Join Our Whats App Group

ബെഡ്റൂമിലും ബാത്ത്റൂമിലും സ്വകാര്യതയില്ല, സ്മാർട് ക്യാമറയും മൈക്കും പ്രവര്‍ത്തിക്കും, അറിഞ്ഞിരിക്കണം ചില കാര്യങ്ങൾ

 


എങ്ങോട്ടെങ്കിലും പോകുമ്പോള്‍ ആരെങ്കിലും പിന്തുടരുന്നതായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? അങ്ങനെ തോന്നി തിരിഞ്ഞു നോക്കുമ്പോള്‍ ആരെയും കാണാത്ത അനുഭവവും ഉണ്ടായിട്ടുണ്ടോ? നിത്യ ജീവിതത്തില്‍ അങ്ങനെ പല തോന്നലുകളും യാഥാര്‍ഥ്യമാകണമെന്നില്ല. എന്നാല്‍, നമുക്കറിയുന്നതും അറിയാത്തതുമായതുമായ സ്മാര്‍ട് ഉപകരണങ്ങള്‍ നമ്മെ ഓരോരുത്തരേയും പിന്തുടര്‍ന്ന് വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് എന്നത് വസ്തുതയാണ്. ഇത് ഇന്റര്‍നെറ്റ് ഭരിക്കുന്ന പുതിയ ലോകത്ത് സ്വകാര്യതയെന്നത് സ്വപ്‌നം മാത്രമായി അവശേഷിപ്പിക്കുകയാണ്. കുളിമുറിയിലും ബെഡ്റൂമിലും ഓഫിസിലും പൊതുസ്ഥലങ്ങളിലും എല്ലാം രഹസ്യവും പരസ്യവുമായ ക്യാമറകളാണ് നമ്മെ പിന്തുടരുന്നത്. ഇതിനെല്ലാം പുറമെ സ്മാർട് ഫോണുകളിലെ ക്യാമറകളും. ശരിക്കും പറഞ്ഞാൽ ഭൂമിയിൽ ഒരിടത്തും സ്വകാര്യത ഇല്ല.

നമ്മള്‍ ഇന്ന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളേയും സ്മാര്‍ട് ഉപകരണങ്ങളേയും കുറിച്ച് ഒരു 15-20 വര്‍ഷം മുൻപ് ചിന്തിക്കാന്‍ പോലും സാധിക്കുമായിരുന്നില്ല. ഇന്ന് വീടുകളിലും ഓഫിസുകളിലും നഗരങ്ങളില്‍ പൊതുവേയും ഉപയോഗിക്കുന്ന പല സ്മാര്‍ട് ഉപകരണങ്ങളും വ്യക്തികളെക്കുറിച്ചുള്ള സ്വകാര്യ വിവരങ്ങള്‍ വലിയ തോതില്‍ ശേഖരിക്കുകയും വിതരണം ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. 


ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന കാറും വീട്ടുപകരണങ്ങളുമൊക്കെ സ്മാര്‍ട് ആകുന്നതോടെ കൂടുതല്‍ സ്വകാര്യ വിവരങ്ങള്‍ കൂടിയാണ് ശേഖരിക്കപ്പെടുന്നത്. മുറിക്കകത്തേക്ക് വരുമ്പോള്‍ ലൈറ്റ് തെളിയുന്നതും പോകുമ്പോള്‍ കെടുന്നതും കേടാകാറായ തക്കാളിയെക്കുറിച്ച് റഫ്രിജറേറ്റര്‍ മുന്നറിയിപ്പ് നല്‍കുന്നതും കാലാവസ്ഥക്കനുസരിച്ച് മുറിക്കകത്തെ താപനില ക്രമീകരിക്കുന്നതും അടുത്ത ദിവസത്തെ ഔദ്യോഗികവും വ്യക്തിപരവുമായ പരിപാടികളെ രാവിലെ സ്മാര്‍ട് ഉപകരണം ഓര്‍മിപ്പിക്കുന്നതിനു പിന്നിലുമെല്ലാം വ്യക്തമായ വിവരശേഖരം നടക്കുന്നുണ്ട്. 


ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റ് വഴി പങ്കുവെക്കപ്പെടുകയും താരതമ്യം ചെയ്യപ്പെടുകയുമൊക്കെ ചെയ്യുന്നുണ്ട്. ഇന്റര്‍നെറ്റ് ബന്ധമില്ലെങ്കില്‍ ഇത്തരം സ്മാര്‍ട് ഉപകരണങ്ങള്‍ക്ക് അവയുടെ വലിയ വിഭാഗം ശേഷി നഷ്ടപ്പെടുകയും ചെയ്യും. ഉദാഹരണത്തിന് സ്മാര്‍ട് തെര്‍മോസ്റ്റാറ്റിന് ഇന്റര്‍നെറ്റില്ലെങ്കിലും നിങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാനാകുമെങ്കിലും കാലാവസ്ഥക്കനുസരിച്ച് മുറിയിലെ താപനില ക്രമീകരിക്കാന്‍ സാധിക്കില്ല. വീടുകളില്‍ മാത്രമല്ല ജോലിസ്ഥലങ്ങളിലും ഷോപ്പിങ് മാളുകളിലും നഗരകേന്ദ്രങ്ങളിലുമെല്ലാം ഇത്തരം സ്മാര്‍ട് ഉപകരണങ്ങള്‍ വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ വ്യക്തമായ അറിവോ സമ്മതമോ പോലുമില്ലാതെ പലപ്പോഴും ഇവ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ടെന്ന് കൂടിയാണ് ഇതിനര്‍ഥം.


ഗതാഗത രംഗത്തും ചരക്കു നീക്കത്തിലും കൃഷിയിലും വ്യവസായത്തിലുമെല്ലാം ഇതിനകം തന്നെ ലോകത്തിന്റെ പലയിടത്തും ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് വ്യാപകമായിക്കൊണ്ടിരിക്കുകയാണ്. 2018 ആയപ്പോഴേക്കും 2,200 കോടി ഇന്റര്‍നെറ്റുമായി ബന്ധമുള്ള സ്മാര്‍ട് ഉപകരണങ്ങളാണ് ലോകത്തുണ്ടായിരുന്നത്. 2030 ആകുമ്പോഴേക്കും കുറഞ്ഞത് 5,000 കോടിയായി ഇത് കുതിച്ചുയരുമെന്നും കണക്കാക്കപ്പെടുന്നു.


വളരെ വിപുലമായ വിവരങ്ങള്‍ ആധുനിക സ്മാര്‍ട് ഉപകരണങ്ങള്‍ ശേഖരിക്കുന്നുണ്ട്. വിഡിയോയും മൈക്രോഫോണും ഉപയോഗിച്ച് നിങ്ങളുടെ സാന്നിധ്യവും ചെയ്തികളും ഇവയ്ക്ക് ശേഖരിക്കാനാകും. സ്മാര്‍ട് ടിവിയിലെ ക്യാമറകള്‍ ഉപയോഗിച്ച് നിങ്ങളെ നിരീക്ഷിക്കാനാകും. സ്മാര്‍ട് ലൈറ്റുകള്‍ മതി നിങ്ങളുടെ ഉറക്കവും ഹൃദയത്തിന്റെ പ്രവര്‍ത്തനവും മനസിലാക്കാന്‍, സ്മാര്‍ട്ട് വാക്വം ക്ലീനറുകള്‍ വഴി വീടിന്റെ ഓരോ ഇഞ്ചും തിരിച്ചറിയാനുമാകും. ഭൂരിഭാഗം സമയത്തും ഇത്തരം സ്വകാര്യത ഭേദിച്ചുള്ള നിരീക്ഷണ സംവിധാനങ്ങള്‍ ഫീച്ചറുകളായാണ് അവതരിപ്പിക്കപ്പെടാറ്. മനുഷ്യരല്ല ഓട്ടമേറ്റഡ് ഡിസിഷന്‍ മേക്കിങ് സിസ്റ്റങ്ങളാണ് ഈ വിവരങ്ങള്‍ വിശകലനം ചെയ്യുക എന്നാണ് സാധാരണ നിര്‍മാതാക്കള്‍ പറയുക. എന്നാല്‍ എല്ലാ സമയത്തും ഇത് വസ്തുതയുമായി ചേര്‍ന്നു പോവുന്ന അവകാശവാദമല്ല. ഉദാഹരണത്തിന് അലെക്‌സയിലൂടെയുള്ള ഉപഭോക്താക്കളുടെ സംസാരങ്ങള്‍ ആമസോണ്‍ ജീവനക്കാര്‍ കേട്ട ശേഷമാണ് പലപ്പോഴും ഓട്ടമേറ്റഡ് ഡിസിഷന്‍ മേക്കിങ് സംവിധാനങ്ങള്‍ക്ക് കൈമാറാറ്. ഇത്തരത്തില്‍ ശേഖരിക്കപ്പെടുന്ന വിവരങ്ങള്‍ ഹാക്കര്‍മാരുടെ കൈകളിലേക്കെത്തപ്പെടുന്നത് തീരാത്ത പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യും.


