Join Our Whats App Group

ഉറക്കത്തിൽ ദേഹത്തൂടെ എന്തോ ഇഴയുന്നപോലെ തോന്നി കണ്ണു തുറക്കുമ്പോൾ..

 

അവൾ തനിയെ

(രചന: Seena Joby)


മാഡം.. ഞാൻ..ഞാൻ… എനിക്ക്.. അവൾ അഡ്വക്കേറ്റ് സീതാലക്ഷ്മിയുടെ മുന്നിൽ ഇരുന്ന് തപ്പിത്തടഞ്ഞു.


തന്റെ കണ്ണട ഒന്ന് കൂടി ഇളക്കി വെച്ചുകൊണ്ട് അവർ അവളെ സൂക്ഷ്മമായി ഒന്ന് വീക്ഷിച്ചു.

ഏകദേശം 18നും 20 നും ഇടയിൽ പ്രായം വരുന്ന നല്ല സുന്ദരിക്കുട്ടി.


ആരെയും ആകർഷിക്കും വിധമുള്ള ആ കണ്ണുകളിലാണ് വക്കീലിന്റെ ശ്രദ്ധ ആദ്യം പോയത്.


ടെൻഷൻ കൊണ്ടു ആ കണ്ണിമകൾ പിടച്ചുകൊണ്ടിരുന്നു. കൈകളുടെയും കണ്ണുകളുടെയും ചലനം അവളുടെ മാനസിക സംഘർഷം വിളിച്ചോതുന്നുണ്ടായിരുന്നു.


“എന്താ മോളെ.. എന്താ മോളുടെ പേര്. എന്തിനാ ഇത്രയും ടെൻഷൻ. ആദ്യം ഒന്ന് റിലാക്സ് ആവു.. ”


സീതാലക്ഷ്മി ഇത് പറഞ്ഞതും ഒരു നിമിഷം അവൾ അവരുടെ കണ്ണുകളിൽ തന്നെ നോക്കി ഇരുന്നു.


ആ കണ്ണുകൾ പതിയെ നിറഞ്ഞു വരുന്നത് കണ്ടപ്പോൾ കാര്യം അത്ര നിസാരമല്ലെന്ന് അവർക്കു മനസിലായി.


ഞാൻ റിയ. റിയ മരിയ സാമുവൽ. എനിക്ക്.. മാഡം എനിക്ക്… എനിക്ക് ഒരു അനാഥ ആവണം മാഡം. എനിക്ക് ആരും വേണ്ട.


എനിക്ക് ഉള്ള എല്ലാ ബന്ധങ്ങളും വലിച്ചെറിഞ്ഞു എനിക്ക് ഒരു അനാഥ ആവണം. അതിന് നിയമപരമായി എനിക്ക് എന്ത് ചെയ്യാൻ പറ്റും എന്നറിയാൻ ആണ് ഞാൻ മാഡത്തെ കാണാൻ വന്നത്. ”


ഇത്രയും പറഞ്ഞു തീർത്തു അവളൊരു നിമിഷം നിശബ്ദയായി. അല്പസമയം ആ ഓഫീസ് മുറിയിൽ കനത്ത നിശബ്‌ദത പടർന്നു.


കേട്ട വാക്കുകൾ അവർ ഒരു വക്കീൽ ആയി എൻറോൾ ചെയ്ത് ഇന്ന് ഇരുപത് വർഷം പിന്നിടുമ്പോൾ ആദ്യം ആണ്. അഡ്വക്കേറ്റ് സീതാലക്ഷ്മിയുടെ ലൈഫിൽ തന്നെ ആദ്യം. അവർ ഒരു നിമിഷം അവളെ നോക്കിയിരുന്നു. പിന്നെ പതിയെ ചോദിച്ചു.


” വീട്ടിൽ ആരൊക്കെ ഉണ്ട്. ” അവൾ സീതാലക്ഷ്മിയെ ഒന്ന് നോക്കി, അവളുടെ മനോഹരമായ ആ ചുണ്ടിന്റെ കോണിൽ ഒരു പുച്ഛ ചിരി തെളിഞ്ഞു. എനിക്ക് എല്ലാരും ഉണ്ട് മാഡം.


