ഇടുക്കി:
കുഞ്ഞുങ്ങളുടെയടക്കം ജീവൻ കവർന്നെടുത്ത നിഷ്ഠൂരകൊലയുടെ നടുക്കത്തിലാണ് ഇടുക്കിയിലെ ചീനിക്കുഴി. ‘എന്റെ പിള്ളേരാ.. എനിക്ക് അനിയത്തിമാരെ പോലെയാണ്. എന്റെ വീട്ടിലാണ് അവർ വളർന്നത്. തീ പടർന്നപ്പോൾ, ചേട്ടായി ഓടി വാ… എന്ന് പറഞ്ഞ് അവരാ എന്നെ ഫോൺ വിളിച്ചെ, പക്ഷെ…’ കണ്മുന്നിൽ കണ്ട ദുരന്തത്തിന്റെ ഞെട്ടലിൽ നിന്നും അയൽവാസിയായ രാഹുൽ രാജ് ഇപ്പോഴും മുക്തനായിട്ടില്ല. കുടുംബ വഴക്കിന്റെ പേരിൽ അച്ഛൻ സ്വന്തം മകനെയും ഭാര്യയേയും പേരക്കുട്ടികളെയും തീ വച്ച് കൊലപ്പെടുത്തിയ ഹമീദിന്റെ ക്രൂരമുഖം നേരിൽ കണ്ടയാളാണ് രാഹുൽ.
‘പുലർച്ചെ 12.45 നാണ് പിള്ളേര് ഫോൺ വിളിച്ചത്. ഫോൺ എടുത്തതും അലറിക്കരച്ചിൽ ആയിരുന്നു. ചേട്ടായി ഓടി വാ… എന്ന് പറഞ്ഞ് അവർ കരയുകയായിരുന്നു. ഞാൻ ഓടി അവിടെയെത്തിയപ്പോൾ മുന്നിലെ വാതിൽ അടച്ചിട്ടിരിക്കുകയായിരുന്നു. ചവുട്ടി തുറന്ന് അകത്ത് കയറിയപ്പോൾ, ബെഡ്റൂമിലെ വാതിലും അടച്ചിട്ടിരിക്കുന്നു. അപ്പോഴേക്കും റൂമിലെ കിടക്ക കത്തി നശിച്ചു. അപ്പോഴും അയാൾ, ആ ഹമീദ്… പെട്രോൾ നിറച്ച കുപ്പി മുറിയിലേക്ക് എറിയുകയായിരുന്നു. തീയണയ്ക്കാൻ വെള്ളമെടുക്കാൻ പൈപ്പ് തുറന്നപ്പോൾ വെള്ളമില്ല. മോട്ടോർ ഓണാക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ കണക്ഷൻ മുറിച്ചിട്ടിരിക്കുന്നു. എങ്ങും വെള്ളമില്ല. അപ്പോഴേക്കും ആൾക്കാർ ഓടിക്കൂടിയിരുന്നു. അയാൾ എല്ലാ വഴികളും അടച്ചശേഷമായിരുന്നു ഈ ക്രൂരത ചെയ്തത്. എന്റെ വീട്ടിൽ കിടന്നുറങ്ങി വളർന്ന പിള്ളേരാ… എനിക്ക് എന്റെ അനിയത്തിമാരെ പോലെ ആയിരുന്നു’, രാഹുൽ കരച്ചിലോടെ പറയുന്നു.
വളരെയധികം പേടിപ്പെടുത്തുന്ന രീതിയിലായിരുന്നു കൊലപാതകിയായ ഹമീദ് പെരുമാറിയിരുന്നതെന്ന് നാട്ടുകാർ പറയുന്നു. തീ ആളിപ്പടരുമ്പോഴും, അകത്ത് മകനും പേരമക്കളും എരിഞ്ഞടങ്ങുമ്പോഴും, പെട്രോൾ കുപ്പി വീണ്ടും ജനലിലൂടെ വീട്ടിലേക്ക് വലിച്ചെറിയാൻ ശ്രമിച്ചു കൊണ്ടിരിക്കുകയായിരുന്നു ഹമീദ്. നാട്ടുകാർ ചേർന്നാണ് ഹമീദിനെ പിന്തിരിപ്പിച്ചത്.
മകന് എഴുതി കൊടുത്ത സ്വത്ത്, തിരികെ വേണമെന്ന് പറഞ്ഞ് ഹമീദ് മകനുമായി വഴക്കുണ്ടാക്കുമായിരുന്നു. ഈ വഴക്കാണ് ക്രൂര കൊലപാതകത്തിലേക്ക് നയിച്ചത്. മക്കളുമായി ഇയാൾ കുറച്ച് കാലമായി വഴക്കിടുമായിരുന്നെങ്കിലും, ഹമീദ് ഇത്തരമൊരു ക്രൂരകൃത്യം നടത്തുമെന്ന് കരുതിയില്ലെന്ന് സമീപവാസികൾ പറഞ്ഞു. ഹമീദിന്റെ മകൻ മുഹമ്മദ് ഫൈസൽ, മരുമകൾ ഷീബ, പേരക്കുട്ടികളായ മെഹ്‌റു, അസ്‌ന എന്നിവരാണ് മരിച്ചത്. ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്വത്ത് വീതം വെച്ച് നല്‍കിയിട്ടും തന്നെ നോക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായതെന്ന് ഹമീദ് പൊലീസിനോട് പറഞ്ഞു.
Post a Comment