Join Our Whats App Group

ഹിജാബ് മാറ്റി ക്ലാസില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് അനുമതി: സമവായം രക്ഷിതാക്കളുമായുള്ള ചർച്ചയ്ക്ക് ശേഷം

 


ശിവമോഗ: സ്കൂളിലെ വെയ്റ്റിംഗ് റൂമില്‍ വച്ച് ഹിജാബ് മാറ്റിയ ശേഷം ക്ലാസുകളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദേശം നല്‍കി കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജ്. ശിവമോഗ ജില്ലയിലെ ഭദ്രാവതിയിലാണ് ക്ലാസുകളില്‍ ഹിജാബ് ഇല്ലാതെ പ്രവേശിക്കാന്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. വ്യാഴാഴ്ച മുതല്‍ ഇത്തരത്തില്‍ ക്ലാസില്‍ പങ്കെടുക്കാനാണ് നിര്‍ദ്ദേശം. വിദ്യാര്‍ത്ഥിനികളോടും അവരുടെ രക്ഷിതാക്കളോടും സംസാരിച്ച ശേഷമാണ് സമവായ തീരുമാനത്തിലെത്തിയതെന്നാണ് വിശ്വേശരയ്യ സര്‍ക്കാര്‍ കോളേജിലെ പ്രിന്‍സിപ്പല്‍ എം ജി ഉമാശങ്കര്‍ വിശദമാക്കുന്നത്.


ക്ലാസുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികള്‍ ഹിജാബ് ധരിക്കുന്നതിനെതിരെ ഒരു സംഘം വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെയാണ് തീരുമാനം. കോളേജിലെ ഒരു വിഭാഗം വിദ്യാര്‍ത്ഥികള്‍ കാവി ഷാള്‍ ധരിച്ച് കോളേജിലെത്തി പ്രതിഷേധിച്ചിരുന്നു. കര്‍ണാടകയിലെ സര്‍ക്കാര്‍ കോളേജുകളില്‍ യൂണിഫോം സംവിധാനമാണുള്ളത്.ചിക്കമംഗ്ളുരുവിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ കാവി ഷാളുമായി പ്രതിഷേധം നടത്തിയതിന് പിന്നാലെയാണ് ഹിജാബ് ധരിക്കുന്നതിനെതിരെ വിശ്വേശരയ്യ സര്‍ക്കാര്‍ കോളേജിലും പ്രതിഷേധം നടന്നത്.


അതേസമയം കര്‍ണാടകയിലെ സ്കൂളുകളില്‍ ഹിജാബ് നിരോധിച്ചതിന് എതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. മൗലികാവകാശങ്ങളുടെ ലംഘനമെന്ന് ചൂണ്ടികാട്ടി ഉഡുപ്പി വനിതാ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹിജാബ് നിരോധിച്ചത് മതസ്വാതന്ത്രത്തിനുള്ള അവകാശം നിഷേധിച്ചതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാട്ടി. കര്‍ണാടകയില്‍ വിവിധയിടങ്ങളില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടയുന്ന സംഭവം പതിവായതോടെ സ്കൂളുകളിലും കോളേജുകളിലും ശിരോവസ്ത്രം നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു.


Post a Comment

Previous Post Next Post
Join Our Whats App Group