"ബി.1.1.529'- ഒമിക്രോൺ. ഈ പേരാണ് ഭീതിയുടെ അടിസ്ഥാനം. ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ പുതിയ കൊവിഡ് 19 വകഭേദം. ആഗോള ആരോഗ്യവ്യവസ്ഥയെ തകിടം മറിക്കുമോ ഒമിക്രോൺ എന്നാണു പരിഭ്രാന്തി.
ഒഴിവാക്കപ്പെട്ട "ഷി'യും ഒമിക്രോണും
പുതിയ വകഭേദങ്ങൾക്ക് ഗ്രീക്ക് അക്ഷരമാല ഉപയോഗിച്ചാണ് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) പേരിടുന്നത്. ഇതു പ്രകാരം "നു'എന്നായിരുന്നു പേരിടേണ്ടത്. എന്നാൽ, ന്യൂ അഥവാ പുതിയത് എന്ന വാക്കുമായി ആശയക്കുഴപ്പമുണ്ടാകുമെന്നതിനാൽ അടുത്ത അക്ഷരമായ ഷി എന്നതിലേക്കു നീങ്ങി. എന്നാൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ പേരുമായി കൂട്ടിവായിക്കപ്പെടും (കൊവിഡിന്റെ തുടക്കം ചൈനയിൽ നിന്നാണല്ലോ) എന്നതിനാൽ ഷി കഴിഞ്ഞുള്ള അക്ഷരമായ ഒമിക്രോണിലേക്ക് എത്തുകയായിരുന്നു ഡബ്ല്യുഎച്ച്ഒ.
അതിവേഗം പടരും
ദക്ഷിണാഫ്രിക്കൻ ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ പ്രകാരം "ബി.1.1.529' എന്ന ഒമിക്രോൺ വകഭേദത്തിന് മൂന്നാം തരംഗമുണ്ടാക്കിയ ഡെൽറ്റയ്ക്കു ശേഷം ഗവേഷകർക്ക് കണ്ടെത്താനാകാത്ത നിരവധി ജനിതക വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ടാകാം. അതിവേഗം പടരാനും പ്രതിരോധത്തെ മറികടക്കാനും ശേഷി നൽകുന്നതാണ് ഈ ജനിതകവ്യതിയാനങ്ങൾ.
50ലേറെ ജനിതകവ്യതിയാനങ്ങൾ
വൈറസിനു മനുഷ്യ ശരീരത്തിലെ കോശങ്ങളിൽ കയറിപ്പറ്റാൻ സഹായം നൽകുന്ന സ്പൈക്ക് പ്രോട്ടീനി (വൈറസിനു ചുറ്റുമായി കൊളുത്തുപോലുളള ആവരണം)ലാണ് വലിയ തോതിലുള്ള ജനിതക വ്യതിയാനം സംഭവിച്ചിട്ടുള്ളത്. വൈറസിനാകെ 50ലേറെ ജനിതക വ്യതിയാനങ്ങൾ സംഭവിച്ചതിൽ 30ൽ അധികവും സ്പൈക്ക് പ്രോട്ടീനിൽ.
വിലയിരുത്തലുകളിൽ ആരോഗ്യരംഗം
ഇതുവരെയുണ്ടായതിൽ ഏറ്റവും കടുത്ത വ്യതിയാനങ്ങൾ സംഭവിച്ച വകഭേദമെന്നു ഗവേഷകർ. ചൈനയിലെ വുഹാനിൽ നിന്നു പടർന്ന ആദ്യ വൈറസിനെ ലക്ഷ്യമിട്ടാണ് വാക്സിനുകൾ വികസിപ്പിച്ചത്. നിലവിലുള്ള വാക്സിനുകൾ ഒമിക്രോണിനെ നേരിടാൻ മതിയാകുമെന്ന് ഉറപ്പില്ല. ഇതുണ്ടാക്കുന്ന ആഘാതമെന്ത് എന്നു കണ്ടെത്താൻ ഏതാനും ആഴ്ചകൾ വേണ്ടിവരും. ഡബ്ല്യുഎച്ച്ഒ വിദഗ്ധ സമിതി സ്ഥിതിഗതികൾ വിലയിരുത്താൻ യോഗം വിളിച്ചിട്ടുണ്ട്.
