തിരുവനന്തപുരം:
റമദാൻ മുപ്പത് പൂർത്തിയാക്കി കേരളത്തിൽ ഇന്ന് ചെറിയ പെരുന്നാൾ. ആത്മനിയന്ത്രണത്തിന്റെയും ത്യാഗത്തിന്റെയും ദാനശീലത്തിന്റെയും മാഹാത്മ്യം വിളിച്ചോതുന്ന ആഘോഷമാണ് ഈദുൽ ഫിത്തർ. പട്ടിണി രഹിതവും, കൂടുതൽ സന്തോഷകരവുമായ ലോകം ഉറപ്പാക്കേണ്ടത് നമ്മുടെ കടമയാണെന്ന് റംസാൻ വ്രതം നമ്മെ ഓർമിപ്പിക്കുന്നു. ചെറിയ പെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്തെ എല്ലാ സർക്കാർ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ബാങ്കുകള്‍ക്കും അവധിയാണ്.
ചെറിയ പെരുന്നാള്‍ ഇന്നലെയായിരിക്കുമെന്ന് കരുതി, അവധി സർക്കാർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ, മാസപിറവി കാണാത്തതിനാൽ ചെറിയ പെരുന്നാൾ ഇന്നത്തേക്ക് മാറിയെങ്കിലും ഇന്നലത്തെ അവധി തുടരാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, കൊവിഡ് മഹാമാരിക്ക് ശേഷമെത്തിയ ആദ്യ ഈദ് ആഘോഷമാക്കി മക്കയിലും മദീനയിലും വിശ്വാസികള്‍. പുലര്‍ച്ചെ നടന്ന ഈദ് നമസ്‌കാരത്തിന് മക്കയിലും മദീനയിലും നിരവധി പേരെത്തി.
മക്ക ഗ്രാന്‍ഡ് മസ്ജിദ് ഇമാം ഷെയ്ഖ് സാലിഹ് ബിന്‍ അബ്ദുല്ല ബിന്‍ ഹുമൈദാണ് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കിയത്. വിശ്വാസികളെ കൊണ്ടുള്ള തിരക്ക്, ആഘോഷവും ഐക്യവുമുള്ള പുണ്യഭൂമിയില്‍ കാണാനായി. വ്രതാവസാനത്തിന്റെ ഐശ്വര്യവും ഈദ് സന്ദേശവും പരസ്പരം കൈമാറി ഏവരും സന്തോഷത്തില്‍ പങ്കുകൊണ്ടു. മദീനയില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മദീന ഗവര്‍ണര്‍ ഫൈസല്‍ ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്‍ പങ്കെടുത്തു.
Post a Comment