് പാരസെറ്റമോള്‍ 500 മില്ലിഗ്രാം ഗുളികകള്‍ കഴിക്കാന്‍ നിര്‍ദ്ദേശം നല്‍കുന്നതായി ശ്രദ്ധയിപ്പെട്ടതോടെ ആണ് വിശദീകരണവുമായി കമ്പനി തന്നെ രംഗത്തെത്തിയത്.


ഏകദേശം 30,000 ത്തോളം വ്യക്തികളില്‍ നടത്തിയ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍, 10 മുതല്‍ 20 ശതമാനം പേരില്‍ മാത്രമാണ് പാര്‍ശ്വഫലങ്ങള്‍ കണ്ടെത്തിയത്. അതില്‍ ഭൂരിഭാഗവും വളരെ നേരിയ തോതിലുള്ളത് മാത്രമായിരുന്നു എന്നും മരുന്ന് കഴിക്കേണ്ട ആവശ്യമില്ലെന്നും കമ്പനി പറഞ്ഞു. ഡോക്ടറുടെ നിര്‍ദ്ദേശത്തില്‍ മാത്രം മരുന്നുകള്‍ കഴിക്കേണ്ടതുള്ളു എന്നും ഭാരത് ബയോടെക് വ്യക്തമാക്കി. മറ്റ് ചില കോവിഡ് വാക്‌സിനുകള്‍ക്കൊപ്പം പാരസെറ്റമോള്‍ ശിപാര്‍ശ ചെയ്യുന്നുണ്ട്. എന്നാല്‍ കോവാക്‌സിന് ഇത് നിര്‍ദ്ദേശിച്ചിട്ടില്ല.


രാജ്യത്തെ 15 മുതല്‍ 18 വരെ പ്രായമുള്ളവരുടെ വാക്സിന്‍ വിതരണം കഴിഞ്ഞ ദിവസമാണ് ആരംഭിച്ചത്. കൗമാരക്കാര്‍ക്ക് കോവക്‌സിനാണ് നല്‍കുന്നത്. അതേസമയം, ബുധനാഴ്ച ഉച്ചവരെ 15-18 വയസ്സിനിടയിലുള്ള ഒരു കോടിയിലധികം കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ ആദ്യ ഡോസ് നല്‍കിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group