ബിസിനസ് മാത്രമാണ് ജീവിതം എന്ന് വിശ്വസിച്ചു നടക്കുന്ന സാമുവൽ ജോൺ എന്ന ഡാഡി. വീടും ഒരു സ്കൂൾ ആണെന്ന് സ്വയം വിചാരിച്ചു നടക്കുന്ന ടീച്ചർ കൂടിയായ മമ്മ ആൻസി സാമുവൽ.


ഇവരുടെ ഏകമകൾ റിയ മരിയ സാമുവൽ എന്ന ഞാൻ. പിന്നെ ഒരു സെർവെൻറ് അനിത എന്ന എന്റെ അനിയമ്മ.


പിന്നെ ഡ്രൈവർ സുകുമാരൻ. ഇതാണ് എന്റെ വീട്ടിൽ ഉള്ള ആളുകൾ.


ഈ ജീവിതം എനിക്ക് മടുത്തു. എന്നെ സംരക്ഷിക്കാനും എന്നെ കേൾക്കാനും ആരുമില്ലാത്ത ആ വീട്ടിൽ എനിക്ക് ഇനി ജീവിക്കാൻ താല്പര്യമില്ല മാഡം.


അത് കൊണ്ടാണ് ഞാൻ ഇവിടെ വന്നത്. എന്നെ സഹായിക്കാൻ മാഡത്തിന് പറ്റുമോ. ”


ഒരു നിമിഷം സീതാലക്ഷ്മി ആലോചിച്ചു നോക്കിയപ്പോൾ അവർക്ക് തോന്നിയത് എന്തൊക്കെയോ സങ്കടം ഉള്ളിൽ തിളയ്ക്കുന്ന, സ്നേഹം കിട്ടാൻ കൊതിക്കുന്ന ഒരു പെൺകുട്ടി.


ഒരു പക്ഷെ ഇവളെ കേൾക്കാനും നല്ല രീതിയിൽ പറഞ്ഞു മനസിലാക്കാനും സാധിച്ചാൽ ഇവളുടെ ജീവിതം തന്നെ മാറിയേക്കാം.


ഇനി താൻ കൈവിട്ടാൽ നാളെ ഒരുപക്ഷെ ഈ കൊച്ചു ജീവിതം ഇല്ലാതായേക്കാം. മനസ്സിൽ പെട്ടന്ന് തെളിഞ്ഞത് അവരുടെ ആത്മമിത്രമായ സൈക്യാട്രിസ്റ്റ് ഡോക്ടർ നിരുപമയുടെ മുഖമാണ്. അതാണ് ഇതിനുള്ള പരിഹാരം എന്നവരുടെ മനസ് മന്ത്രിച്ചു.


റിയ ഒരു മിനിറ്റ് പുറത്തു വെയിറ്റ് ചെയ്യാമോ.


ഓക്കേ മാഡം.. അവൾ മെല്ലെ പുറത്തേക്കു നടന്നു. സീതാലക്ഷ്മി ഫോൺ എടുത്ത് അപ്പോള്‍ തന്നെ നിരുപമയെ വിളിച്ചു. അവൾക്ക് മൊത്തത്തിൽ ഒരു വിവരണം നൽകി. റിയയെ അവളുടെ അടുത്ത് എത്തിക്കാൻ തീരുമാനമായി.


തന്റെ ലെറ്റർപാഡിൽ നിരുപമയുടെ അഡ്രസ്സും ഫോൺ നമ്പറും എഴുതി അവർ പുറത്തേയ്ക്ക് നടന്നു. അവിടെ എങ്ങോട്ടോ മിഴികൾ പായിച്ചു അലസയായി അവളുണ്ടായിരുന്നു.


റിയ ഇത് എന്റെ ഫ്രണ്ട് ഡോക്ടർ നിരുപമയുടെ അഡ്രസ് ആണ്. ഇവിടെ നിന്ന് ഒരു പത്തുമിനിറ്റ് യാത്രയെ ഉള്ളു. ഇപ്പൊ തന്നെ ഒരു ഓട്ടോ വിളിച്ചു പൊക്കൊളു. ഈ അഡ്രസ് കാണിച്ചു കൊടുത്താൽ മതി. കയ്യിൽ ക്യാഷ് ഉണ്ടല്ലോ അല്ലേ.


