Join Our Whats App Group

കരിവെള്ളൂര്‍: ബസില്‍വെച്ച് ഉപദ്രവിച്ചയാളെ ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ച് ആരതി...

 


കരിവെള്ളൂര്‍: 

യാത്രയ്ക്കിടെ ബസില്‍വെച്ച് ഉപദ്രവിച്ചയാളെ യുവതി ഓടിച്ച് പിടിച്ച് പോലീസിലേല്പിച്ചു. കരിവെള്ളൂര്‍ കുതിരുമ്മലെ പി. തമ്പാന്‍ പണിക്കരുടെയും ടി. പ്രീതയുടെയും മകള്‍ പി.ടി. ആരതിയാണ് ഉപദ്രവിച്ച ആൾക്കെതിരെ പ്രതികരിച്ച് സ്ത്രീകൾക്ക് മാതൃകയായത്. കഴിഞ്ഞ ദിവസം കരിവെള്ളൂരില്‍നിന്ന് കാഞ്ഞങ്ങാട്ടേക്ക് കെ.എസ്.ആര്‍.ടി.സി. ബസില്‍ യാത്ര ചെയ്യുമ്പോഴാണ് ദുരനുഭവം.


ബസില്‍നിന്ന് ഇറങ്ങിയോടിയ അക്രമിയെ കാഞ്ഞങ്ങാട് ടൗണിലൂടെ പിന്നാലെ ഓടിയാണ് ആരതി പിടിച്ചത്. പ്രതി മാണിയാട്ട് സ്വദേശി രാജീവനെ (52) പോലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ ബസ് പണിമുടക്കായതിനാല്‍ ബസില്‍ നല്ല തിരക്കായിരുന്നു. നീലേശ്വരത്തെത്തിയപ്പോള്‍ ലുങ്കിയും ഷര്‍ട്ടും ധരിച്ച ഒരാള്‍ ആരതിയെ ശല്യം ചെയ്യാന്‍ തുടങ്ങി.


പലതവണ മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടുവെങ്കിലും അയാള്‍ അനുസരിച്ചില്ല. ബസിലുള്ള മറ്റാരും പ്രതികരിച്ചുമില്ല. ഉപദ്രവം തുടര്‍ന്നതോടെ പിങ്ക്‌പോലീസിനെ വിളിക്കാനായി ബാഗില്‍നിന്ന് ഫോണെടുത്തു. അപ്പോഴേക്കും ബസ് കാഞ്ഞങ്ങാട്ടെത്തിയിരുന്നു. ഇതിനിടയില്‍ അയാള്‍ ബസില്‍നിന്ന് ഇറങ്ങിയോടി.


ആരതിയും പിന്നാലെ ഓടി. കാഞ്ഞങ്ങാട് ടൗണിലൂടെ നൂറുമീറ്ററോളം പിറകെ ഓടി. രക്ഷപ്പെട്ടാല്‍ പരാതി നല്‍കുമ്പോള്‍ ഒപ്പം ചേര്‍ക്കാന്‍ അയാളുടെ ഫോട്ടോയുമെടുത്തു. ഒടുവില്‍ അയാള്‍ ഒരു ലോട്ടറി സ്റ്റാളില്‍ കയറി ലോട്ടറിയെടുക്കാനെന്ന ഭാവത്തില്‍ നിന്നു. ആരതി പിറകെയെത്തി സമീപ കടക്കാരോട് വിവരം പറഞ്ഞു. എല്ലാവരും ചേര്‍ന്ന് അയാളെ തടഞ്ഞുവെച്ചു. പിങ്ക് പോലീസിനെയും വിവരമറിയിച്ചു.


മിനിറ്റുകള്‍ക്കുള്ളില്‍ കാഞ്ഞങ്ങാട് പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. ചോദ്യംചെയ്തപ്പോഴാണ് മാണിയാട്ട് സ്വദേശി രാജീവനാണെന്ന് വ്യക്തമായത്. സാമൂഹികമാധ്യമത്തിലൂടെ ഇക്കാര്യം പങ്കുവെച്ചതോടെയാണ് ആരതിക്കുണ്ടായ ദുരനുഭവവും ചെറുത്തുനില്പും നാട്ടുകാരറിഞ്ഞത്.


കാഞ്ഞങ്ങാട് നെഹ്‌റു കോളേജില്‍നിന്ന് കഴിഞ്ഞവര്‍ഷം ബിരുദപഠനം പൂര്‍ത്തിയാക്കിയ ആരതി കോളേജിലെ എന്‍.സി.സി. സീനിയര്‍ അണ്ടര്‍ ഓഫീസറായിരുന്നു. ഇതിനു മുന്‍പും ബസില്‍വെച്ച് ആരതിക്ക് ഇത്തരമൊരു അനുഭവമുണ്ടായിരുന്നു. പോലീസിനോട് പറയാനായി ബസില്‍നിന്നിറങ്ങിയപ്പോള്‍ അയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group