കോഴിക്കോട് കോളജ് ഗ്രൗണ്ടില്‍ കാറും ബൈക്കുമായി അഭ്യാസ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തു. മൂന്ന് വിദ്യാര്‍ത്ഥികള്‍ക്കെതിരെയാണ് നടക്കാവ് പൊലീസ് കേസെടുത്തത്. മലബാര്‍ ക്രിസ്ത്യന്‍ കോളജ് ക്യാമ്പസിലാണ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഗ്രൗണ്ടില്‍ റേസിങ് നടത്തിയത്.
അഭ്യാസ പ്രകടനത്തിനിടെ കാറും ബൈക്കും കൂട്ടിയിടിച്ച് ഒരാള്‍ക്ക് പരിക്ക് പറ്റിയിരുന്നു. പരിക്ക് ഗുരുതരമല്ല. സ്‌കൂളിലെ യാത്രയയപ്പ് പരിപാടികളുടെ ഭാഗമായാണ് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ വാഹനങ്ങളുമായി ഗ്രൗണ്ടിലെത്തിയത്.
മൂന്ന് കാറുകളിലാണ് വിദ്യാര്‍ത്ഥികള്‍ മത്സരയോട്ടം നടത്തിയത്. കാറിന്റെ ബോണറ്റിലടക്കം കയറി ഇരുന്നായിരുന്നു പ്രകടനം. അമിത വേഗത്തില്‍ അപകടകരമായ വിധം ഗ്രൗണ്ടില്‍ അഭ്യാസം നടത്തുന്നതിനിടെയാണ് കാറും ബൈക്കും തമ്മില്‍ കൂട്ടിയിടിച്ചത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടപ്പോളാണ് പൊലീസ് വിവരം അറിയുന്നത്. വാഹനങ്ങള്‍ മോട്ടോര്‍വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുക്കും. സംഭവത്തില്‍ പ്രിന്‍സിപ്പാള്‍ പരാതിപ്പെട്ടതോടെയാണ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പൊലീസ് കേസെടുത്തത്.
Post a Comment