ആലുവ:
കഴിഞ്ഞ ദിവസം ലോഡ്ജുകളിൽ നടത്തിയ പരിശോധനക്കിടെ കണ്ടെത്തിയ ഉത്തരേന്ത്യൻ യുവതികൾ മനുഷ്യക്കടത്തിന്റെ ഇരകളെന്ന് സംശയം. ഇരുപതോളം ലോഡ്ജുകളിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വിദേശത്തേക്കു പോകാനുള്ള അവസരം കാത്തു കഴിയുന്ന ഉത്തരേന്ത്യയിൽ നിന്നുള്ള ഒട്ടേറെ യുവതികളെ കണ്ടെത്തിയത്. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്കയക്കാം എന്ന് പറഞ്ഞാണ് സംഘങ്ങൾ ബിഹാർ, ബംഗാൾ, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും യുവതികളെ കേരളത്തിലെത്തിച്ചത്.
പാസ്പോർട്ടും പണവും ഇവർ മനുഷ്യക്കടത്തു സംഘത്തിനു നേരത്തേ കൈമാറിയിരുന്നു. ‘ബഡാ സാബ്’ തങ്ങളെ വിദേശത്തേക്ക് കൊണ്ടുപോകും എന്ന് മാത്രമാണ് യുവതികൾക്ക് അറിയാവുന്നത്. എന്നാൽ, ആരാണ് ഈ ബഡാ സാബ് എന്ന് യുവതികൾക്കും അറിയില്ല. വിമാനത്തിലാണോ ബോട്ടിലാണോ വിദേശത്തേക്കു കടത്തുന്നതെന്ന കാര്യത്തിൽ പൊലീസിനും കൃത്യമായ വിവരമില്ല. വിമാനത്താവളവുമായി ബന്ധപ്പെട്ടു വിവരങ്ങൾ ശേഖരിച്ചു വരികയാണ് പോലീസ്.
ബിഹാർ, ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നു ട്രെയിനിലാണു യുവതികൾ ആലുവയിൽ വന്നത്. ഇവരെ പിന്നീട് ഇടനിലക്കാർ ആലുവ പൊലീസ് സ്റ്റേഷൻ പരിസരത്ത് ലോഡ്ജിൽ എത്തിച്ചു. ലോഡ്ജുകളിൽ താമസിക്കുന്ന യുവതികൾ പകൽ പുറത്തിറങ്ങാറില്ല. 30നും 40നും ഇടയ്ക്കു പ്രായമുള്ളവരാണ് എല്ലാ യുവതികളും.
എന്തു ജോലിക്കാണ് ഇവരെ കൊണ്ടുപോകുന്നതെന്നു വ്യക്തമല്ല. യുവതികൾക്കും അതറിയില്ല. ആലുവ കേന്ദ്രീകരിച്ചു മനുഷ്യക്കടത്ത് തുടങ്ങിയിട്ടു മാസങ്ങളായി എന്നാണ് സൂചന. രഹസ്യാന്വേഷണ വിഭാഗം അറിഞ്ഞിട്ടു 2 ദിവസമേ ആയുള്ളൂ. തുടർന്നാണു റൂറൽ ജില്ലാ പൊലീസ് പരിശോധന നടത്തിയത്.
Post a Comment