മനസ്സിലെഴുതിയ വാക്കുകള്‍ പകര്‍ത്തി എഴുതുന്നതില്‍ വിജയിച്ച് ശാസ്ത്രലോകം. 2007ല്‍ നട്ടെല്ലിനേറ്റ ക്ഷതത്തെ തുടര്‍ന്ന് കഴുത്തിന് താഴേക്ക് തളര്‍ന്നു കിടക്കുന്നയാള്‍ ഭാവനയില്‍ എഴുതിയ വാക്കുകള്‍ 94 ശതമാനം കൃത്യതയിലാണ് നിര്‍മിത ബുദ്ധിയുടെ സഹായത്തില്‍ കംപ്യൂട്ടര്‍ വാക്കുകളാക്കിയത്. ബ്രയിന്‍ഗേറ്റ് (ചെറിയ ചിപ്പ്) എന്ന് വിളിക്കുന്ന ഉപകരണം മസ്തിഷ്‌കത്തില്‍ ഘടിപ്പിച്ച് എഴുതുമ്പോള്‍ ഉണ്ടാവുന്ന സിരകളിലെ പ്രവര്‍ത്തനങ്ങളെ തിരിച്ചറിഞ്ഞാണ് ഗവേഷകര്‍ ഈ അദ്ഭുതം സാധ്യമാക്കിയത്.
പേരു വെളിപ്പെടുത്താത്ത 65കാരന്‍ ഭാവനയിലെഴുതിയ വാക്കുകളെയാണ് അത്യന്തം കൃത്യതയോടെ ഗവേഷകര്‍ രേഖപ്പെടുത്തിയത്. താന്‍ എഴുതുകയാണെന്ന് കരുതി ഓരോ അക്ഷരങ്ങളേയും ഭാവനയില്‍ കാണുകയാണ് അദ്ദേഹം ചെയ്തത്. മസ്തിഷ്‌കത്തിന്റെ ഓരോ ചലനങ്ങളേയും പ്രത്യേകം നിര്‍മിച്ച ഉപകരണങ്ങള്‍ വഴി രേഖപ്പെടുത്തി. പ്രത്യേകം നിര്‍മിച്ച അല്‍ഗരിതം ഉപയോഗിച്ച് ഈ ചലനങ്ങളെ അക്ഷരങ്ങളായും വാക്കുകളായും മാറ്റുകയായിരുന്നു.
ഇതിനായി അദ്ദേഹത്തിന്റെ ഓര്‍മയിലെ അക്ഷരങ്ങളെയും അവ ഓര്‍ക്കുമ്പോഴുള്ള മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനത്തേയും നേരത്തെ തന്നെ രേഖപ്പെടുത്തി വെച്ചിരുന്നു. പുതിയ സംവിധാനം വഴി കൃത്യതയോടെ അക്ഷരങ്ങളെ ചിന്തകളില്‍ നിന്നും യാന്ത്രികസഹായത്തില്‍ പുനഃസൃഷ്ടിക്കാനായെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ ഗവേഷകന്‍ ഫ്രാങ്ക് വില്ലെറ്റ് പറയുന്നു.
മനുഷ്യന്റെ തലച്ചോറിന്റേയും കംപ്യൂട്ടറിന്റേയും പ്രവര്‍ത്തനങ്ങളെ കൂട്ടിയിണക്കുന്ന ബിസിഐ ഉപകരണങ്ങളുടെ വിഭാഗത്തിലാണ് ബ്രയിന്‍ഗേറ്റും പെടുന്നത്. മസ്തിഷ്‌കത്തിന്റെ പ്രവര്‍ത്തനങ്ങളെ കംപ്യൂട്ടറുമായി യോജിപ്പിച്ച് വാക്കുകളാക്കി മാറ്റാനുള്ള ശ്രമങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുൻപ് തന്നെ ഗവേഷകര്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇത്തരം സംവിധാനങ്ങളില്‍ വ്യക്തികളുടെ ഇടപെടലുകളും ഉണ്ടായിരുന്നു. നോട്ടം കൊണ്ടോ ഇമയനക്കം കൊണ്ടോ അക്ഷരങ്ങള്‍ തിരിച്ചറിയുകയും അതുവഴി സംവേദനം സാധ്യമാക്കുകയുമായിരുന്നു രീതി. ഇതിനു പകരം ചിന്തയിലെ അക്ഷരങ്ങളേ നേരിട്ട് കംപ്യൂട്ടര്‍ സഹായത്തില്‍ യാഥാര്‍ഥ്യമാക്കുന്നത് ആദ്യമായാണ്.
പരീക്ഷണങ്ങള്‍ക്കിടെ പ്രതി മിനിറ്റില്‍ 90 അക്ഷരങ്ങള്‍ വരെ മനസ്സില്‍ ഓര്‍ത്ത് കംപ്യൂട്ടറില്‍ എഴുതാന്‍ സാധിച്ചിരുന്നു. ഇത് ഏകദേശം മിനിറ്റില്‍ 18 വാക്കുകള്‍ വരും. ഈ ഓര്‍ത്തെടുക്കല്‍ ഉള്ളടക്കം 94 ശതമാനം കൃത്യതയിലായിരുന്നു കംപ്യൂട്ടര്‍ പകര്‍ത്തിയെഴുതിയത്. സ്വയം തെറ്റു തിരുത്താനുള്ള സംവിധാനം കൂടി ഉപയോഗിച്ചപ്പോള്‍ കൃത്യതാ നിരക്ക് 99 ശതമാനം വരെയാവുകയും ചെയ്തു. സാധാരണ സ്മാര്‍ട് ഫോണില്‍ ഒരാളുടെ ടൈപ്പിങ് വേഗം മിനിറ്റില്‍ 115 അക്ഷരങ്ങളോ 23 വാക്കുകളോ ആണെന്നു കൂടി അറിയുമ്പോഴാണ് ഈ നേട്ടത്തിന്റെ വലുപ്പം തിരിച്ചറിയാനാവുക.
ഇത്തരമൊരു സാങ്കേതികവിദ്യ ആദ്യമായാണ് അവതരിപ്പിക്കുന്നത് എന്നതാണ് ഇപ്പോള്‍ ഗവേഷകര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. ഒരാളില്‍ മാത്രമാണ് ഇത് പരീക്ഷിച്ചിട്ടുള്ളത്. കൂടുതല്‍ പേരിലേക്ക് കൂടി ഇതു പരീക്ഷിച്ചു നോക്കിയാല്‍ മാത്രമേ വേണ്ട തിരുത്തലുകളും കാര്യക്ഷമതയും കൂടുതല്‍ വ്യക്തമാവുകയുള്ളൂ. അതുകൊണ്ടുതന്നെ അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരിലേക്ക് ഈ ഭാവനയെ വാക്കുകളാക്കുന്ന സംവിധാനം വ്യാപിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗവേഷകര്‍. ശരീരം തളര്‍ന്നു കിടക്കുന്നവരുടേയും ബ്രയിന്‍ കംപ്യൂട്ടര്‍ ഇന്റര്‍ഫേസുകളുടേയും(BCI) ഭാവി ശോഭനമാണെന്നാണ് നേച്ചുര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനം അവകാശപ്പെടുന്നത്.
Good
ReplyDeletePost a Comment