അവൾ സീതാലക്ഷ്മിയെ സംശയത്തോടെ ഒന്ന് നോക്കി പിന്നെ ആ പേപ്പറിലേക്കും.


“മാം, ഞാൻ എന്തിനാ ഇവരെ കാണുന്നത്”


നിന്റെ എല്ലാ സംശയത്തിനും ഉള്ള മറുപടി അവിടെ കിട്ടും. മോളിപ്പോൾ അങ്ങോട്ട്‌ ചെല്ല്.. ഞാൻ എല്ലാം സംസാരിച്ചിട്ടുണ്ട്.


ഞാൻ പറഞ്ഞു വിട്ടതാണെന്ന് പറഞ്ഞാൽ മാത്രം മതി. ആദ്യം വന്ന ഓട്ടോറിക്ഷക്ക്‌ തന്നെ അവൾ കയറിപോകുന്നത് അവർ നോക്കിനിന്നു.


നിരുപമ നിറഞ്ഞ ചിരിയോടെ അവളെ നോക്കി. ഇരിക്ക് റിയാ.. മോൾക്ക് കുടിക്കാൻ എന്തെങ്കിലും വേണോ.

വേണ്ട ഡോക്ടർ. എനിക്ക് മനസിലായില്ല എന്തിനാണ് എന്നെ ഇങ്ങോട്ട് പറഞ്ഞു വിട്ടതെന്ന്.


മോൾക്ക് മനസ് തുറന്നു സംസാരിക്കാൻ ഉള്ള ഒരു അവസരം ഒരുക്കിയതാണ് ഞങ്ങൾ. എന്ത് വിഷമം ഉള്ളിൽ ഉണ്ടേലും എന്നോട് ധൈര്യമായി പറയാം. മോള് അമ്മയോട് പറയുന്നത് പോലെ തന്നെ.


അതിനു ഞാൻ മമ്മയോടോ ഡാഡിയോടോ അവരെന്നോടോ അങ്ങനെ സംസാരിക്കാറില്ല മാഡം. ആകെ എന്നോട് സംസാരിക്കാൻ സമയം ഉള്ളത് എന്റെ അനിയമ്മക്ക് മാത്രമാണ്.


എനിക്ക് ആരും വേണ്ട ഡോക്ടർ. എനിക്ക് പണവും പ്രതാപവും ഒന്നും വേണ്ട.. ധൈര്യമായി കിടന്നുറങ്ങാൻ പറ്റിയാൽ മതി. എന്നോട് ആരെങ്കിലും ഒന്ന് സംസാരിച്ചാൽ മതി..


ഇത്രയും പറഞ്ഞു തീരുമ്പോളേക്കും അവൾ പൊട്ടിക്കരഞ്ഞുപോയി. ഉള്ളിലുള്ള സങ്കടം കരഞ്ഞു തന്നെ തീരട്ടെ എന്നോർത്തു ഞാൻ കാത്തിരുന്നു .


കുറച്ചു സമയം കടന്നുപോയി. ഞാൻ പതിയെ അവളുടെ അടുത്തുചെന്ന് മെല്ലെ ആ മുടിയിഴകളിൽ വിരലോടിച്ചു. എന്നെ വട്ടം പിടിച്ചു അവൾ ഏങ്ങിക്കരഞ്ഞുകൊണ്ടിരുന്നു..


മതി മോളെ കരഞ്ഞത്. ഇനി പറയ്‌. എന്താണ് നിന്റെ ഉള്ളിൽ ഇത്രയും സങ്കടമുണ്ടാക്കുന്നത്.


എന്തായാലും പറയൂ. നമുക്ക് പരിഹരിക്കാൻ പറ്റുന്നത് ആണെങ്കിൽ പരിഹരിക്കാല്ലോ. ഇല്ലെങ്കിൽ ഉള്ളിലുള്ള വിഷമം ആരോടെങ്കിലും പറഞ്ഞാൽ കുറച്ചു സമാധാനമെങ്കിലും കിട്ടും.


