ഇന്ത്യക്കാരുടെ സുപ്രധാന ഡിജിറ്റല്‍ തിരിച്ചറിയല്‍ രേഖയായ ആധാര്‍ കാര്‍ഡുമായി ബന്ധപ്പെട്ട് കൂടുതല്‍ തട്ടിപ്പുകള്‍ നടക്കുന്നതിനേക്കുറിച്ച് അവബോധം വളര്‍ത്തേണ്ടത് അത്യാവശ്യമായി തീര്‍ന്നിരിക്കുകയാണ്. ആധാര്‍ നമ്പര്‍ നിര്‍ബന്ധമായും സുരക്ഷിതമായി സൂക്ഷിക്കണം. ഇത് മറ്റാരെങ്കിലും കൈവശപ്പെടുത്തിയാല്‍ പല തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാകാം. ആധാര്‍ വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിനെക്കുറിച്ചും അത് സുരക്ഷിതമാക്കാന്‍ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും ചില മാര്‍ഗനിര്‍ദേശങ്ങളാണ് ഇപ്പോള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ആധാര്‍ കാര്‍ഡ് ഇറക്കാന്‍ മുന്നില്‍ നിന്ന യൂണീക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) തന്നെയാണ് ഇവ ഇറക്കിയിരിക്കുന്നത് എന്നതിനാല്‍ തന്നെ എല്ലാവരും ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം.
∙ നമ്പര്‍ ദുഷ്ടലാക്കുള്ളവരുടെ കൈയ്യില്‍ എത്തരുത്
രാജ്യത്തെ അതിനിര്‍ണായക തിരിച്ചറിയല്‍ രേഖകളിലൊന്നായി കഴിഞ്ഞിരിക്കുകയാണ് ആധാര്‍ നമ്പര്‍. ബാങ്ക് അക്കൗണ്ടുകള്‍ മുതല്‍ മറ്റു പല സേവനങ്ങളുമായും ഈ നമ്പര്‍ മിക്ക വ്യക്തികളും ബന്ധിപ്പിച്ചു കഴിഞ്ഞു. ഈ നമ്പര്‍ ദുഷ്ടലാക്കുള്ളവരുടെ കൈയ്യില്‍ എത്താതിരിക്കാന്‍ കാര്‍ഡ് ഉടമകള്‍ ശ്രദ്ധിക്കണം എന്നാണ് മുഖ്യ നിര്‍ദേശം. ആരെങ്കിലും നിങ്ങളുടെ ആധാര്‍ ഉപോയഗിച്ചോ എന്ന് എങ്ങനെ അറിയാം, തുടര്‍ന്ന് എന്തു ചെയ്യണം തുടങ്ങിയവയെക്കുറിച്ച് അടക്കമുള്ള നിര്‍ദേശങ്ങളാണ് യുഐഡിഎഐ നല്‍കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡ് സുരക്ഷിതമാക്കാന്‍ പ്രയോജനപ്പെട്ടേക്കാവുന്നു ചില ലളിതമായ നിര്‍ദേശങ്ങള്‍ ഇവയാണ്...
1. ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യണമെങ്കില്‍ അത് യുഐഡിഎഐയുടെ വെബ്‌സൈറ്റില്‍ നിന്നു മാത്രം ഡൗണ്‍ലോഡ് ചെയ്യുക. (ഇതാണ് അതിനുള്ള യഥാര്‍ഥ അഡ്രസ്: https://eaadhaar.uidai.gov.in/genricDownloadAadhaar.)
2. പൊതു കംപ്യൂട്ടറിലും ലാപ്‌ടോപ്പിലും ഒക്കെ ആധാര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യുന്നത് പരമാവധി ഒഴിവാക്കുക. ഇന്റര്‍നെറ്റ് കഫെകള്‍ ഒക്കെ ഇതില്‍ പെടും. ഇനി അങ്ങനെ ചെയ്യാന്‍ നിര്‍ബന്ധിതരായാല്‍ നിങ്ങളുടെ ആധാറിന്റെ കോപ്പി ആ കംപ്യൂട്ടറില്‍ നിന്നു ഡിലീറ്റു ചെയ്തുവെന്ന് ഉറപ്പാക്കുക. സാധാരണഗതിയില്‍ ഡിലീറ്റു ചെയ്യുന്ന ഫയലുകള്‍ റീസൈക്കിൾ ബിനിലേക്കു പോകുക ആയിരിക്കും ചെല്ലുക എന്നതിനാല്‍ റീസൈക്കിൾ ബിനും ക്ലീയര്‍ ചെയ്തു എന്ന് ഉറപ്പാക്കുക.
