മുംബൈ:
സ്ത്രീകൾക്കെതിരെ ലൈംഗിക അതിക്രമത്തിന് പ്രോത്സാഹിപ്പിക്കുന്ന ഷോട്‌സ് ബോഡി സ്പ്രേയുടെ പരസ്യത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇതേത്തുടർന്ന് പരസ്യമായി ക്ഷമാപണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഡിയോ ബ്രാൻഡായ ലെയേഴ്‌സ് ഷോട്ട്. പരസ്യം വേദനിപ്പിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും, എല്ലാ പ്ലാറ്റ്‌ഫോമുകളിൽ നിന്നും പരസ്യം പിൻവലിക്കാൻ നിർദ്ദേശം നൽകിയതായും ലെയേഴ്‌സ് ഷോട്‌സ് വ്യക്തമാക്കി.
നേരത്തെ, പരസ്യത്തിന്റെ സംപ്രേഷണം താത്കാലികമായി നിർത്തിവെയ്ക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം നൽകിയിരുന്നു. പരസ്യം സംപ്രേഷണം ചെയ്യരുതെന്ന് യുട്യൂബിനും ട്വിറ്ററിനും കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിർദ്ദേശം നൽകി. ഇതിന് പിന്നാലെയാണ്, കമ്പനി ഖേദപ്രകടനം നടത്തി രംഗത്ത് വന്നത്. വിമർശനങ്ങൾക്ക് പിന്നാലെ, പൊതുജന താത്പര്യാർത്ഥം ജൂൺ മൂന്നിന് പുറത്തുവിട്ട രണ്ട് പരസ്യങ്ങളും പിൻവലിക്കുന്നതായി ഷോട്‌സ് അറിയിച്ചു.
ജനങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്താനോ സ്ത്രീകളുടെ മാന്യതയെ പ്രകോപിപ്പിക്കാനോ പ്രോത്സാഹിപ്പിക്കാനോ ഉദ്ദേശിച്ചിട്ടില്ലെന്നും ഷോട്‌സ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കി. അതേസമയം, പരസ്യത്തിനെതിരെ അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് ഡൽഹി വനിതാ കമ്മീഷൻ ചെയർ പേഴ്‌സൺ സ്വാതി മലിവാൾ ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും സ്വാതി മലിവാൾ വ്യക്തമാക്കി.
Post a Comment