അവൾ ഒരു ദീർഘനിശ്വാസം എടുത്തു നേരെയിരുന്നു. ഞങ്ങൾക്കിടയിലെ മൗനത്തെ ഭേദിച്ചുകൊണ്ട് അവൾ മെല്ലെ പറഞ്ഞു തുടങ്ങി, ഈ കുഞ്ഞുജീവിതത്തിൽ അവളനുഭവിച്ച ഒറ്റപ്പെടലിന്റെ, പീ ഡനത്തിന്റെ, ഉറക്കമില്ലാത്ത രാത്രികളുടെ കഥ.


നിശബ്‌ദയായി ഞാൻ കേട്ടിരുന്നു നല്ലൊരു കേൾവിക്കാരിയായ്, നെഞ്ചുവിങ്ങുന്ന ഒരമ്മയായ്… പക്വത വന്ന സ്ത്രീയായിട്ടും ചിലതെല്ലാം എന്നിൽ പോലും ആഴത്തിൽ മുറിവേൽപ്പിച്ചു.


എന്റെ എട്ടു വയസുവരെ ഞാൻ സുരക്ഷിതമായി സന്തോഷമായി തന്നെ ആണ് വളർന്നത്. എന്റെ വല്യമ്മച്ചിയുടെ ഒപ്പം അങ്ങ് തറവാട്ടിൽ.


വല്യമ്മച്ചിയുടെ മരണം എനിക്ക് വലിയൊരു ഷോക്കായിരുന്നു. അതോടുകൂടി ഡാഡി എന്നെ എന്റെ വീട്ടിലേക്ക് കൊണ്ടുവന്നു.


പറന്നു നടന്ന പക്ഷിയെ കൂട്ടിലടച്ച പോലെ ഞാൻ ആ വലിയ വീട്ടില് ഒറ്റക്കായി. അടുത്തുള്ള കുട്ടികളോട് സംസാരിക്കാൻ പാടില്ല, അവരുടെ കൂടെ കളിക്കനോ സ്കൂളിൽ പോകാനോ ഒന്നും പാടില്ല.


അവരൊക്കെ തെണ്ടിപ്പിള്ളേരാണെന്നായിരുന്നു വിദ്യാസമ്പന്നയായ എന്റെ മമ്മയുടെ കണ്ടുപിടുത്തം. വൈകുന്നേരങ്ങളിൽ അവരുടെ കളിചിരികൾ കൊതിയോടെ ഞാൻ നോക്കി നിൽക്കാറുണ്ടായിരുന്നു .


ആ വലിയ വീട്ടിൽ എനിക്കായി ഒരു മുറി ഉണ്ടായിരുന്നു.. എന്റെ ഏറ്റവും വലിയ പേടിസ്വപ്നവും ആ മുറിതന്നെ ആയിരുന്നു.


അത്രയും കാലം വല്യമ്മച്ചിയുടെ വാത്സല്യചൂടേറ്റ് കഥ കേട്ടുറങ്ങിയ ഞാൻ ഇപ്പൊ പെട്ടന്ന് വലിയ കുട്ടിയായത് എനിക്ക് മാത്രം അംഗീകരിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല.


പതിയെ എന്റെ ശരീരത്തിൽ പ്രായത്തിനനുസരിച്ചുള്ള മാറ്റം വന്നു തുടങ്ങി. ആദ്യമായി എന്റെ വളർച്ച പരിശോധിക്കാൻ എന്നിൽ ഇഴഞ്ഞ കൈകൾ..


എന്റെ.. എന്റെ അമ്മാവന്റേതായിരുന്നു. ഈ സ്നേഹം നല്ലതല്ലെന്ന് മനസ് പറഞ്ഞപ്പോൾ ആദ്യം മമ്മയുടെ അടുത്തേക്ക് ആണ് ഓടിയെത്തിയത്.


എന്നാൽ എന്നെ കേൾക്കാൻ, എന്റെ കുഞ്ഞു മനസിന്റെ സങ്കടം കേൾക്കാൻ, ചുണ്ടിലെ വിതുമ്പൽ കാണാൻ അവിടെ നേരമില്ലായിരുന്നു. ഡാഡിയെ ഞാൻ വീട്ടിൽ കാണാറുമില്ല.


എപ്പോളോ വരുന്നു എപ്പോളോ പോകുന്നു. അമ്മാവന്റെ സ്നേഹം പലപ്രാവശ്യം വേദനിപ്പിച്ചപ്പോൾ ഞാൻ എന്റെ റൂമിൽ തന്നെ ഇരിക്കാൻ തുടങ്ങി. അതും ആരും അറിഞ്ഞില്ല.


