Join Our Whats App Group

‘മുസ്ലിം ലീഗ് വര്‍ഗ്ഗീയ സംഘടന’: റിയാസിനേയും വീണയേയും അപമാനിച്ച ലീഗ് നേതാവിനെതിരെ ജസ്ല മാടശ്ശേരി

 


കോഴിക്കോട്: 

പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെയും ഭാര്യ വീണ വിജയനെയും പരസ്യമായി അപമാനിച്ച മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാന്‍ കല്ലായിയെ വിമർശിച്ച് ആക്ടിവിസ്റ്റ് ജസ്ല മാടശ്ശേരി. റിയാസിന്റേത് വിവാഹമല്ലെന്നും വ്യഭിചാരമാണെന്നുമായിരുന്നു ഇയാൾ വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെ കോഴിക്കോട് കടപ്പുറത്ത് മുസ്ലീം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിക്കിടെ പറഞ്ഞത്. ഇതിനെതിരെ സോഷ്യൽ മീഡിയയിൽ രോഷം പുകയുന്നു. പരസ്പരം സ്നേഹവും പ്രണയും ഉള്ള രണ്ട് മനുഷ്യര്‍ തമ്മിലാണ് ഒന്നിക്കേണ്ടതെന്നും മതങ്ങള്‍ തമ്മിലല്ലെന്നും ജസ്ല വ്യക്തമാക്കുന്നു.


‘രണ്ട് മനുഷ്യര്‍ വിവാഹം കഴിച്ച് സന്തോഷത്തോടെ ജീവിക്കുന്നു. പരസ്പരം സ്നേഹവും പ്രണയും ഉള്ള രണ്ട് മനുഷ്യര്‍ തമ്മിലാണ് ഒന്നിക്കേണ്ടത്. അല്ലാതെ മതങ്ങള്‍ തമ്മിലല്ല. രണ്ട് മതത്തില്‍ പെട്ടവര്‍ ഒരുമിച്ച് വിവാഹം കഴിക്കുന്നതിന് ഇന്ത്യന്‍ ഭരണഘടന അനുവാദം നല്‍കുന്നു. എന്നിട്ടും കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് നേതാവ് വലിയ വേദികെട്ടി ആളുകളെ വിളിച്ച് കൂട്ടി വിളിച്ച് കൂവി. അവര്‍ വ്യഭിചാരികളാണെന്ന്. മതേതര സംഘടനയാണ് ഞങ്ങളെന്ന് ലീഗിനിയും പറയും. അത് കേള്‍ക്കുന്ന ഞങ്ങള്‍ നിങ്ങളെ തിരിച്ച് മതവര്‍ഗ്ഗീയ സംഘടനയെന്ന് ആണയിട്ട് മനസ്സില്‍ പതിപ്പിക്കും. എന്നാണ് നിങ്ങളുടെ ഒക്കെ തലച്ചോറ് മതത്തിനപ്പുറം മനുഷ്യബന്ധങ്ങള്‍ക്ക് മൂല്ല്യം കൊടുത്ത് തുടങ്ങുക? നമ്മള്‍ ഇന്നും ആറാം നൂറ്റാണ്ടിലല്ലെന്ന് എന്നാണ് നിങ്ങള്‍ തിരിച്ചറിയുക. പ്രിയപ്പെട്ട റിയാസ് വീണ. നിങ്ങള്‍ ഈ ചിരിയോടെ തന്നെ മുന്നോട്ട് പോകുക.തലയില്‍ വെളിച്ചമുള്ളൊരു വിഭാഗം നിങ്ങളുടെ പുഞ്ചിരിയില്‍ സന്തോഷിക്കുന്നവരുണ്ട്’, ജസ്ല തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.


‘മുന്‍ ഡിവൈഎഫ്ഐ പ്രസിഡന്റ് തന്റെ നാട്ടിലെ പുതിയാപ്ലയാണ്, ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം’ എന്നായിരുന്നു അബ്ദുറഹിമാന്‍ കല്ലായിയുടെ വിവാദ പരാമര്‍ശം. സ്വവര്‍ഗരതി നിയമ വിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റുകാര്‍. സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് അവരെന്നും അദ്ദേഹം ആരോപിച്ചു.

Post a Comment

Previous Post Next Post