Join Our Whats App Group

ഫേസ്‌ബുക്ക് പ്രണയത്തിന് പ്രായം പ്രശ്നമായില്ല, മകൾ മരിച്ചശേഷവും ബന്ധം തുടർന്നു:കാമുകന്റെ പിന്മാറ്റം ഷീബയെ പ്രകോപിതയാക്കി

 


അടിമാലി: 

പ്രണയത്തിൽനിന്നു പിന്മാറിയതിനു യുവാവിന്റെ മുഖത്ത് ആസി‍ഡ് ഒഴിച്ചതിന് അറസ്റ്റിലായ വീട്ടമ്മയെ കോട്ടയം വനിതാ ജയിലിലേക്ക് മാറ്റി. പരിശക്കല്ല് സ്വദേശിനി ഷീബ(35)യാണ് ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ടു പ്രണയത്തിലായ തിരുവനന്തപുരം പൂജപ്പുര അർച്ചന ഭവനിൽ അരുൺ കുമാറി(27)നെ ഇരുമ്പുപാലത്തേക്കു വിളിച്ചുവരുത്തി മുഖത്ത് ആസിഡ് ഒഴിച്ചത്. സംഭവത്തിനു ശേഷം അരുൺ കുമാറിനെ പ്രതിയാക്കാൻ താൻ ശ്രമം നടത്തിയിരുന്നതായി ഷീബ തുറന്നു പറഞ്ഞു.


രണ്ട് വർഷം മുൻപ് ഫേസ്‌ബുക്ക് വഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. പരിചയം പ്രണയമായി. ഇതിനിടയിൽ ഷീബ ഹോം നഴ്സായി തിരുവനന്തപുരത്ത് ജോലിക്ക് എത്തി. ഇതോടെ ബന്ധം കൂടുതൽ ദൃഢമായി. 5 മാസം മുൻപ് മകൾ ആത്മഹത്യ ചെയ്തതോടെ ഷീബ ജോലി അവസാനിപ്പിച്ച് നാട്ടിലേക്ക് പോന്നുവെങ്കിലും പ്രണയബന്ധം തുടർന്നു. അരുണിന് തന്നെക്കാൾ 8 വയസ് കുറവാണെന്ന് ഷീബ അറിഞ്ഞെങ്കിലും പ്രായം ഇവരുടെ പ്രണയത്തിനു തടസ്സമായില്ല.


കാമുകന്റെ നേരെ ആസിഡൊഴിക്കാൻ തന്നെ പ്രേരിപ്പിച്ചത് ചിട്ടിപ്പണം നല്‍കാത്തതിലും പണം നല്‍കാമെന്ന് വിശ്വസിപ്പിച്ച്‌ വിളിച്ചു വരുത്തി കെട്ടിയിയിട്ട് പീഡിപ്പിച്ചതിലുമുള്ള വൈരാഗ്യമാണെന്ന് ഷീബ പോലീസിനോട് വെളിപ്പെടുത്തി. ഷീബയുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ലെന്നാണ് അറിയുന്നത്. കാമുകനായ അരുണിന് നേരെ ആസിഡൊഴിച്ച ശേഷം ഷീബ നേരെ പോയത് ഭർതൃവീട്ടിലേക്ക് ആണ്. ഷീബയുടെ അപ്രതീക്ഷിത ആക്രമണത്തിനിടെ അരുൺ ആസിഡ് തട്ടിത്തെറിപ്പിച്ചിരുന്നു. തുടർന്ന് ആസിഡ് മുഖത്തു വീണ് ഷീബയ്ക്കും പൊള്ളലേറ്റു. ഭർത്താവ് ദേഹത്തെ പൊള്ളലിനെ കുറിച്ച് ചോദിച്ചപ്പോൾ തിളച്ച കഞ്ഞിവെള്ളം വീണ് ഉണ്ടായതാണെന്നാണ് ഷീബ മറുപടി പറഞ്ഞത്. തുടർന്ന് ആർക്കും സംശയം തോന്നാതെ അഞ്ച് ദിവസത്തോളം ഷീബ ഭർത്താവിന്റെ വീട്ടിൽ കഴിഞ്ഞു. കേസുമായി ബന്ധപ്പെട്ട് ശനിയാഴ്ച വൈകിട്ട് പോലീസ് വീട്ടിലെത്തി അറസ്റ്റു ചെയ്യുന്നതുവരെ വിവരം മറ്റാരും അറിഞ്ഞിരുന്നില്ല.


അടുപ്പത്തിലായിരുന്ന സമയത്ത് അരുണ്‍ തന്നെക്കൊണ്ട് 4 ലക്ഷം രൂപയുടെ ചിട്ടി ചേര്‍ത്തിരുന്നെന്നും ഇത് വിളിച്ച് കിട്ടിയെങ്കിലും അരുൺ പണം തന്നില്ലെന്നുമാണ് ഷീബയുടെ വാദം. ഇതുസംബന്ധിച്ച് ഇരുവരും വാക്ക്തർക്കത്തിൽ ഏർപ്പെട്ടുവെന്നും ഒരു ദിവസം പണം നൽകാമെന്ന് വിളിച്ച് വരുത്തി അരുൺ തന്നെ കെട്ടിയിട്ട് മര്‍ദ്ദിച്ചെന്ന് ഷീബ പോലീസിനോട് വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന റിപ്പോർട്ട്. ഇതിനിടെ 14000 രൂപ താന്‍ ഷീബയില്‍ നിന്നും കൈപ്പറ്റിയിരുന്നതായി അരുണ്‍ സമ്മതിച്ചതായുള്ള വിവരവും പുറത്തുവരുന്നുണ്ട്.


അതേസമയം ആസിഡ് ആക്രമണത്തിൽ പരിക്കേറ്റ അരുണിന്റെ കാഴ്ച പൂർണ്ണമായും നഷ്ടപ്പെട്ടു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ അടിമാലി പോലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു. തുടർന്ന് പള്ളിയിൽ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും ശേഖരിച്ചു. ഇതിന് ശേഷമാണ് ഭർത്താവിന്റെ വീട്ടിൽനിന്ന് ഷീബയെ അറസ്റ്റ് ചെയ്തത്. പരാതിയുടെ അടിസ്ഥാനത്തില്‍ അടിമാലി പൊലീസ് തിരുവനന്തപുരത്തെത്തി അരുണിന്റെ മൊഴിയെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group