കണ്ണൂർ : പരിയാരം ചെറുതാഴം പടന്നപ്രത്തെ താത്രാടൻ വീട്ടിലെ നാടൻ കോഴിയാണ് ഇപ്പോൾ ആ നാട്ടിലെ താരം. നാടൻ ഇനത്തിൽപ്പെട്ട കോഴിയിടുന്ന അത്ഭുത മുട്ടകളുടെ വിശേഷങ്ങൾ ഇങ്ങനെ..
വീട്ടിലേക്കാവശ്യമായ മുട്ടകൾ വീട്ടിൽ തന്നെ ഉൽപാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ചെറുതാഴം പടന്നപ്രത്തെ താത്രാടൻ വീട്ടിൽ ഉമേഷ് നാടൻ കോഴികളെ വളർത്താൻ തുടങ്ങിയത്.ഇപ്പോഴിതാ കഴിഞ്ഞ 3 മാസമായി അതിൽ ഒരു നാടൻ കോഴിയിടുന്ന മുട്ടകളാണ് വീട്ടുകാർക്കും നാട്ടുകാർക്കും അത്ഭുതമായി തീർന്നിരിക്കുന്നത്.
മൂന്ന് മാസം മുമ്പാണ് കോഴി മുട്ടയിടാൻ തുടങ്ങിയത്. ഇവയിൽ ചിലത് സാധാരണയിൽ കവിഞ്ഞ വലിപ്പമുണ്ടായിരുന്നെങ്കിലും ശ്രദ്ധിച്ചിരുന്നില്ലെന്ന് ഉമേഷ് പറയുന്നു. ഈയടുത്ത 10 ദിവസങ്ങളിലായി ഇട്ട 3 വലുപ്പമേറിയ മുട്ടകളാണ് ഇവയൊന്ന് പൊട്ടിച്ചു നോക്കാൻ പ്രേരിപ്പിച്ചത്.
വലിയ മുട്ടക്കുള്ളിൽ വെള്ളക്കരുവും മഞ്ഞക്കരുവിൻ്റെ സ്ഥാനത്ത് സാധാരണ വലുപ്പത്തിലുള്ള മറ്റൊരു മുട്ടയുമാണ് ഉണ്ടായിരുന്നത്. ചെറിയമുട്ട പൊട്ടിച്ചപ്പോൾ ഉള്ളിൽ വെള്ളയും മഞ്ഞയും കരുക്കൾ ഉണ്ടായിരുന്നു.
തുടർന്ന് കരിമ്പം ഫാമിലെ ഉദ്യാഗസ്ഥനായ ഉമേഷ് മുട്ടയുടെ ഫോട്ടോയും വീഡിയോയും പരിചയക്കാരായ വെറ്റിനറി ഡോക്ടർമാർക്കും മറ്റും അയച്ചുകൊടുത്തെങ്കിലും ഈ അത്ഭുതത്തിൻ്റെ വ്യക്തമായ കാരണം അവർക്കാർക്കും വ്യക്തമാക്കാനായില്ലെന്നും ഭക്ഷണത്തിൽ നിന്നുള്ള അണുബാധ ഒരു കാരണമായിരിക്കാമെന്ന് ചിലർ പറഞ്ഞതായും ഉമേഷ് പറയുന്നു.
കഴിഞ്ഞ 3 മാസത്തിനിടയിൽ 10 മുട്ടകളാണ് അസാധരാരണ വലുപ്പത്തിൽ ഉള്ളിൽ മറ്റൊരു മുട്ടയുമായി ലഭിച്ചത്. കഴിഞ്ഞ ദിവസം പുറംന്തോട് ഉറക്കാതെ ഉള്ളിൽ മറ്റൊരു മുട്ടയുള്ള വലിയ മുട്ടയാണ് ലഭിച്ചത്. അത്ഭുത മുട്ടയെ കുറിച്ച് അറിഞ്ഞ് നിരവധിയാളുകൾ മുട്ടയെയും കോഴിയേയും കാണാൻ എത്തുന്നുണ്ടത്രേ.
Post a Comment