Join Our Whats App Group

നീലേശ്വരം പീഡനക്കേസിലെ പതിനാറുകാരിയെ ഗര്‍ഭച്ഛിദ്രം നടത്തിയ ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുക്കാത്തതിന് പൊലീസിന് കാരണം കാണിക്കല്‍ നോട്ടീസ്


കാസര്‍കോട്: 

നീലേശ്വരം പീഡന കേസില്‍ പതിനാറുകാരിയുടെ ഗര്‍ഭച്ഛിദ്രം നടത്തിയിട്ടും പൊലീസില്‍ അറിയിക്കാതിരുന്ന ഡോക്ടമാര്‍ക്കെതിരെ കേസെടുക്കാത്തതിന് ജില്ലാ ജഡ്ജ് കൂടിയായ കാസര്‍കോട് ജുവനൈല്‍ ജസ്റ്റിസ് ചെയര്‍മാന്‍ നീലേശ്വരം സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസയച്ചത്. ജുവനൈല്‍ ജസ്റ്റിസ് ചെയര്‍മാനും ജില്ലാ ജഡ്ജുമായ എസ്.എച്ച് പഞ്ചാപകേശനാണ് നീലേശ്വരം സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചത്.

ഇതുവരെ ഡോക്ര്‍മാര്‍ക്കെതിരെ കേസെടുക്കാത്തത് ഗുരുതര കൃത്യവിലോപവും പോക്‌സോ നിയമപ്രകാരം കുറ്റകരവുമാണ്. പോക്‌സോ നിയമം 21.1 പ്രകാരം പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായിട്ടും പൊലീസില്‍ അറിയിക്കാതിരുന്ന ഡോക്ടര്‍മാരുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് നോട്ടീസില്‍ പറയുന്നു. എന്നാല്‍ ഡോക്ടറെ ഒരു തവണ ചോദ്യം ചെയ്‌തെങ്കിലും കേസെടുക്കാന്‍ തക്ക തെളിവുകള്‍ കിട്ടിയിട്ടില്ലെന്നായിരുന്നു പൊലീസ് പറഞ്ഞിരുന്നത്.

കഴിഞ്ഞ മാസം 19നാണ് മദ്രസാധ്യാപകനായ പിതാവുള്‍പ്പെടെ ഏഴ് പേര്‍ പീഡിപ്പിച്ചെന്ന പതിനാറുകാരിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തത്. നീലേശ്വരത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ഗര്‍ഭച്ഛിദ്രം നടത്തിയെന്ന് അന്ന് തന്നെ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. രണ്ട് ദിവസം മുമ്പ് വീട്ടുപറമ്പില്‍ പെണ്‍കുട്ടിയുടെ അച്ഛന്‍ കുഴിച്ചിട്ട ഭ്രൂണ അവശിഷ്ടങ്ങളടക്കമുള്ള പ്രധാന തെളിവുകളും കണ്ടെത്തിയിരുന്നു. എന്നാല്‍ ഗര്‍ഭച്ഛിദ്രം നടത്തിയ വിവരം മറച്ചുവച്ച ഡോക്ടര്‍മാര്‍ക്കെതിരെ ഇതുവരെയും പൊലീസ് കേസെടുത്തിട്ടില്ല. ഇതേതുടര്‍ന്നാണ് നീലേശ്വരം സിഐക്ക് കാരണം കാണിക്കല്‍ നോട്ടീസയച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group