ഇരിട്ടി:
കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് നാട്ടയിൽ രണ്ടുപേർ ചേർന്ന് നട്ട ഏഴായിരത്തോളം വാഴകൾ പൂർണമായും നശിച്ചു. ബെന്നി പുതിയാമ്പുറം, റോയി പാലക്കാമറ്റം എന്നിവർ ചേർന്ന് ചെങ്കൽപ്പണ നികത്തി ശാസ്ത്രീയമായി നട്ടുവളർത്തിയ വാഴകളാണ് പൂർണമായും നശിച്ചത്. ഏഴുമീറ്ററോളം താഴ്ചയുള്ള കൽപ്പണക്കുഴി മണ്ണിട്ടുനികത്തി കണികജലസേചനം നടത്തിയാണ് കൊടുംവേനലിൽനിന്ന് ഇവർ വാഴയെ സംരക്ഷിച്ചത്. പക്ഷേ മഴയും കാറ്റും നിമിഷേനരംകൊണ്ട് എല്ലാം തൂത്തെറിഞ്ഞു.
പായം പഞ്ചായത്തിലെ മാടത്തിൽ, പെരുമ്പറമ്പ് എന്നിവിടങ്ങളിലായി മൂവായിരത്തോളം വാഴകളും നശിച്ചു. ജോണി പരുത്തിവയലിന്റെ രണ്ടിടങ്ങളിലായി ചെയ്ത വാഴക്കൃഷിയാണ് നശിച്ചത്. മാടത്തിൽ റോഡിലെ 1000 വാഴകളും പെരുമ്പറമ്പിൽ 2000 വാഴകളുമാണ് നിലംപൊത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകൻ സ്ഥലം സന്ദർശിച്ചു. മേഖലയിൽ മറ്റ് ഒട്ടേറെപ്പേരുടെയും വീടുപറമ്പുകളിലും മറ്റും വളർത്തിയ നൂറുകണക്കിന് വാഴകളും നശിച്ചിട്ടുണ്ട്.
Post a Comment