പിന്നീട് ഡാഡിയുടെ ഫ്രണ്ടിന്റെ അതിരറ്റ വാത്സല്യക്കരങ്ങളും ട്യൂഷൻ സാറിന്റെ കൈകളും എന്നിൽ പലവട്ടം പതിഞ്ഞിട്ടും എനിക്ക് ആരെയും എതിർക്കാനോ ആരോടെങ്കിലും പറയാനോ കഴിഞ്ഞില്ല.


കാരണം എന്നെ കേൾക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു.


പന്ത്രണ്ടു വയസ്സിനുള്ളിൽ ഞാൻ അനുഭവിച്ച പീ ഡനമാണിത് മാഡം. ആളുകൾ പറയുന്നത് പോലെ ഞാൻ മോശമായി വസ്ത്രം ധരിച്ചോ രാത്രി പുറത്തു കറങ്ങിനടന്നോ ഒന്നും സംഭവിച്ചതല്ല ഇതൊന്നും.


എനിക്ക് ഏറ്റവും സുരക്ഷിതമെന്ന് എല്ലാരും കരുതുന്ന എന്റെ സ്വന്തം വീട്ടിൽ വെച്ചാണ് ഞാൻ ഈ പീഡനമൊക്കെ അനുഭവിച്ചത്.


ഈ അനുഭവങ്ങൾ എന്നെ മാനസികമായി കീഴടക്കി വരുന്ന സമയത്താണ്‌ എന്റെ അനിയമ്മ വീട്ടിൽ ജോലിക്ക് വരുന്നത്. അതിന് ശേഷം ഞാൻ പതിയെപ്പതിയെ ആ പഴയ റിയ ആയി മാറാൻ തുടങ്ങി.


എന്നെ കേൾക്കാൻ, എന്റെ സംശയം കേട്ട് മറുപടി തരാൻ, കൂടെ കളിക്കാൻ, സ്നേഹിക്കാൻ ഒക്കെ ഒരമ്മയെപോലെ കൂടെ നിന്നു. ഞാൻ അനുഭവിച്ച മുറിവുകൾ ഒക്കെ മറന്നു തുടങ്ങി.


ഞാൻ ഋതുമതിയായത് പോലും അനിയമ്മ പറഞ്ഞാണ് എന്റെ സ്വന്തം മമ്മ അറിഞ്ഞത്.


എന്റെ പതിനെട്ടാമത്തെ പിറന്നാൾ ആയിരുന്നു കഴിഞ്ഞ ആഴ്ച. വലിയ ആഘോഷമായിരുന്നു വീട്ടിൽ. ആരൊക്കെയോ വരുന്നു, ഗിഫ്റ്റ് തരുന്നു, വിഷസ് പറയുന്നു, ഫുഡ്‌ കഴിക്കുന്നു, മ ദ്യ പിക്കുന്നു പോകുന്നു…


ഇതങ്ങനെ നീണ്ടു പോയ്. കുറച്ചു കഴിഞ്ഞു എനിക്ക് മടുത്തപ്പോൾ ഞാൻ റൂമിലേക്കു പോയി. ഷീണം കാരണം ഒന്ന് മയങ്ങിപോയി.


ഉറക്കത്തിൽ ദേഹത്തൂടെ എന്തോ ഇഴയുന്നപോലെ തോന്നി കണ്ണു തുറക്കുമ്പോൾ ബെഡിൽ ആർത്തിപിടിച്ച ചെ ന്നായയെ പോലെ ഡാഡിയുടെ ഫ്രണ്ട് ഉണ്ടായിരുന്നു. ഞാൻ ചാടി എഴുന്നേറ്റു അയാളെ തള്ളിമാറ്റി.


മ ദ്യ ല ഹരിയിൽ ആയിരുന്ന അയാൾ പുറകിലേക്ക് മറിഞ്ഞുവീണു. ആ വീഴ്ചയിൽ മുറിയുടെ കോണിലിരുന്ന ഫ്ലവർസ്റ്റാൻഡിൽ ഇടിച്ചു തല പൊട്ടി ര ക്തം വാർന്നൊഴുകി.


