യൂണിവേഴ്സിറ്റി ഗ്രാന്റ് കമ്മീഷൻ നൽകുന്ന നാല് സ്കോളർഷിപ്പുകളുടെ രജിസ്ട്രേഷൻ നവംബർ 30 ന് അവസാനിക്കും. യുജിസി ഇഷാൻ ഉദയ് സ്പെഷൽ സ്കീം ഫോർ നോർത്ത് ഈസ്റ്റ് റീജിയൻ, ഒറ്റപ്പെൺകുട്ടികൾക്കുള്ള ഇന്ദിരാഗാന്ധി സ്കോളർഷിപ്പ്, പിജി സ്കോളർഷിപ്പ് ഫോർ യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ്, പിജി എസ് സി എസ് റ്റി സ്കോളർഷിപ്പ് സ്കീം എന്നിവയുടെ രജിസ്ട്രേഷനാണ് നവംബർ 30 ന് അവസാനിക്കുന്നത്. യോഗ്യരായ വിദ്യാർത്ഥികൾക്ക് നാഷണൽ സ്കോളർഷിപ്പ് പോർട്ടൽ വഴി നേരിട്ട് അപേക്ഷിക്കാം.
യുജിസി ഇഷാൻ ഉദയ് സ്കോളർഷിപ്പ്
ഇന്ത്യയിലെ നോർത്ത് ഈസ്റ്റ് മേഖലയിലെ വിദ്യാർത്ഥികൾക്കായി പ്രത്യേകം ഏർപ്പെടുത്തിയിട്ടുള്ള സ്കോളർഷിപ്പാണ് ഇഷാൻ ഉദയ്. നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കോളർഷിപ്പിന്റെ വിശദവിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് തുല്യ അവസരങ്ങൾ നൽകാനും പ്രൊഫഷണൽ വിദ്യാഭ്യാസത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും എൻറോൾമെന്റ് അനുപാതം വർദ്ധിപ്പിക്കാനും വേണ്ടിയാണ് ഇഷാൻ ഉദയ് സ്കോളർഷിപ്പ് നൽകുന്നത്. ബിരുദ വിദ്യാർത്ഥികൾക്ക് പ്രതിമാസം 5400 രൂപയും ടെക്നിക്കൽ, മെഡിക്കൽ, പ്രൊഫഷണൽ, പാരാമെഡ്ക്കൽ കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 7800 രൂപയുമാണ് സ്കോളർഷിപ്പ് തുക ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 30 ആണ്.
യുജിസി ഒറ്റപ്പെൺകുട്ടികൾക്കുള്ള ഇന്ദിരാഗാന്ധി സ്കോളർഷിപ്പ്
ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന ഒറ്റപ്പെൺകുട്ടികളായിട്ടുള്ള വിദ്യാർത്ഥികൾക്ക് വേണ്ടി യുജിസി ഏർപ്പെടുത്തിയ സ്കോളർഷിപ്പാണിത്. പ്രതിവർഷം 36200 രൂപയാണ് സ്കോളർഷിപ്പ് തുക. പിജി കോഴ്സിന്റെ കാലാവധിയായ രണ്ട് വർഷത്തേക്കാണ് ഈ തുക ലഭിക്കുന്നത്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
യുജിസി യൂണിവേഴ്സിറ്റി റാങ്ക് ഹോൾഡേഴ്സ് സ്കോളർഷിപ്പ്
ബിരുദ തലത്തിൽ മികച്ച മാർക്ക് നേടിയ റാങ്ക് ജേതാക്കളായ, ബിരുദാനന്തരബിരുദത്തിന് പഠിച്ചു കൊണ്ടിരിക്കുന്ന വിദ്യാർത്ഥികൾക്കുള്ളതാണ് ഈ സ്കോളർഷിപ്പ്. പ്രൊഫഷണൽ കോഴ്സുകളോ വിദൂരവിദ്യാഭ്യാസ കോഴ്സുകളോ ഈ സ്കീമിന് കീഴിൽ വരുന്നതല്ല. ഏതെങ്കിലും അംഗീകൃത സർവ്വകലാശാല, ഡീംഡ് യൂണിവേഴ്സിറ്റി, പ്രൈവറ്റ് യൂണിവേഴ്സിറ്റി, ഓട്ടോണമസ് കോളേജ്, പോസ്റ്റ് ഗ്രാജ്വേറ്റ് കോളേജ് എന്നിവിടങ്ങിൽ ബിരുദാനന്തരബിരുദത്തിന് പഠിക്കുന്ന. ബിരുദ തലത്തിൽ ഒന്നും രണ്ടും റാങ്കുകൾ നേടിയ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 3000 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. പ്രതിമാസം 3100 രൂപയാണ് സ്കോളർഷിപ്പ് തുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 30.
യു.ജി.സി എസ്.സി, എസ്.ടി സ്കോളർഷിപ്പ്
പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന എസ് സി, എസ് റ്റി, വിഭാഗങ്ങളിൽപ്പെട്ട വിദ്യാർത്ഥികൾക്കായി ആരംഭിച്ച സ്കോളർഷിപ്പാണിത്. എം.എ, എം.എസ്.സി, എം.കോം, എം.എസ്.ഡബ്ള്യൂ, മാസ് കമ്മ്യൂണിക്കേഷൻ, ജേണലിസം കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹതയില്ല. എം.ഇ, എം.ടെക് കോഴ്സുകൾ പഠിക്കുന്നവർക്ക് മാസം 7800 രൂപയും മറ്റ് കോഴ്സുകൾക്ക് 4500 രൂപയും ലഭിക്കും. 1000 പേർക്കാണ് സ്കോളർഷിപ്പ് ലഭിക്കുക. അവസാന തീയതി നവംബർ 30.
അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Post a Comment