3. ആധാര്‍ ഡേറ്റ സുരക്ഷിതമാക്കാനായി ഓണ്‍ലൈനില്‍ ലോക് ചെയ്യുക. ഇതിനായി ആധാര്‍ ആപ് ഉപയോഗിക്കാം. അല്ലെന്നുണ്ടെങ്കില്‍ ഈ ലിങ്ക് ഉപയോഗിക്കാം: https://resident.uidai.gov.in/aadhaar-lockunlock. ശ്രദ്ധിക്കുക: ഇതിന് നിങ്ങളുടെ വെര്‍ച്വല്‍ ഐഡി അല്ലെങ്കില്‍ വിഐഡി നിര്‍ബന്ധമായും വേണ്ടിവരും. വിഐഡി തിരിച്ചെടുക്കാവുന്ന 16 അക്ക, താത്കാലികവും ക്രമരഹിതവുമായ നമ്പര്‍ ആണ്. ഇത് ആധാറുമായി മാപ് ചെയ്തിരിക്കുന്നു.
4. ആധാര്‍ പ്രാമാണീകരിച്ചതിന്റെ (authentication) വിവരങ്ങളുടെ ഹിസ്റ്ററി സ്ഥിരമായി പരിശോധിക്കണം. കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ നടത്തിയ 50 ആധാര്‍ ഒതന്റിക്കേഷന്‍ ഹിസ്റ്ററി വരെ പരിശോധിക്കാന്‍ യുഐഡിഎഐ അനുവദിക്കുന്നുണ്ട്. ഇങ്ങനെ പരിശോധിക്കുമ്പോള്‍ മറ്റാരെങ്കിലും നിങ്ങളുടെ ആധാര്‍ ഉപയോഗിച്ചിട്ടുണ്ടോ എന്ന് അറിയാന്‍ സാധിക്കും. നിങ്ങളുടെ അറിവോടെയല്ലാതെ ആധാര്‍ ഉപയോഗിച്ചോ എന്ന കാര്യം ഇടയ്ക്കിടയ്ക്ക് അറിഞ്ഞുകൊണ്ടിരിക്കണം എന്നാണ് പ്രധാനപ്പെട്ട നിര്‍ദേശങ്ങളിലൊന്ന്. ദുരുഹമായ എന്തെങ്കിലും കണ്ടെത്തിയാല്‍ അത് യുഐഡിഎഐയെ അറിയിക്കുക. അതിനായി 1947 എന്ന നമ്പറോ [email protected] എന്ന ഇമെയില്‍ വിലാസമോ പ്രയോജനപ്പെടുത്താം.
5. ആധാര്‍ നമ്പര്‍ വെളിപ്പെടുത്തണ്ട എന്നാണ് ആഗ്രഹമെങ്കില്‍ വിഐഡി അല്ലെങ്കില്‍ മാസ്‌ക്ഡ് ആധാര്‍ നല്‍കുക. അത് ഡൗണ്‍ലോഡ് ചെയ്യാനായി ഈ ലിങ്ക് ഉപയോഗിക്കുക: https://myaadhaar.uidai.gov.in/genricDownloadAadhaar
6. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുക. അത് യുഐഡിഎഐ വെബ്‌സൈറ്റില്‍ വിവരങ്ങള്‍ പരിശോധിക്കുന്നത് കൂടുതല്‍ എളുപ്പമാക്കും.
7. ഒരു കാരണവശാലും ആധാര്‍ ഒടിപി, മറ്റു സ്വകാര്യ വിവരങ്ങള്‍ എന്നിവ ആരുമായും പങ്കുവയ്ക്കരുത്. തങ്ങള്‍ ഒരിക്കലും ആധാര്‍ ഒടിപിയുമായി ബന്ധപ്പെട്ട് കോളുകള്‍ നടത്തുകയോ, എസ്എംഎസോ, ഇമെയിലോ അയയ്ക്കുകയോ ഇല്ലെന്ന് യുഐഡിഎഐ പറയുന്നു.
