Join Our Whats App Group

പണം തരാം, മോഷ്ടിച്ച ആ ലാപ്ടോപ് തിരികെ തന്നുകൂടേ: അപേക്ഷയുമായി കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനി

 


കോഴിക്കോട്: 

കാഴ്ചപരിമിതിയുള്ള ഗവേഷക വിദ്യാര്‍ഥിനിയുടെ മോഷണം പോയ ലാപ്ടോപ്പ് തിരികെ ലഭിക്കാനായി കൈകോര്‍ത്ത് സഹൃദയർ. കാലിക്കറ്റ് സര്‍വകലാശാല ഇംഗ്ലീഷ് ഭാഷാവകുപ്പിലെ ഗവേഷകയായ തൃശൂര്‍ സ്വദേശിയായ സായൂജ്യയുടെ ലാപ്ടോപ്പാണ് കോഴിക്കോട് ബീച്ചില്‍ വെച്ച് മോഷണം പോയത്. വിദ്യാര്‍ഥിനിയുടെ ഇതുവരെയുള്ള ഗവേഷണ വിവരങ്ങളെല്ലാം അടങ്ങിയ ലാപ്ടോപ്പ്, ആരെങ്കിലും വാങ്ങിച്ചിട്ടുണ്ടെങ്കില്‍ പണം നല്‍കി പോലും തിരികെ വാങ്ങാന്‍ തയാറാണെന്ന് സര്‍വകലാശാലയിലെ ഗവേഷക സംഘടന വ്യക്തമാക്കുന്നു.


സായൂജ്യ സുഹൃത്തുക്കള്‍ക്കൊപ്പം കോഴിക്കോട് ബീച്ച്‌ സന്ദര്‍ശിക്കാന്‍ പോയപ്പോളാണ് ലാപ്ടോപ്പ് മോഷണം പോകുന്നത്. കാഴ്ചപരിമിതിയുള്ളയാളായതിനാല്‍ ഇത്തരക്കാര്‍ക്കുള്ള സോഫ്റ്റുവെയറുകളും മറ്റും ഉപയോഗിച്ചാണ് സായൂജ്യയുടെ പഠനം. നിരവധി പിഡിഎഫ് ഫയലുകളും ഇതുവരെയുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളുമെല്ലാം ലാപ്ടോപ്പിലായിരുന്നു ഉള്ളത്. കാറിന്‍റെ പിന്‍സീറ്റില്‍ വെച്ചിരുന്ന ലാപ്ടോപ്പ് ആരോ ബാഗ് ഉൾപ്പെടെ മോഷ്ടിക്കുകയായിരുന്നു. ബാഗിൽ ബ്രെയിൽ ബോർഡ്, സ്റ്റൈലസ്, വൈറ്റ് കീ എന്നീ ഉപകരണങ്ങളുമുണ്ടായിരുന്നു. പോലീസില്‍ പരാതി നല്‍കിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചില്ല.


കാഴ്ചപരിമിതിയുള്ള തനിക്ക് ഇവിടെ വരെ പഠിച്ച്‌ എത്താന്‍ സാധിച്ചത് സാങ്കേതിക വിദ്യയുടെ സഹായത്താലാണെന്നും തന്‍റെ കണ്ണായിരുന്നു നഷ്ടപ്പെട്ട ലാപ്ടോപ്പ് എന്നും സായൂജ്യ പറയുന്നു. പഠനപ്രവര്‍ത്തനങ്ങളൊന്നും നടക്കാതെ ഗവേഷണം തന്നെ പ്രതിസന്ധിയിലായിരിക്കുകയാണിപ്പോഴെന്നും സായൂജ്യ കൂട്ടിച്ചേർത്തു.


പോലീസ് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഇല്ലാത്തതിനാൽ ലാപ്ടോപ്പ് തിരികെ നല്‍കണമെന്ന അഭ്യര്‍ഥനയുമായി സര്‍വകലാശാലാ സമൂഹം രംഗത്തെത്തുകയായിരുന്നു. മോഷ്ടിച്ചയാള്‍ ഏതെങ്കിലും കടകളില്‍ ലാപ്ടോപ്പ് വിറ്റിട്ടുണ്ടെങ്കില്‍ മുടക്കിയ പണം മുഴുവന്‍ നല്‍കി ലാപ്ടോപ് വാങ്ങിക്കോളാമെന്ന് ഗവേഷക സംഘടനയായ എകെആര്‍എസ്എ അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group