പെട്ടെന്നു വന്ന് നമ്മുടെ ജീവന്‍തന്നെ കവര്‍ന്നു കൊണ്ടു പോകുന്ന നിശ്ശബ്ദ കൊലയാളിയാണ് ഹൃദയാഘാതം. ലോകത്ത് ഇന്ന് നടക്കുന്ന മരണങ്ങളുടെ മുന്‍നിര കാരണങ്ങളിൽ ഒന്ന് ഹൃദയാഘാതമാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2019ല്‍ 179 ലക്ഷം പേരാണ് ഹൃദ്രോഗ പ്രശ്‌നങ്ങള്‍ മൂലം മരണപ്പെട്ടത്. ആഗോളതലത്തിലെ മരണങ്ങളുടെ 32 ശതമാനവും ഹൃദ്രോഗം മൂലമാണെന്ന് പറയാം.
കോവിഡിന്റെ വരവോടെ ഈ സാഹചര്യം കൂടുതല്‍ വഷളാവുകയാണ്. യുവാക്കള്‍ പോലും ഹൃദ്രോഗികളായി മാറുന്ന കാഴ്ചയാണ് ചുറ്റും. ജീവിതശൈലിയിലെ മാറ്റം, അനാരോഗ്യകരമായ ഭക്ഷണം, വ്യായാമമില്ലായ്മ, അമിതമായ വ്യായാമം തുടങ്ങി ഇതിലേക്ക് നയിക്കുന്ന കാരണങ്ങള്‍ പലതാണ്. ഹൃദയാഘാതം എപ്പോള്‍ സംഭവിക്കുമെന്ന് പറയാന്‍ സാധിക്കില്ലെങ്കിലും ഇത് സംബന്ധിച്ച ചില സൂചനകള്‍ ശരീരം നമുക്ക് നല്‍കാറുണ്ട്. അവ ഏതെല്ലാമാണെന്ന് പരിശോധിക്കാം.
1. നെഞ്ചു വേദന
നെഞ്ചിന് വേദനയും അസ്വസ്ഥതയും ഹൃദയാഘാതത്തിന് മുന്‍പ് പൊതുവായി കാണപ്പെടുന്ന ലക്ഷണമാണ്. നെഞ്ചിനു നടുക്കായിട്ട് അസുഖകരമായ മര്‍ദവും വേദനയും ഭാരവുമൊക്കെ ഹൃദയാഘാതത്തിന് തൊട്ടു മുന്‍പായി സംഭവിക്കാമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നു. ഈ വേദനയും മര്‍ദവും ഏതാനും മിനിട്ടുകള്‍ നീണ്ടു നില്‍ക്കാം. ഇത്തരത്തിലൊരു ലക്ഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടനെ ചികിത്സ തേടണം.
2. പുറം വേദന
നെഞ്ചിനു മാത്രമല്ല പുറത്തിനും ഹൃദയാഘാതത്തിന് മുന്നോടിയായി വേദന വരാം; പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ഹൃദയാഘാത സമയത്തോ അതിനു മുന്‍പോ പുരുഷന്മാരേക്കാൾ കൂടുതല്‍ പുറം വേദന തോന്നാന്‍ സാധ്യത സ്ത്രീകള്‍ക്കാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ ചൂണ്ടിക്കാണിക്കുന്നു.
3. താടിയെല്ലിന് വേദന
താടിയെല്ലിന് വരുന്ന വേദന പേശീ വലിവോ, പല്ലു വേദനയോ കൊണ്ടു മാത്രമാകണമെന്നില്ല. സ്ത്രീകളില്‍ പ്രത്യേകിച്ച്, മുഖത്തിന്റെ ഇടത് ഭാഗത്തെ താടിയെല്ലിനുണ്ടാകുന്ന വേദന ഹൃദയാഘാതത്തിന്റെ മുന്നോടിയാകാം. താടിയെല്ലിന്റെ വേദനയ്‌ക്കൊപ്പം നെഞ്ചിന് അസ്വസ്ഥത, ശ്വാസം മുട്ടല്‍, വലിവ്, അമിതമായ വിയര്‍പ്പ് എന്നിവയൊക്കെ കാണപ്പെട്ടാല്‍ വൈദ്യ സഹായം തേടാന്‍ പിന്നെ ഒട്ടും താമസിക്കരുത്.
4. കഴുത്ത് വേദന
ഹൃദയത്തിലേക്ക് രക്തമെത്തിക്കുന്ന ധമനികളില്‍ രക്തം കട്ടപിടിച്ചാണ് ഹൃദയാഘാതം ഉണ്ടാവുക. അസ്വസ്ഥത ആരംഭിക്കുന്നത് നെഞ്ചിലാണെങ്കിലും ഈ വേദന വൈകാതെ കഴുത്തിലേക്കും പടരും. അമിതമായ സമ്മര്‍ദം കൊണ്ടും പേശികള്‍ക്കുള്ള പിരിമുറക്കം കൊണ്ടുമെല്ലാം കഴുത്തിന് വേദനയുണ്ടാകാം. എന്നാല്‍ കഴുത്തിലെ വേദനയ്ക്ക് പിന്നാലെ ഹൃദയാഘാതത്തിനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ല.
5. തോള്‍ വേദന
നെഞ്ചില്‍ തുടങ്ങി കഴുത്ത്, താടിയെല്ല്, തോളുകള്‍ എന്നിവയിലേക്ക് പായുന്ന വേദന ഹൃദയാഘാതത്തിന്റെ സൂചനയാണ്. ഇത്തരത്തിലുള്ള വേദന അനുഭവപ്പെട്ടാല്‍ ഡോക്ടറെ കാണാന്‍ വൈകരുത്.
6. ഇടത് കൈയ്ക്ക് വേദന
ഇടത് കയ്യിലുണ്ടാകുന്ന വേദനയും ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് ലക്ഷണമാണ്. ഇടത് കയ്യിലുണ്ടാകുന്ന ലഘുവായ വേദനയ്ക്കും കഴപ്പിനും നിരവധി കാരണങ്ങളുണ്ടാകാം. എന്നാല്‍ ഈ കയ്യില്‍ പെട്ടെന്ന് വരുന്ന അസാധാരണ വേദന വൈദ്യ സഹായം ആവശ്യമായി വരുന്ന ഹൃദയാഘാത സൂചനയാണ്.
Post a Comment