നിനച്ചിരിക്കാതെ പെട്ടെന്ന് എത്തുന്ന ഛര്‍ദ്ദില്‍ പലപ്പോഴും നമ്മളെ ബുദ്ധിമുട്ടിലാക്കാറുണ്ട്. കഴിച്ചതും കുടിച്ചതുമായ സര്‍വസാധനങ്ങളെയും പുറത്തെത്തിക്കുന്ന ഛര്‍ദ്ദില്‍ അനുഭവിക്കുന്നവര്‍ക്ക് മാത്രമല്ല കണ്ടു നില്‍ക്കുന്നവര്‍ക്ക് പോലും അത്ര സുഖകരമായ അനുഭവമല്ല. എന്നാല്‍ ഒരു ദിവസം 70 തവണയൊക്കെ ഛര്‍ദ്ദിക്കേണ്ടി വരുന്ന ഒരാളുടെ അവസ്ഥ ആലോചിച്ചു നോക്കാമോ? യുകെയിലെ ബോള്‍ട്ടന്‍ സ്വദേശി ലിയാന്‍ വില്യണ്‍ എന്ന 39കാരിയാണ് അപൂര്‍വ ഉദരരോഗം മൂലം വര്‍ഷങ്ങളായി ഈ ദുരവസ്ഥ നേരിടുന്നത്.
2008ലാണ് ലിയാനിന് ഗാസ്ട്രോപാരെസിസ് എന്ന ഈ അപൂര്‍വ രോഗം നിര്‍ണയിക്കപ്പെടുന്നത്. അന്നു മുതല്‍ ഇവരുടെ ജീവിതം കീഴ്മേല്‍ മറിഞ്ഞു. ഭക്ഷണസാധനങ്ങള്‍ സാധാരണ ഗതിയില്‍ വയറിലെത്തി ദഹിച്ചതിന് ശേഷം ചെറുകുടലിലേക്കും പിന്നീട് വന്‍കുടലിലേക്കും നീങ്ങും. വയറിലെയും കുടലിലെയും പേശികളുടെ ചലനമാണ് ഭക്ഷണത്തിന്‍റെ സ്വാഭാവികമായ ഈ നീക്കത്തെ സഹായിക്കുന്നത്. ഗാസ്ട്രോപാരെസിസ് ബാധിച്ചവരില്‍ വയറിലെ പേശികളും നാഡീഞരമ്പുകളും സാധാരണ നിലയില്‍ പ്രവര്‍ത്തിക്കില്ല. ഇതു മൂലം ദഹനപ്രക്രിയ വൈകുകയും ആഹാരസാധനങ്ങള്‍ അന്നനാളിയില്‍ തങ്ങി നിന്ന് മനംമറിച്ചില്‍, ഛര്‍ദ്ദി, വയര്‍ വേദന തുടങ്ങിയവ ഉണ്ടാക്കുകയും ചെയ്യും.
ലക്ഷത്തില്‍ ഒരാള്‍ക്ക് വരുന്ന അപൂര്‍വ രോഗമാണ് ഗാസ്ട്രോപാരെസിസ്. ഇതിന്‍റെ കൃത്യമായ കാരണങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല.എന്നാല്‍ ടൈപ്പ് 2 പ്രമേഹം മൂലം രക്തത്തിലെ പഞ്ചസാരയുടെ തോത് നിയന്ത്രണം വിടുന്നത് ഇതിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. രോഗാവസ്ഥയുടെ സങ്കീര്‍ണത അനുസരിച്ച് ഡോക്ടര്‍മാര്‍ ശസ്ത്രക്രിയയോ ആഹാരക്രമത്തിലെ മാറ്റങ്ങളോ നിര്‍ദ്ദേശിക്കാറുണ്ട്.
ഈ രോഗം ബാധിച്ചവര്‍ നിരന്തരമായ ഇടവേളകളില്‍ കുറച്ച് ഭക്ഷണം മാത്രം കഴിക്കണമെന്നും ഭക്ഷണം നന്നായി പാകം ചെയ്തും ചവച്ചരച്ചും കഴിക്കണമെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. രോഗം തീവ്രമാകുന്ന അവസ്ഥയില്‍ ശസ്ത്രക്രിയ നടത്തി വയറില്‍ ഗാസ്ട്രിക് പേസ്മേക്കര്‍ ഘടിപ്പിക്കും. ഇത്തരത്തിലൊരു ഗ്യാസ്ട്രിക് പേസ്മേക്കറും വച്ചാണ് ലിയാനും തന്‍റെ രോഗാവസ്ഥയെ നേരിടുന്നത്.
Post a Comment