ര ക്തം കണ്ടു ഭയന്നുവിറച്ച ഞാൻ അലറിക്കരഞ്ഞു. ബഹളം കേട്ടോടി വന്നവർ ര ക്ത ത്തിൽ കുളിച്ചു കിടക്കുന്ന ഡാഡിയുടെ ഫ്രണ്ടിനെയാണ് കണ്ടത്.


ഞങ്ങളെ മാറി മാറി നോക്കി പകച്ചു നിൽക്കുന്ന ആളുകളുടെ മുൻപിൽ വെച്ചു എന്താ കാര്യം എന്ന് പോലും ചോദിക്കാതെ ആദ്യം എന്നെ അ ടിച്ചത് മമ്മയായിരുന്നു, പുറകെ ഒരെണ്ണം ഡാഡിയും.


എല്ലാരുംകൂടി അയാളെ താങ്ങിപ്പിടിച്ചു കൊണ്ടുപോകുമ്പോൾ അവിടെ കൂടിയവരുടെ നോട്ടം ശരിക്കും ഞാൻ ആണ് തെറ്റുകാരി എന്ന രീതിയിലായിരുന്നു.


ആ സംഭവത്തിനു ശേഷം കുറ്റപ്പെടുത്തലുകൾ അല്ലാതെ ഒരാശ്വാസവാക്ക് പോലും എനിക്ക് ലഭിച്ചില്ല. ഞാനിവരുടെ മകളല്ലേ എന്നുപോലും ചിന്തിച്ചു തുടങ്ങി.


സ്വന്തം വീട്ടിൽ, സ്വന്തം മാതാപിതാക്കളുടെ അടുത്ത് പോലും സുരക്ഷിതയല്ലാത്ത ഞാൻ എന്താ മാഡം പറയണ്ടേ.


എന്റെ ജീവിതത്തിൽ ഞാൻ അനുഭവിച്ച ചൂഷണം അതത്രയും സ്വന്തം വീട്ടിൽ വെച്ചു തന്നെയായിരുന്നു.


ഒരിക്കലെങ്കിലും എനിക്ക് വേണ്ടി സമയം ചിലവഴിക്കാത്ത, എനിക്ക് എന്താ പറ്റിയെ, എന്താ പറയാൻ ഉള്ളത് എന്ന് കേൾക്കാൻ തയ്യാറാകാത്ത ബന്ധങ്ങള്‍ എനിക്ക് ബന്ധനമാണ്.


അത്രയും ആളുകളുടെ മുൻപിൽ വെച്ചു എന്നെ തല്ലുന്നതിനു പകരം എന്താ സംഭവിച്ചത് എന്ന് ചോദിച്ചിരുന്നെങ്കിൽ, എന്നെ ഒന്ന് ചേർത്ത് പിടിച്ചിരുന്നെങ്കിൽ ഇന്ന് ഞാനിവിടെ നിൽക്കേണ്ടി വരില്ലായിരുന്നു.


“എനിക്ക് വേണ്ട ഇങ്ങനെഒരു സ്വന്തവും ബന്ധവും.. എനിക്ക് അനാഥയായാൽ മതി.”


മനസ്സിൽ കെട്ടിക്കിടന്ന സങ്കടം പുറത്തേക്ക് ഒഴുക്കിയ ആശ്വാസത്തിൽ അവൾ നിശബ്‍ദയായ്..


എന്ത് പറയണം.. എങ്ങനെ ആശ്വസിപ്പിക്കണം എന്നറിയാതെ ഞാനും.


പതിയെ അവളിൽ നിന്നുമാറി ഞാൻ എന്റെ സീറ്റിൽ ഇരുന്നു. ഒരു ദീർഘനിശ്വാസം എടുത്തിട്ട് മെല്ലെ പറഞ്ഞു തുടങ്ങി.


മോളെ ചിരിക്കുന്ന ഓരോ മുഖത്തിന്‌ പിന്നിലും ചിലപ്പോൾ നാമറിയാത്ത മറ്റൊരു മുഖം ഉണ്ടാവും മിക്കവര്‍ക്കും.. ഞാൻ മോളോടൊരു കഥ പറയാം. അത് കേട്ടിട്ട് നീ തീരുമാനിക്ക് എന്താ വേണ്ടതെന്ന്.


