കൊച്ചി: തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയാണ് പാര്‍വതി തിരുവോത്ത്. തന്റേതായ അഭിനയ മികവിലൂടെ പ്രതിഭ തെളിയിച്ച താരം, മലയാളത്തിന് പുറമേ കന്നട തമിഴ്, ഹിന്ദി തുടങ്ങിയ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. സമൂഹ മാധ്യമത്തിലും സജീവമായ താരം, പൊതു ജീവിതത്തിലും കൃത്യമായ നിലപാടുകൾ വ്യക്തമാക്കാറുണ്ട്.
ഇത്തരത്തിൽ, മമ്മൂട്ടി നായകനായ കസബ എന്ന ചിത്രത്തിൽ സ്ത്രീവിരുദ്ധത ആഘോഷിച്ചതായി, പാര്‍വതി നടത്തിയ വിമര്‍ശനം വലിയ വിവാദങ്ങളാണ് സൃഷ്ടിച്ചത്. ഇതിന് പിന്നാലെ, താരത്തിനെതിരെ രൂക്ഷമായ സൈബര്‍ ആക്രമണം ഉണ്ടാകുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
തനിക്കും മമ്മൂട്ടിക്കുമിടയില്‍, അത് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ലെന്നും കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാന്‍, ആ തുറന്നുപറച്ചില്‍ സഹായിച്ചുവെന്നും പാർവതി പറയുന്നു.
‘എനിക്കും മമ്മൂട്ടിക്കുമിടയില്‍ അത് ഒരു തരത്തിലുമുള്ള പ്രശ്‌നങ്ങളുണ്ടാക്കിയിട്ടില്ല. ആ സംഭവത്തിന് പിന്നാലെ ഉണ്ടായ ‘പൊങ്കാല’യ്ക്കിടയില്‍ ഞാന്‍ അദ്ദേഹത്തിന് മെസേജയച്ചു. ഞാന്‍ പേഴ്‌സണലി പറഞ്ഞതല്ല എന്ന് പറഞ്ഞു. അതൊന്നും കുഴപ്പമില്ല, ജസ്റ്റ് റിലാക്‌സ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഞങ്ങളുടെ ഇടയില്‍ ഒരു പ്രശ്‌നവുമില്ല. ഞാന്‍ അദ്ദേഹത്തെ അറ്റാക്ക് ചെയ്യുകയാണെന്ന തരത്തില്‍ പ്രചരിപ്പിച്ചത് മറ്റ് ചിലരായിരുന്നു. അത് ഒരിക്കലും ഒരു അറ്റാക്ക് അല്ലായിരുന്നു. ഞാനൊരു സത്യമാണ് പറഞ്ഞത്.
കേരളത്തില്‍ നടന്ന വലിയ മാറ്റത്തിന് രൂപം കൊടുക്കാന്‍, ആ തുറന്നുപറച്ചില്‍ സഹായിച്ചു. ഇപ്പോള്‍ ആളുകളുടെ സംസാരത്തിലും എഴുത്തിലും നിര്‍മ്മിക്കപ്പെടുന്ന സിനിമകളിലും അത്രത്തോളം സൂക്ഷ്മത പുലര്‍ത്തുന്നുണ്ട്. ആ ഒരു മാറ്റത്തിന് വേഗത നല്‍കിയ സ്റ്റേറ്റ്‌മെന്റായിരുന്നു അത്. അത് ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ആ വിവാദങ്ങളൊന്നും എന്നെ ബാധിച്ചിട്ടില്ല. പകരം, എന്തുസംഭവിച്ചാലും സത്യം തുറന്ന് പറയാനുള്ള ധൈര്യം കൂട്ടുകയാണ് ചെയ്തത്.’
Post a Comment