∙ മസ്‌കിന് നല്‍കിയിരുന്ന കാത്തിരുപ്പു സമയം കഴിഞ്ഞെന്ന് ട്വിറ്റര്‍
സമൂഹ മാധ്യമമായ ട്വിറ്റര്‍ 4400 കോടി ഡോളറിന് വാങ്ങാനിറങ്ങിയ ടെസ്‌ല കമ്പനി മേധാവി ഇലോണ്‍ മസ്‌കിന് എച്എസ്ആര്‍ ആക്ട് പ്രകാരം നല്‍കേണ്ട കാത്തിരിപ്പു സമയം അവസാനിച്ചു എന്ന് ട്വിറ്റര്‍ അറിയിച്ചു. അതേസമയം, ട്വിറ്റര്‍ വാങ്ങല്‍ ശ്രമം തത്കാലത്തേക്കു നിർത്തിവച്ചിരിക്കുകയാണ് എന്നാണ് മസ്‌ക് കഴിഞ്ഞ മാസം പറഞ്ഞത്. ട്വിറ്ററില്‍ ഉളള വ്യാജ അക്കൗണ്ടുകളെക്കുറിച്ചുള്ള ശരിയായ വിവരം തനിക്കു വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. അതേസമയം, ട്വിറ്റര്‍ വാങ്ങാനുള്ള പണം സംഘടിപ്പിക്കുകയാണ് മസ്‌ക് എന്നും ചില വാര്‍ത്തകള്‍ പറയുന്നു.
∙ സാന്‍ഡ്ബര്‍ഗിന്റെ രാജി ഫെയ്‌സ്ബുക്കിന് തിരിച്ചടിയായേക്കില്ലെന്ന്
ഫെയ്‌സ്ബുക് (മെറ്റാ) കമ്പനിയില്‍ നിന്ന് ചീഫ് ഓപ്പറേറ്റിങ് ഓഫിസറായ ഷെറില്‍ സാന്‍ഡ്ബര്‍ഗ് രാജിവച്ചത് കമ്പനിക്ക് വലിയ തിരിച്ചടി ആയേക്കില്ലെന്ന് ദി വാള്‍ സ്ട്രീറ്റ് ജേണല്‍ വിലയിരുത്തുന്നു. കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗിന് തൊട്ടു താഴെയായിരുന്നു ഷെറിലിന്റെ സ്ഥാനം. ഷെറില്‍ എത്തുമ്പോള്‍ ഫെയ്‌സ്ബുക്കിന് പരസ്യങ്ങളില്‍ നിന്ന് ലഭിച്ചിരുന്ന്ത 27.2 കോടി ഡോളറായിരുന്നു. ഇത് 14 വര്‍ഷം കൊണ്ട് 10,000 കോടി ആക്കാന്‍ സാധിച്ചതാണ് ഷെറിലിന്റെ നേട്ടം. ഫെയ്‌സ്ബുക്കിന്റെ ബിസിനസ് മറ്റൊരു ദിശയിലേക്ക് തിരിച്ചുവിടാന്‍ ഒരുങ്ങുന്ന സമയത്താണ് ഷെറിലിന്റെ രാജി. അവര്‍ ജോലിക്കെത്തിയ ആദ്യകാലത്തുള്ള പ്രശ്‌നങ്ങളൊന്നും ഇല്ലാത്ത, ഇരുത്തം വന്ന കമ്പനിയാണ് ഇന്ന് ഫെയ്‌സ്ബുക്. ഇതിനാല്‍ തന്നെ അവരുടെ അഭാവം കമ്പനിക്ക് വലിയൊരു പ്രശ്‌നം സമ്മാനിച്ചേക്കില്ല.
∙ ഹാവിയെ ഒളിവന്‍ മോശക്കാരനല്ല
മെറ്റാ കമ്പനിയുടെ പുതിയ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി എത്തുന്നത് സ്‌പെയിനില്‍ നിന്നുള്ള ഹാവിയെ ഒളിവന്‍ ആണ്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍ എൻജിനീയറിങ് ആണ് അദ്ദേഹം പഠിച്ചത്. അദ്ദേഹം അമേരിക്കയിലെത്തിയത് എംബിഎ പഠനത്തിനായാണ്. സീമന്‍സ്, എന്‍ടിടി ഡേറ്റ തുടങ്ങിയ കമ്പനികളില്‍ ജോലിയെടുത്ത ശേഷമാണ് അദ്ദേഹം ഫെയ്‌സ്ബുക്കിലെത്തുന്നത്. ഹാവിയെ സ്പാനിഷ് ഭാഷയില്‍ സ്വന്തമായി ഫെയ്‌സ്ബുക്കിനു സമാനമായ വെബ്‌സൈറ്റ് തുടങ്ങാന്‍ ഇറങ്ങിത്തിരിച്ചപ്പോഴാണ് സക്കര്‍ബര്‍ഗ് അദ്ദേഹത്തെ 2007ല്‍ ഫെയ്‌സ്ബുക്കിലെത്തിച്ച് ഉന്നത സ്ഥാനം നല്‍കിയത്. ചീഫ് ഗ്രോത് ഓഫിസര്‍ എന്ന പദവിയില്‍ നിന്നാണ് അദ്ദേഹം മുഖ്യ ഓപ്പറേറ്റിങ് ഓഫിസറാകുന്നത്.
Post a Comment