ആഫ്രിക്കയിൽ നിന്ന്
ആദ്യം കണ്ടെത്തിയത് ദക്ഷിണാഫ്രിക്കയിലും ബോട്ട്സ്വാനയിലും. പിന്നീട് ഇസ്രയേലിൽ കണ്ടെത്തി. മലാവി സന്ദർശിച്ചു തിരികെയെത്തിയ വ്യക്തിയിലായിരുന്നു ഇസ്രയേലിൽ ഒമിക്രോൺ വകഭേദം കണ്ടെത്തിയത്. ഹോങ്കോങ്ങിൽ രണ്ടു പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്.
ഉദ്ഭവം എച്ച്ഐവി ബാധിതനോ?
പുതിയ വകഭേദത്തിന്റെ ഉദ്ഭവത്തെക്കുറിച്ച് പല കഥകളും പ്രചരിക്കുന്നുണ്ട്. എച്ച്ഐവി ബാധിച്ച് ചികിത്സകളൊന്നും തേടാത്ത ഏതോ വ്യക്തിയിൽ നിന്നാണ് മാരകമായ, ഏതു പ്രതിരോധശേഷിയെയും മറികടക്കുന്ന വകഭേദം രൂപപ്പെട്ടതെന്നാണ് ഒരു പക്ഷം. ലണ്ടൻ ആസ്ഥാനമായ യുസിഎൽ ജനറ്റിസ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്റ്റർ ഫ്രാങ്കോയിസ് ബല്ലോക്സാണ് ഈ സാധ്യത മുന്നോട്ടുവയ്ക്കുന്നത്.
ഡെൽറ്റ വകഭേദത്തിന്റെ രണ്ടു മടങ്ങ്, അഥവാ 30ലേറെ ജനിതക വ്യതിയാനങ്ങൾ ഒമിക്രോണിൽ സംഭവിച്ചിട്ടുണ്ട്.
ഒരു തവണ രോഗം ബാധിച്ചതിനാലോ വാക്സിൻ മൂലമോ ലഭിച്ച ആന്റിബോഡികളെ പുതിയ വകഭേദം കബളിപ്പിച്ചേക്കാം.
ഡെൽറ്റ വകഭേദമടക്കം ബാധിച്ച് രോഗമുക്തി നേടിയവരിൽ വീണ്ടും രോഗം വരാനുള്ള സാധ്യത.
അതിവേഗം പടരുന്നു. ദക്ഷിണാഫ്രിക്കയിൽ കഴിഞ്ഞ 16ന് 273 പേർക്കു മാത്രമായിരുന്നു രോഗം. ഈ ആഴ്ചയുടെ തുടക്കത്തിൽ ഇത് 1200 ആയി. കുത്തനെയുള്ള ഉയർച്ചയ്ക്ക് ഒമിക്രോൺ കാരണമാകാമെന്നു സംശയം.
നിലവിലുള്ള വാക്സിനുകൾ നൽകിയ ആന്റിബോഡികൾ പുതിയ വകഭേദത്തെ പ്രതിരോധിക്കുമോ എന്നു പഠനം നടക്കുന്നു. വൈറസിന്റെ സാന്നിധ്യം ആന്റിബോഡികൾ അറിഞ്ഞേക്കുമെങ്കിലും പൂർണ സുരക്ഷ നൽകാനാവില്ല.
രോഗം ഗുരുതരമാകുമെന്ന് ഇപ്പോഴത്തെ അവസ്ഥയിൽ പറയാനാവില്ല. ഇക്കാര്യം പരിശോധിച്ചു വരുന്നു. ഏതാനും ആഴ്ചകൾ വേണ്ടിവരുമെന്ന് ആരോഗ്യവിദഗ്ധർ. നിലവിലുള്ള വാക്സിനുകൾക്ക് എളുപ്പത്തിൽ വരുത്താവുന്ന ചെറിയ മാറ്റങ്ങളിലൂടെ പുതിയ വകഭേദത്തെ നേരിടാൻ ശ്രമങ്ങൾ ആരംഭിച്ചു. രണ്ടു ഡോസ് വാക്സിനും സ്വീകരിക്കുക. മാസ്ക് ശരിയായി ധരിക്കുന്നതിൽ വിട്ടുവീഴ്ചയരുത്. സാമൂഹിക അകലം പാലിക്കുക. തുറസായ മുറികൾ ഉപയോഗിക്കുക. ജനക്കൂട്ടം ഒഴിവാക്കുക. കൈകളുടെ ശുചിത്വം ഉറപ്പാക്കുക.
omicron
إرسال تعليق