Join Our Whats App Group

മിയാവാക്കി’ വനം വിജയകരം; ഫലവൃക്ഷത്തോപ്പൊരുക്കാൻ കണ്ണൂർ ജില്ലാ പഞ്ചായത്ത്

കണ്ണൂർ : അന്തരീക്ഷത്തെ കാർബൺ മുക്തമാക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ‘മിയാവാക്കി’ (ചെറുവനങ്ങൾ) വിജയകരമായതിന്റെ ഊർജത്തിൽ ഫലവൃത്തോപ്പുകൾ നട്ടുവളർത്തുന്ന പദ്ധതിക്ക് ജില്ലാ പഞ്ചായത്ത് രൂപം നൽകി. ക്ഷേത്രവളപ്പുകൾ, വിദ്യാലയ പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ, സ്വകാര്യസ്ഥലങ്ങൾ എന്നിവിടങ്ങളിൽ വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ച് ചെറുവനങ്ങളാക്കി വളർത്തുന്നതിന് ജില്ലാ പഞ്ചായത്ത് കഴിഞ്ഞവർഷം നടപ്പാക്കിയ പദ്ധതിയാണ് ‘മിയാവാക്കി’.

നഗരങ്ങളിലെ അന്തരീക്ഷ ഊഷ്മാവ് കുറയ്ക്കുന്നതിന് ജപ്പാനിൽ തുടക്കം കുറിച്ച പദ്ധതിയാണിത്. മികച്ച പരിസ്ഥിതി പ്രവർത്തനത്തിനുള്ള ബ്ളൂ പ്ലാനെറ്റ് പുരസ്കാരം നേടിയ ജാപ്പാനിലെ യോകോഹാമ സർവകലാശാലയിലെ സസ്യശാസ്ത്രജ്ഞൻ അകിര മിയാവാക്കി വികസിപ്പിച്ച മാർഗമായതിനാലാണ് ചെറുവനവത്‌കരണം ഈ പേരിൽ അറിയപ്പെടുന്നത്.

രണ്ട് സെന്റ് മുതൽ പത്ത് സെന്റ് വരെ വിസ്തൃതിയിൽ ജില്ലയിലെ ഇരുപത് സ്ഥലത്ത് ഇത്തരം ചെറുവനങ്ങൾ വളർത്തിയിട്ടുണ്ട്. ഓരോ സ്ഥലത്തും അനുയോജ്യമായ വൃക്ഷങ്ങളാണ് വെച്ചുപിടിപ്പിച്ചത്. രണ്ട് സെന്റ് ഭൂമിയിൽ 400 വൃക്ഷത്തൈകൾ നടാൻ സാധിക്കും. ഇടതൂർന്ന് വളരുന്ന വൃക്ഷങ്ങളുടെ മുകൾപ്പരപ്പ് ബൊക്കെയുടെ ആകൃതിയിലാവുന്ന രീതിയാണ് മിയാവാക്കി വിഭാവനം ചെയ്യുന്നത്.

വനംവകുപ്പുമായി സഹകരിച്ചാണ് ജില്ലാ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. താത്‌പര്യമുള്ളവർക്ക് വൃക്ഷത്തൈകൾ നൽകിയതിന് പുറമെ, തൈകൾ നടുന്നതിനും പരിപാലിക്കുന്നതിനുള്ള പരിശീലനവും നൽകി.

2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഫലവൃത്തോപ്പുകൾ ഒരുക്കുന്നതെന്നും താത്‌പര്യമുള്ള വ്യക്തികളിൽനിന്നും സംഘടനകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ഉടൻ അപേക്ഷകൾ സ്വീകരിക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പറഞ്ഞു. വനംവകുപ്പിന്റെ സാമൂഹിക വനവത്‌കരണ വിഭാഗവുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുക. മാവ്, പ്ലാവ്, സപ്പോട്ട, നെല്ലി എന്നീ വൃക്ഷങ്ങളാണ് നടുക. മാവുകൾക്കും പ്ലാവുകൾക്കും പ്രാധാന്യം നൽകും. ഇവ വലിയ വൃക്ഷമായി വളരുന്നതിന് പുറമെ, പക്ഷികൾക്കും മറ്റ് ജീവികൾക്കും ആഹാരവും നൽകും.

ആവശ്യമുള്ള ഫലവൃക്ഷത്തൈകൾ കേരളത്തിന് പുറത്തുള്ള നഴ്സറികളിൽനിന്ന്‌ കൊണ്ടുവരും. സമീപഭാവിയിൽ നിർമാണ-വികസന പ്രവർത്തനങ്ങൾ നടക്കാൻ ഇടയില്ലാത്ത സ്ഥലങ്ങളിലാണ് ഫലവൃക്ഷത്തോപ്പുകൾ വളർത്തുക.

Post a Comment

Previous Post Next Post
Join Our Whats App Group