Join Our Whats App Group

ഡിവൈഎഫ്‌ഐയുടെ നേതൃ നിരയിലേക്ക് ആദ്യമായി കോട്ടയത്ത് നിന്നും ട്രാന്‍സ് വുമണ്‍ പ്രാതിനിധ്യം: ചേർത്ത് പിടിച്ച് പ്രവർത്തകർ

 


കോട്ടയം: 

ഡിവൈഎഫ്‌ഐയുടെ നേതൃ നിരയിലേക്ക് ആദ്യമായി കോട്ടയത്ത് നിന്നും ട്രാന്‍സ് വുമണ്‍ പ്രാതിനിധ്യം. ചങ്ങനാശേരി സ്വദേശിനി ലയ മരിയ ജെയ്സനെയാണ് പാമ്പാടിയില്‍ നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുത്തത്. തിരുവനന്തപുരത്ത് സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡില്‍ പ്രൊജക്റ്റ് അസിസ്റ്റന്‍റാണ് 30കാരിയായ ലയ.


ട്രാന്‍സ് സമൂഹത്തിന് നിഷേധിക്കുന്ന അവകാശങ്ങള്‍ നേടിയെടുക്കാന്‍ തന്‍റെ അംഗത്വം കരുത്തുനല്‍കുമെന്ന് ലയ പറഞ്ഞു. സാമൂഹിക മാധ്യമങ്ങളിലൂടെ അഭിവാദ്യപ്പെരുമഴയുമായാണ് കേരളത്തിലെമ്പാടുമുള്ള ഡിവൈഎഫ്‌ഐ പ്രവർത്തകർ ലയയുടെ വരവിനെ സ്വാഗതം ചെയ്തിരിക്കുന്നത്.


ചങ്ങനാശേരി എസ്.ബി കൊളെജിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം പൂര്‍ത്തിയാക്കിയ ലയ ഡിവൈഎഫ്‌ഐ തുരുത്തി മേഖല കമ്മിറ്റിയിലും ചങ്ങനാശേരി ബ്ലോക്ക് കമ്മിറ്റിയിലും അംഗമായിരുന്നു. 2016ൽ ലയ തന്‍റെ സ്വത്വത്തിലേക്കെത്തിയ ശേഷമാണ് പാര്‍ട്ടി പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. 2019ല്‍ ഡിവൈഎഫ്‌ഐ അംഗത്വം എടുത്തു.


തനിക്ക് ലഭിച്ച പുതിയ ഉത്തരവാദിത്വം ഏറെ അഭിമാനത്തോടെ നിര്‍വഹിക്കുമെന്നും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തിന്‍റെ ശബ്ദമാകാനും അവര്‍ക്കുവേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും ഇത് സഹായിക്കുമെന്നും ലയ പറയുന്നു. പാര്‍ട്ടിയില്‍ നിന്നും ഇന്നേവരെ തനിക്ക് വിവേചനം നേരിടേണ്ടി വന്നിട്ടില്ല.


പുരോഗമന പ്രസ്ഥാനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ സമൂഹത്തെ ചേര്‍ത്ത് പിടിക്കുന്നുണ്ടെങ്കിലും പൊതുസമൂഹത്തിന്‍റെ കാഴ്ചപ്പാടില്‍ ഇനിയും ഒരുപാട് മാറ്റങ്ങള്‍ വരാനുണ്ടെന്നും ലയ പറയുന്നു. ചങ്ങനാശേരി ബ്ലോക്ക് കമ്മറ്റിയിൽ നിന്നും ജില്ലാ കമ്മിറ്റിയിലേക്കുള്ള ലയയുടെ വരവിനെ ഇതിനോടകം പ്രവർത്തകർ നെഞ്ചോട് ചേർത്ത് കഴിഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group