പല സ്മാര്‍ട് ഉപകരണങ്ങളും സ്വകാര്യത സംരക്ഷക്കുന്നതിന് ഉപഭോക്താക്കള്‍ക്ക് ഇത്തരം വിവരശേഖരണം വേണ്ടെന്ന് വെക്കാനുള്ള ഓപ്ഷനും നല്‍കുന്നുണ്ട്. എന്നാല്‍ അങ്ങനെ ചെയ്താല്‍ ഇത്തരം ഉപകരണങ്ങളുടെ പല പ്രധാന ഫീച്ചറുകളും കൂട്ടത്തില്‍ ഇല്ലാതാവുകയും ചെയ്യും. മാത്രമല്ല പൊതു സ്ഥലങ്ങളിലെ സ്മാര്‍ട് ഉപകരണങ്ങളില്‍ ഇത്തരം വിവരശേഖരണം പരിമിതപ്പെടുത്തുന്ന രീതികള്‍ സ്വീകരിക്കാറുമില്ല. അതുകൊണ്ടുതന്നെ ഏതൊരു സ്മാര്‍ട് ഉപകരണം വാങ്ങുന്നതിനും മുൻപായി ഇത് എത്രത്തോളം തങ്ങളുടെ സ്വകാര്യ വിവരങ്ങളെ ശേഖരിക്കാനും ഉപയോഗിക്കാനും സാധ്യതയുണ്ട് എന്നതിനെക്കുറിച്ച് ഒരു ധാരണ ഉണ്ടാക്കേണ്ടത് നല്ലതാണ്. 

എന്നാല്‍ ഇത് അത്ര എളുപ്പമുള്ളതല്ല. പലപ്പോഴും സ്മാര്‍ട് ഉപകരണങ്ങളുടെ നിര്‍മാതാക്കള്‍ക്ക് പോലും ഏതെല്ലാം വിവരശേഖരം നടക്കുന്നുണ്ടെന്നതിനെക്കുറിച്ച് മുഴുവന്‍ ധാരണ ഉണ്ടാവണമെന്നില്ല. ഉദാഹരണത്തിന് സ്മാര്‍ട് ഹോം പേഴ്‌സണല്‍ അസിസ്റ്റുകള്‍ നിര്‍മിക്കുന്ന കമ്പനികള്‍ക്ക് ഏതെല്ലാം വിവരങ്ങള്‍ എവിടെയെല്ലാമാണ് ശേഖരിക്കുന്നത് എന്നത് സംബന്ധിച്ച് ധാരണയില്ല എന്ന് നേരത്തേ തന്നെ പഠനങ്ങളില്‍ വ്യക്തമായിട്ടുണ്ട്. ലോകത്തെ പല രാജ്യങ്ങളും സ്വകാര്യതയെ സംരക്ഷിക്കാനുള്ള നിയമങ്ങള്‍ ശക്തമായി നിര്‍മിച്ചിട്ടുണ്ട്. അപ്പോഴും വ്യക്തികളുടെ വിവേചനവുമായി ബന്ധപ്പെട്ടിരിക്കുന്നു പലപ്പോഴും സ്വകാര്യ വിവരശേഖരണം.

Post a Comment

Previous Post Next Post
Join Our Whats App Group