ന്യൂഡല്‍ഹി: യൂറോപ്പിലും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും കുരങ്ങുവസൂരി (മങ്കിപോക്സ്) റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. രോഗം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ 80 ശതമാനവും 11 രാജ്യങ്ങളിലാണ്.
അമേരിക്ക, യു.കെ., കാനഡ, ഓസ്ട്രേലിയ, ഇസ്രയേല്‍, സ്പെയിന്‍, പോര്‍ച്ചുഗല്‍, സ്വീഡന്‍, ഫ്രാന്‍സ്, ബെല്‍ജിയം, ജര്‍മനി, ഇറ്റലി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടങ്ങളിൽനിന്ന് ഇന്ത്യയിലേക്കു വരുന്ന യാത്രക്കാരില്‍ രോഗലക്ഷണങ്ങളുള്ളവരെ വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേകം പരിശോധിക്കും. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ മെഡിക്കൽ ഗവേഷണ കൗൺസിലിനോടും (ഐ.സി.എം.ആര്‍.) നാഷണല്‍ സെന്റര്‍ഫോര്‍ ഡിസീസ് കണ്‍ട്രോളിനോടും (എന്‍.സി.ഡി.സി.) കേന്ദ്രം നിര്‍ദേശിച്ചു.
പനി, തലവേദന, ക്ഷീണം, നടുവേദന, കഴലവീക്കം, പേശിവേദന എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാംപിളുകള്‍ പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ (എന്‍.ഐ.വി.) വിദഗ്ധ പരിശോധനയ്ക്കയക്കും. പരിശോധനാഫലം വരുന്നതുവരെ ഇവരെ നിരീക്ഷണത്തിലാക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശമുണ്ട്. ജനങ്ങള്‍ കുരങ്ങുള്‍പ്പടെയുള്ള മൃഗങ്ങളില്‍നിന്ന് അകലം പാലിക്കണം.
Post a Comment