കൊച്ചി:
കൊവിഡ് ഭീഷണി പൂർണമായും ഒഴിഞ്ഞ് സാമ്പത്തിക രംഗം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതോടെ രാജ്യത്തെ വായ്പാ വിതരണത്തിൽ വൻ ഉണർവ് ദൃശ്യമാകുന്നു. വായ്പകളുടെ പലിശനിരക്ക് താഴ്ന്നു നിൽക്കുന്നതും വ്യാപാര രംഗത്തെ ഉണർവും സംരംഭകർ പുതിയ നിക്ഷേപങ്ങൾക്ക് ആവേശത്തോടെ തയാറെടുക്കുന്നതുമാണ് വായ്പകളുടെ ആവശ്യത്തിൽ താത്പര്യം കൂടാൻ കാരണം. കഴിഞ്ഞ രണ്ട് മാസത്തിനിടെ പൊതുമേഖല, സ്വകാര്യ ബാങ്കുകൾക്കും ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളും വലിയ തോതിൽ വായ്പകൾക്കുള്ള അപേക്ഷകൾ കൈകാര്യം ചെയ്തുവെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.
സ്വർണ പണയ വായ്പാ മേഖലയിലാണ് ഈ കാലയളവിൽ മികച്ച വളർച്ച ദൃശ്യമായത്. കാർഷിക, വ്യക്തിഗത ആവശ്യങ്ങൾക്കായി സ്വർണത്തിന്റെ ജാമ്യത്തിൽ വായ്പകൾ നേരിടുന്നവരുടെ എണ്ണം കൂടുകയാണ്. കേരളം ആസ്ഥാനമായ ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങളായ മുത്തൂറ്റ് ഫിനാൻസ്, മണപ്പുറം, മുത്തൂറ്റ് ഫിൻ കോർപ്, മുത്തൂറ്റ് മിനി തുടങ്ങിയവയെല്ലാം വായ്പാ വിതരണത്തിൽ മികച്ച വളർച്ചയാണ് നേടുന്നത്. ഇതോടൊപ്പം പൊതുമേഖലാ ബാങ്കുകളായ കാനറ ബാങ്ക്, എസ്ബിഐ, പിഎൻബി തുടങ്ങിയവയും സ്വർണപണയ വായ്പാവിപണിയിൽ നേട്ടമുണ്ടാക്കുന്നു. സ്വകാര്യ ബാങ്കുകളായ ഫെഡറൽ ബാങ്ക്, സിഎസ്ബി ബാങ്ക് എന്നിവയും ഈ രംഗത്ത് മികച്ച നേട്ടമുണ്ടാക്കാനുള്ള ശ്രമത്തിലാണ്.
ചെറുകിട, ഇടത്തരം സംരംഭങ്ങളും പുതിയ വായ്പകൾ നേടാൻ ആവേശത്തോടെ രംഗത്തുണ്ട്. കൊവിഡ് പ്രതിസന്ധികളിൽ തളരാതെ പിടിച്ചുനിന്ന പല സംരംഭങ്ങൾക്കും ഇപ്പോൾ മികച്ച ബിസിനസ് അവസരമാണ് ലഭിക്കുന്നത്. ഉത്പാദനം വർധിപ്പിക്കാനും വിപണി വികസിപ്പിക്കാനും കൂടുതൽ മൂലധനം തേടിയാണ് ചെറുകിട, ഇടത്തരം സംരംഭങ്ങൾ ബാങ്കുകളെ സമീപിക്കുന്നത്. പലിശനിരക്ക് ചരിത്രത്തിലേക്കും ഏറ്റവും കുറഞ്ഞ തലത്തിലായതിനാൽ പ്രതിമാസ തിരിച്ചടവ് ബാധ്യതയും താരതമ്യേന കുറവാണ്. വ്യവസായ മേഖലയിലേക്ക് കൂടുതൽ പണമെത്തിക്കാൻ ബാങ്കുകൾക്ക് മേൽ റിസർവ് ബാങ്കും കേന്ദ്ര സർക്കാരും സമ്മർദം ശക്തമാക്കിയിട്ടുണ്ട്. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടി വായ്പ നിഷേധിക്കാൻ അതിനാൽ ബാങ്കുകളും തയാറല്ല.
അതേസമയം, ഭവനവായ്പാ രംഗത്ത് ഇനിയും കാര്യമായ ഉണർവ് ദൃശ്യമായിട്ടില്ല. ഏപ്രിലിനു ശേഷം ഈ രംഗത്ത് മികച്ച വളർച്ചയുണ്ടാകുമെന്നാണ് ബാങ്കുകളുടെ പ്രതീക്ഷ. ഇതിനിടെ പുതിയ ക്രെഡിറ്റ് കാർഡുകളുടെ വിൽപനയിലും വൻ വർധന ദൃശ്യമാണ്. ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ ക്രെഡിറ്റ് കാർഡ് എന്നിവയാണ് ഈ രംഗത്ത് ഏറെ ശ്രദ്ധ പതിപ്പിക്കുന്നത്.
Post a Comment