കുറച്ചധികം വർഷം പുറകിലാണ് ഈ കഥ നടന്നത്. പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു സാധാരണ നാട്ടിൻപുറത്തെ പെൺകുട്ടി, അവൾക്ക് അമ്മ മാത്രമേ ഉള്ളു.


കൂലിപ്പണിയെടുത്താണ് ആ അമ്മ അവളെ നോക്കിയത്. ഒരിക്കൽ അമ്മ ജോലികഴിഞ്ഞു വരുമ്പോൾ കാണുന്നത് പൊന്നുപോലെ വളർത്തുന്ന മകളെ കീഴടക്കാൻ ശ്രമിക്കുന്ന ആ നാട്ടിലെ ഒരു പ്രമാണിയുടെ മകനെ ആയിരുന്നു.


ആ അമ്മക്ക് ഒന്നും ചിന്തിക്കാനുണ്ടായിരുന്നില്ല. കൈയിൽ ഉണ്ടായിരുന്ന കൊയ്ത്തരിവാൾ കൊണ്ടവന്റെ തല കൊ യ്യുമ്പോൾ തന്റെ കുഞ്ഞിന്റെ മാനം സംരക്ഷിക്കണം എന്നേ ഉണ്ടായിരുന്നുള്ളു.


ആ അമ്മ ജീവപര്യന്തം ശിക്ഷക്ക് വിധിക്കപ്പെട്ടപ്പോൾ ഈ ലോകത്തു ഒറ്റപ്പെട്ടുപൊയ അവളെ ചേർത്തു പിടിച്ചു സംരക്ഷിച്ചത് ക ന്യാ സ്ത്രികൾ നടത്തുന്ന ഒരു അനാഥാലയമാണ്.


അവിടെ നിന്ന് അവൾ പഠിച്ചു. അവളുടെ മനസ്സിൽ ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നൊള്ളൂ. തന്റെ അമ്മയ്ക്ക് കിട്ടാതെപോയ നീതി, പണമില്ലാത്തതിന്റെ പേരിൽ ഇനി ഒരാൾക്ക്കൂടി നിഷേധിക്കപ്പെടരുത്.


തനിക്ക് നിരാലംബരായ സ്ത്രീകൾക്ക് വേണ്ടി നിലകൊള്ളുന്ന ഒരു അഡ്വക്കേറ്റ് ആകണം.


ആ ലക്ഷ്യത്തിനു വേണ്ടി അവളെക്കൊണ്ട് പറ്റുന്ന മാന്യമായ എല്ലാ ജോലിയും ചെയ്തു കഷ്ടപ്പെട്ട് തന്നെ പഠിച്ചു വക്കീലായി.


ഇന്ന് തന്റെ അടുത്ത് വരുന്ന നിരാലംബരായ സ്ത്രീകളെ തന്നാൽ കഴിയുന്ന വിധം സഹായിച്ചു പീ ഡ നത്തിന് ഇരയാവുന്ന പെൺകുട്ടികളെ പുനരധിവസിപ്പിച്ചു തലയുയർത്തി ഈ സമൂഹത്തിൽ ജീവിക്കുന്നു. ആ ആളെ മോളറിയും….


“അഡ്വക്കേറ്റ് സീതാലക്ഷ്മി”. എന്റെ ഉറ്റ സുഹൃത്ത്. അവള്‍, റിയയുടെ കണ്ണിൽ കണ്ട വിഷാദമാണ് ഇന്ന് ഇങ്ങോട്ട് കുട്ടിയെ വിടാൻ കാരണം.


ഇനി ഞാൻ പറഞ്ഞു വന്നത്, ഈ ലോകത്തു എല്ലാവർക്കും കിട്ടാൻ ബുദ്ധിമുട്ടുള്ള പണം നിന്റടുത്ത് ആവശ്യത്തിനുണ്ട്. പിന്നെ താമസിക്കാൻ ഒരു വീടുണ്ട്. അവിടെ നീ നീയായ് നിലകൊള്ളണം.


പെണ്ണിന് ഒരു പ്രത്യേകതയുണ്ട്. തന്റെ വിരൽത്തുമ്പിലെങ്കിലും മോശമായി ആരെങ്കിലും സ്പർശിച്ചാൽ അവൾക്ക് അത് തിരിച്ചറിയാൻ സാധിക്കും.


