Join Our Whats App Group

രണ്ട്‌ കർഷകർക്ക് നഷ്ടമായത് 7,000 വാഴകൾ

ഇരിട്ടി

കഴിഞ്ഞ രാത്രിയുണ്ടായ കനത്ത മഴയിലും ചുഴലിക്കാറ്റിലും അയ്യൻകുന്ന് പഞ്ചായത്തിലെ മുണ്ടയാംപറമ്പ് നാട്ടയിൽ രണ്ടുപേർ ചേർന്ന് നട്ട ഏഴായിരത്തോളം വാഴകൾ പൂർണമായും നശിച്ചു. ബെന്നി പുതിയാമ്പുറം, റോയി പാലക്കാമറ്റം എന്നിവർ ചേർന്ന് ചെങ്കൽപ്പണ നികത്തി ശാസ്ത്രീയമായി നട്ടുവളർത്തിയ വാഴകളാണ് പൂർണമായും നശിച്ചത്. ഏഴുമീറ്ററോളം താഴ്ചയുള്ള കൽപ്പണക്കുഴി മണ്ണിട്ടുനികത്തി കണികജലസേചനം നടത്തിയാണ് കൊടുംവേനലിൽനിന്ന് ഇവർ വാഴയെ സംരക്ഷിച്ചത്. പക്ഷേ മഴയും കാറ്റും നിമിഷേനരംകൊണ്ട് എല്ലാം തൂത്തെറിഞ്ഞു.

കുഴൽക്കിണർ കുഴിച്ച്‌ കൃഷിസ്ഥലത്തേക്കുമാത്രമായി ത്രീഫേസ് ലൈൻ വലിച്ചായിരുന്നു ജലസേചനം. ഏഴേക്കർ സ്ഥലത്ത് നട്ട എണ്ണായിരത്തോളം വഴകളിൽ ആയിരത്തിൽ താഴെ മാത്രമാണ് അവശേഷിക്കുന്നത്. ഇവ തന്നെ പലഭാഗങ്ങളിലേക്ക് ചെരിഞ്ഞു നില്ക്കുകയാണ്. ചെറിയ കാറ്റടിച്ചാൽ നിലംപൊത്തും. ഓണവിപണി ലക്ഷ്യമാക്കി നട്ട വാഴകൾ കുലച്ചുവരുന്നതേയുള്ളൂ. ബാങ്കുകളിൽനിന്ന് 15 ലക്ഷം രൂപ വായ്പയെടുത്താണ് ഇവർ കൃഷി നടത്തിയത്. കഴിഞ്ഞ വർഷം അയ്യായിരത്തോളം വാഴകളിൽ അഞ്ഞൂറോളം എണ്ണം കാലവർഷത്തിൽ നശിച്ചിരുന്നു. വിള ഇൻഷുറൻസ് പദ്ധതിപ്രകാരം ഇൻഷുർ ചെയ്തതിനാൽ വളപ്രയോഗം ചെയ്ത പൈസയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. സണ്ണി ജോസഫ് എം.എൽ.എ, പഞ്ചായത്ത് പ്രസിഡന്റ് ഷീജ സെബാസ്റ്റ്യൻ, കൃഷി ഓഫീസർ ജിംസി മരിയ, വാർഡംഗം ടി.എം.വേണുഗോപാൽ എന്നിവർ സന്ദർശിച്ചു. കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡന്റ് ജോയ് കൊണ്ടോല, സെക്രട്ടറി ചാക്കോച്ചൻ കരാമയിൽ എന്നിവരും നിരവധി നാട്ടുകാരും കൃഷിയിടം സന്ദർശിച്ചു.

പായം പഞ്ചായത്തിലെ മാടത്തിൽ, പെരുമ്പറമ്പ് എന്നിവിടങ്ങളിലായി മൂവായിരത്തോളം വാഴകളും നശിച്ചു. ജോണി പരുത്തിവയലിന്റെ രണ്ടിടങ്ങളിലായി ചെയ്ത വാഴക്കൃഷിയാണ് നശിച്ചത്. മാടത്തിൽ റോഡിലെ 1000 വാഴകളും പെരുമ്പറമ്പിൽ 2000 വാഴകളുമാണ് നിലംപൊത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് എൻ.അശോകൻ സ്ഥലം സന്ദർശിച്ചു. മേഖലയിൽ മറ്റ് ഒട്ടേറെപ്പേരുടെയും വീടുപറമ്പുകളിലും മറ്റും വളർത്തിയ നൂറുകണക്കിന് വാഴകളും നശിച്ചിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group