തലശ്ശേരി : പാർക്കിൽ സ്നേഹപ്രകടനം നടത്തി ഒളിക്യാമറയിൽ പതിഞ്ഞത് ഒട്ടേറെപ്പേരുടെ ദൃശ്യങ്ങൾ. സല്ലാപവും അതിരുവിട്ട സ്നേഹപ്രകടനവും ഇവയിലുണ്ട്. ......
തലശ്ശേരി ഓവർബറീസ് ഫോളിയിൽ ചിത്രീകരിച്ച ദൃശ്യങ്ങളാണ് സാമൂഹികമാധ്യമങ്ങളിൽ വൈറലായത്. കമിതാക്കളുടെ സ്വകാര്യദൃശ്യങ്ങൾ പകർത്തി അവരെ ബ്ലാക്ക്‌മെയിൽ നടത്തി പണം തട്ടുകയായിരുന്നു ലക്ഷ്യമെന്ന് സംശയിക്കുന്നു. സംഭവത്തിൽ അഞ്ചുപേർ പിടിയിലായിട്ടുണ്ട്.
ഓവർബറീസ് ഫോളിയിലെ ഒഴിഞ്ഞസ്ഥലത്ത് കയറിയാൽ പുറത്തുനിന്ന് ആർക്കും കാണാൻ കഴിയില്ല. കമിതാക്കൾ ഇവിടെ എത്തുന്നത് മനസ്സിലാക്കിയ ചിലരാണ് സുരക്ഷാമതിലിന് വിടവുണ്ടാക്കി മൊബൈൽ ക്യാമറ സ്ഥാപിച്ച് ദൃശ്യം ചിത്രീകരിച്ചത്. ഇയാൾ പിന്നീട് പലർക്കും കൈമാറി. അത് ലഭിച്ചവരും കൈമാറി. സംഭവം പുറത്തറിഞ്ഞു. ഇതോടെ പോലീസ് സ്വമേധയ കേസെടുത്ത് അന്വേഷണം തുടങ്ങി.
തുടക്കത്തിൽ മൂന്നുപേരെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു. അതിനുശേഷം കമിതാക്കൾ നൽകിയ പരാതിയിൽ രണ്ടുപേരെക്കൂടി അറസ്റ്റ് ചെയ്തു.
അതിരുവിടരുതെന്ന് മുന്നറിയിപ്പ്
ഒളിക്യാമറയിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ കൈമാറിയവരെ പിടികൂടുമെന്ന് തലശ്ശേരി പോലീസ് ഇൻസ്‌പെക്ടർ എം.വി. ബിജു പറഞ്ഞു. പൊതുസ്ഥലത്ത് അതിരുവിട്ട സ്നേഹപ്രകടനം പാടില്ല. ചിത്രീകരിക്കുന്നതും കൈമാറുന്നതും കുറ്റമാണ്. സംഭവം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. വിനോദസഞ്ചാരകേന്ദ്രങ്ങളിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
പൊതുസ്ഥലങ്ങളിൽ അതിരുവിട്ട സ്നേഹപ്രകടനം നടത്തുന്നവർക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ഒളിക്യാമറ ചിത്രീകരണം. കമിതാക്കളുടെയും ദമ്പതിമാരുടെയും കല്യാണം നിശ്ചയിച്ചവരുടെയും സ്വകാര്യതയാണ് ഒളിക്യാമറ പകർത്തിയത്. അശ്ലീലസൈറ്റുകളിൽ ഇത്തരം ദൃശ്യങ്ങൾ പ്രചരിച്ചു.
ഇതോടൊപ്പം ദൃശ്യങ്ങൾ പല വാട്‌സാപ്പ് ഗ്രൂപ്പുകളിലും പ്രചരിക്കുകയും ചെയ്തു. സൈബർ സെല്ലിന്റെ സഹായത്തോടെയുള്ള അന്വേഷണത്തിലാണ് പോലീസ് കുറ്റവാളികളെ കണ്ടെത്തിയത്. കേസിൽ പന്ന്യന്നൂരിലെ വിജേഷ് (30), മഠത്തുംഭാഗം പാറക്കെട്ടിലെ അനീഷ് (34) എന്നിവരെയാണ് കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. വിജേഷ് ചിത്രീകരിച്ച ദൃശ്യം അനീഷാണ് മറ്റുള്ളവർക്ക് കൈമാറിയതെന്നും പോലീസ് പറഞ്ഞു.
Post a Comment