മോശമായി നിന്നെ സമീപിക്കുന്നവനോട് നോ എന്ന് അവന്റെ മുഖത്തിന്‌ നേരെ വിരൽ ചൂണ്ടി, കണ്ണുകളിലേക്കു നോക്കി ഉറച്ചു പറയാൻ നിനക്ക് സാധിക്കണം.


അതിനി ആരോടാണെങ്കിലും. തലയുയർത്തി മടിച്ചുനില്‍ക്കാതെ കാര്യങ്ങള്‍ വ്യക്തമായും സ്പഷ്ടമായും പറയുക. പെണ്ണിനെ ആക്രമിക്കാൻ ശ്രമിച്ചാൽ അവൾ തന്നെ പ്രതികരിക്കണം.


പേടിച്ചു മാറിനിന്നാൽ ഒത്തിരി കൈകൾ നിന്നിലേക്ക് നീളും. നന്നായി പഠിച്ചു നല്ല ഒരു ജോലി വാങ്ങി ഈ സമൂഹത്തിൽ കഷ്ടപ്പെടുന്ന ഒത്തിരി ആളുകൾക്ക് ഒരു തണലാവാൻ മോൾക്ക് കഴിയും.


ഇനി മോള് ചിന്തിക്കു. ഞാൻ നാളെ തന്നെ ഡാഡിയെയും മമ്മിയെയും ഒന്ന് കണ്ടു സംസാരിക്കാം.


പെട്ടന്ന് അവൾ തലയുയർത്തി എന്നെ നോക്കി.. എന്നിട്ട് നിഷേധാത്മകമായി തലയാട്ടി. എന്താ..? ഞാൻ അവരോട് സംസാരിക്കണ്ടന്നാണോ.


അതേ. അതുവേണ്ട മാഡം. കാരണം കുഞ്ഞുങ്ങൾക്ക് അറിവ് പകർന്നു നൽകുന്ന ഒരു അധ്യാപികക്ക് സ്വന്തം മകളെ മനസിലാക്കാൻ ഒരു കൗൺസിലിംഗ് വേണോ.


അതവർ ഒരുപക്ഷെ അംഗീകരിച്ചു എന്നുവരില്ല. ഇന്നുവരെ എന്നെ ചേർത്ത് പിടിക്കാത്ത കൈകൾ അന്യമായി തന്നെ നിൽക്കട്ടെ. മാഡം പറഞ്ഞത് പോലെ ഇന്ന് മുതൽ ഞാൻ തന്നെ എന്നെ സംരക്ഷിക്കും.


ഒരിക്കൽ ഞാൻ ഇവിടെ തിരിച്ചുവരും നല്ല ഒരു പൊസിഷനിൽ എത്തിയ ശേഷം. സീതാമാഡത്തെ പോലെ മറ്റുള്ളവർക് നന്മ ചെയ്യാൻ, ആരുമില്ലാത്തവർക് ഒരു അത്താണിയാവാൻ, നിങ്ങളോടൊപ്പം കൂടാൻ.


ഇതുവരെ ആരും എന്നോട് ഇത്രയും നന്നായി സംസാരിച്ചിട്ടില്ല. ഇങ്ങനെ ഒന്നും പറഞ്ഞുതന്നിട്ടില്ല. ഇപ്പോളെനിക്ക് ഒരു ലക്ഷ്യം മുൻപിലുണ്ട്.


അത് ഞാൻ നേടിയെടുക്കും. ഇനിമുതൽ ഞാൻ ഞാനായി ജീവിക്കും. നന്ദിയുണ്ട് എന്നെ കേട്ടതിന്, ജീവിതം തന്നെ വഴി തിരിച്ചു തന്നതിന്.


എന്നോട് നന്ദിപറഞ്ഞു അവൾ തല ഉയർത്തിപ്പിടിച്ച് ആത്മവിശ്വാസത്തോടെ നടന്ന് നീങ്ങുമ്പോൾ അവളുടെ അമ്മയുടെ നമ്പർ ഞാൻ എന്റെ ഫോണിൽ ഡയൽ ചെയ്യുകയായിരുന്നു…

3 Comments

Post a Comment

Previous Post Next Post
Join Our Whats App Group