കൊല്ലം :
വീട്ടിൽ അതിക്രമിച്ച് കയറി ദമ്പതികളെ ആക്രമിച്ച സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം മാവിലമുക്ക് സ്വദേശി ഗോപകുമാറിന്റെ മകൻ ജിഷ്ണു (27) ആണ് അറസ്റ്റിലായത്. എഴുകോൺ സ്വദേശി പ്രതാപന്റെ വീട്ടിൽ അതിക്രമിച്ച് കയറിയ ജിഷ്ണു പ്രതാപനെയും ഭാര്യയെയും ആക്രമിക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അടിച്ച് തകർക്കുകയും ചെയ്‌തു.
ബുധനാഴ്ച വെളുപ്പിന് പന്ത്രണ്ട് മണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി വാഹനങ്ങൾ അടിച്ച് തകർക്കുകയായിരുന്നു ശബ്ദം കേട്ട് ഓടിയെത്തിയ പ്രതാപനെയും ഭാര്യയെയും ആക്രമിച്ച ജിഷ്ണു വീടിന്റെ ജനൽ ചില്ലുകളും അടിച്ച് തകർത്തു. വീടിന് മുന്നിൽ നിർത്തിയിട്ട സ്വിഫ്റ്റ് കാർ,ആൾട്ടോ കാർ,പിക്കപ്പ് വാൻ, ആക്ടീവ,മോട്ടോർസൈക്കിൾ തുടങ്ങിയവ അടിച്ച് തകർത്തു. ലക്ഷങ്ങളുടെ നാശനഷ്ട്ടമുണ്ടായതായാണ് വിവരം.
പ്രതാപന്റെ മകളുടെ ഫോൺ നമ്പർ ജിഷ്ണു ചോദിച്ചിരുന്നതായും അത് നൽകാത്തതിലുള്ള ദേഷ്യമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറയുന്നു. പ്രതാപന്റെ ഭാര്യ ശ്രീകുമാരി നൽകിയ പരാതിയിൽ പോലീസ് കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. മൂന്ന് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പരാതിയിൽ പറയുന്നത്. ബുധനാഴ്ച ഉച്ചയോടെയാണ് എഴുകോൺ പോലീസ് ജിഷ്ണുവിനെ അറസ്റ്റ് ചെയ്തത്. തുടർന്ന് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
إرسال تعليق