ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സര്‍ക്കാര്‍ നിശ്ചയിച്ച 50 രൂപക്ക് പകരം 110 രൂപ ഈടാക്കിയ അക്ഷയ കേന്ദ്രത്തിനെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് അക്ഷയ സംസ്ഥാന പ്രോജക്റ്റ് ഡയറക്ടര്‍ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു. മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പ്രോജക്റ്റ് ഡയറക്ടര്‍ ഇക്കാര്യം അറിയിച്ചത്.
പരാതിയുയര്‍ന്ന കാട്ടാക്കട കുറ്റിച്ചല്‍ അക്ഷയ കേന്ദ്രത്തില്‍ അക്ഷയ ജില്ലാ പ്രോജക്റ്റ് മാനേജര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. അക്ഷയ കേന്ദ്രങ്ങള്‍ മുഖേനയുള്ള സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ചിട്ടുള്ള സര്‍വീസ് ചാര്‍ജുകള്‍ അക്ഷയ കേന്ദ്രത്തില്‍ എഴുതി പ്രദര്‍ശിപ്പിച്ചിട്ടില്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ആധാറുമായി ബന്ധപ്പെട്ട സേവന നിരക്കിന്റെ രസീത് പൊതു ജനങ്ങള്‍ക്ക് നല്‍കിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആധാറില്‍ ഫോണ്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ ഉപഭോക്താവിന്റെ കൈയില്‍ നിന്നും സര്‍വീസ് ചാര്‍ജ്ജായി 110 രൂപ വാങ്ങിയതായി അക്ഷയ കേന്ദ്രം സംരംഭകന്‍ സമ്മതിച്ചു.
തന്റെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചതായി സംരംഭകന്‍ അംഗീകരിച്ചിട്ടുണ്ട്. 2019 ഒക്ടോബര്‍ 30ലെ സര്‍ക്കാര്‍ ഉത്തരവ് അനുസരിച്ച് സംരംഭകനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അക്ഷയ ജില്ലാ ചീഫ് കോ ഓഡിനേറ്റര്‍ കളക്ടര്‍ക്ക് കൂടുതല്‍ നടപടികള്‍ക്കായി ഫയല്‍ സമര്‍പ്പിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
Post a Comment