എൻട്രി ലെവൽ ഫോൺ എന്നാൽ ചെറിയ ഫോൺ ആകണമെന്നില്ല. ഏറ്റവും വലിയ സ്ക്രീനുള്ള ഫോണും എൻട്രി ലെവൽ വിലയിൽ എത്താം. അതാണ് നോക്കിയ ചെയ്തിരിക്കുന്നത്. സി30 എന്ന മോഡലിലൂടെ. ഫോണിന്റെ സ്ക്രീൻ 6.82 ഇഞ്ച് വലുപ്പമുളളതാണ്. ഫോണിൽ സിനിമ കാണുന്നവർക്ക് ഈ ബിഗ് സ്ക്രീൻ ഏറെ പ്രയോജനപ്പെടും. ബാറ്ററിയും ഭീമനാണ്. 6000 എംഎഎച്ച്. 3 ദിവസം ആരെയും പേടിക്കേണ്ട.
3ജിബി 32 ജിബി വേരിയന്റിലും 4 ജിബി 64ജിബി വേരിയന്റിലും കിട്ടും. 10,990 രൂപയാണ് 3ജിബി മോഡലിന്റെ പരമാവധി വില. 4 ജിബി മോഡലിന് 2500 കൂടുതൽ. ഓൺലൈൻ- ഓഫ്‌ലൈൻ മാർക്കറ്റിൽ വലിയ ഓഫറുകളുണ്ട്. അത് ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു.
13എംപി+ 2 എംപി മെയിൻ ക്യാമറയും 5 എംപി സെൽഫി ക്യാമറയുമാണുള്ളത്. മോശമല്ലാത്ത പ്രകടനമാണ് രണ്ടും നൽകുന്നത്. പകൽ വെളിച്ചത്തിലെ ചിത്രങ്ങൾക്കു നല്ല മികവുണ്ട്. ബ്യൂട്ടിഫിക്കേഷൻ ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്.
ആൻഡ്രോയിഡ് 11 സോഫ്റ്റ്‌വെയറിലാണു പ്രവർത്തനം. ശുദ്ധമായ ആൻഡ്രോയിഡാണ് നോക്കിയയുടെ പ്രത്യേകത. പല ഹാൻഡ്സെറ്റ് ബ്രാൻഡുകളും ആൻഡ്രോയിഡ് അടിസ്ഥാനമാക്കി സ്വന്തമായി ഓപ്പറേറ്റിങ് സോഫ്റ്റ്‌വെയർ ഉണ്ടാക്കുന്നതാണ് ഇപ്പോൾ കാണാറുള്ളത്. സ്വന്തമായി ഐഡന്റിറ്റി ഉണ്ടാക്കാനാണ് അവർ അതു ചെയ്യുന്നതെങ്കിലും നമുക്ക് ആവശ്യമില്ലാത്ത പരസ്യങ്ങളും മറ്റും സ്ഥാനത്തും അസ്ഥാനത്തും വരുന്നത് നമ്മൾ സഹിക്കേണ്ടിവരും. നോക്കിയ ഫോണുകളിൽ ഈ പ്രശ്നമില്ല. ഗൂഗിളിന്റെ ഓപ്പറേറ്റിങ് സിസ്റ്റം അതേപടി ഉപയോഗിക്കുകയാണിവിടെ. സ്റ്റാൻഡേഡ് പരിപാടി. സെക്യൂരിറ്റി അപേഡേറ്റ്സും റെഡി. 1.6 ജിഗാഹെട്സ് ഒക്ടാ കോർ പ്രോസസർ ലാഗ് ഇല്ലാത്ത പ്രകടനം ഉറപ്പാക്കുന്നു.
ശക്തമായ പോളി കാർബണേറ്റ് ഷെൽ ആണു ഫോണിന്റേത്. നിർഭയം കൈകാര്യം ചെയ്യാം. ബാക്ക് കവർ മാറ്റാവുന്നതാണ്. സിം കാർഡുകളും മൈക്രോഎസ്ഡിയും അങ്ങനെയാണ് ഇടാനാകുക. മൈക്രോ എസ്ഡി വഴി 256 ജിബി വരെയാക്കാം സ്റ്റോറേജ്. ഓഡിയോ സ്ട്രീമിങ് പ്രേമികളെ തൃപ്തിപ്പെടുത്താൻ സ്പോട്ടിഫൈ ആപ് പ്രീ-ഇൻസ്റ്റാൾഡ് ആണ്. ഫെയ്സ്ബുക്, നെറ്റ്ഫ്ലിക്സ് തുടങ്ങിയ ചില ആപ്പുകളും ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട്.
nokia-c30
237 ഗ്രാമാണു ഭാരം. കനമുള്ള വക്കുകളാണു ഫോണിന്. തീരെ മെലിഞ്ഞ സൗന്ദര്യമല്ല. പവർ ബട്ടനും വോളിയം ബട്ടനും വലതുവശത്താണ്. ഇടതുവശം ഫ്രീ. മുകളിൽ ഓഡിയോ ജാക്കും നൽകിയിട്ടുണ്ട്. ബാറ്ററി ചാർജിങ് 10 വാട്ട് ചാർജർ വഴിയാണ്. ഫാസ്റ്റ് ചാർജിങ് അല്ല. മൈക്രോ യുഎസ്ബിയാണ്. ഒരു വലിയ സ്ക്രീനുള്ള, കരുത്തുറ്റ ബോഡിയുള്ള, വലിയ ബാറ്ററിയുള്ള എൻട്രി-ലെവൽ 4ജി ഫോൺ വേണമെങ്കിൽ നോക്കിയയുടെ ഈ മോഡൽ തീർച്ചയായും പരിഗണിക്കാം
Post a Comment