Join Our Whats App Group

‘നീ വേറെയൊന്ന്വല്ല, ഇങ്ങ് വാ!’ : വിതുമ്പുന്ന മുസ്ലിം സ്ത്രീയെ അനുഗ്രഹിച്ച് മുത്തപ്പൻ, വൈറലായി വീഡിയോ

 


കണ്ണൂർ: 

മലബാർ മേഖലയിലെ പ്രധാന തെയ്യക്കോലമാണ് മുത്തപ്പന്‍. മുത്തപ്പന്‍ വെള്ളാട്ടം ഒരു മുസ്ലീം സ്ത്രീയോട് അനുകമ്പയോടെ സംസാരിക്കുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. നിരവധി ആൾക്കാർ ഇതിനോടകം മതസൗഹാർദ്ദം സ്ഫുരിക്കുന്ന ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു കഴിഞ്ഞു. സനി പെരുവണ്ണാൻ എന്ന കോലധാരിയാണ് ഈ വീഡിയോയില്‍ ഉള്ളത്. തന്‍റെ മുന്നിലേക്ക് വരാതെ മാറി നിന്ന മുസ്ലീം സ്ത്രീയെ ‘നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ… അങ്ങനെ തോന്നിയാ?’ എന്ന് ചോദിച്ച് അടുത്തേക്ക് വിളിച്ചാണ് മുത്തപ്പന്‍ വെള്ളാട്ടം അനുകമ്പയോടെ സംസാരിച്ച് തന്‍റെ അനുഗ്രഹങ്ങൾ ചൊരിയുന്നത്. സ്ത്രീ വിതുമ്പുന്നതും, മുത്തപ്പന്‍ ആശ്വസിപ്പിക്കുന്നതും വീഡിയോയിൽ കാണാം. മതത്തിന്‍റെ പേരില്‍ ഏറെ കാലുഷ്യമായ ഒരു കാലഘട്ടത്തില്‍ ഇത്തരം കാഴ്ചകള്‍ വലിയ ആശ്വാസമാണെന്ന് വീഡിയോ പങ്കുവെച്ച പലരും സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു.


മുത്തപ്പന്റെ വാക്കുകൾ ഇങ്ങനെ:


‘നീ വേറെയൊന്ന്വല്ല. ഇങ്ങ് വാ… അങ്ങനെ തോന്നിയാ? കർമ്മം കൊണ്ടും, ജാതി കൊണ്ടും, മതം കൊണ്ടും ഞാൻ വേറെയാണ് മുത്തപ്പാ എന്ന് തോന്നിപ്പോയോ… നിനക്ക് നിൻ്റെ ജീവിതത്തിൽ അങ്ങനെ തോന്നിയാലും എൻ്റെ മുന്നിൽ അങ്ങനെ പറയല്ലേ… മുത്തപ്പനെ കണ്ട്വാ? സന്തോഷമായോ..


എന്താ പറയാനുള്ളത് മുത്തപ്പനോട്? നിന്‍റെ ജീവിതയാത്രയിൽ എന്തെങ്കിലും പ്രയാസമുണ്ടോ നിനക്ക്? ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടെന്ന് ദൈവത്തിന് അറിയാം. അകമഴിഞ്ഞ ഭക്തി.. വിശ്വാസത്തിൻ്റെ പ്രാർത്ഥന.. എന്‍റെ ദൈവത്തിന് എന്നെ തിരിച്ചറിയാൻ പറ്റും. കണ്ണ് കലങ്ങല്ലേ…. കണ്ണ് നിറഞ്ഞിട്ടാണല്ലോ ഉള്ളത്..


അഞ്ച് നേരത്തെ നിസ്കാരത്തെ അനുഷ്ഠിക്കുന്നുണ്ട്. പതിനേഴ് റക്കായത്തുകളെ അനുഷ്ഠിക്കുന്നുണ്ട്. എങ്കിലും എനിക്ക് ശാശ്വതമായ ഒരു സന്തോഷം ഈ ഭൂമിയിൽ ഇതുവരെ കിട്ടീട്ടില്ല തമ്പുരാനേ എന്ന ഈശ്വര ഭക്തിയോടെ, എന്ന മനസ്സിന്‍റെ പരിഭവത്തോടെയാണ് എന്‍റെ കൈയരികെ വന്നിട്ടുള്ളത്. ആർക്കും ഈ ജീവിതത്തിൽ അപരാധവും, തെറ്റ് കുറ്റവും ഒന്നും ഞാൻ ചെയ്തിട്ടില്ല. ഈ ജന്മം കൊണ്ട് ഒരു പിഴവുകളും എൻ്റെ കൈയിൽ നിന്ന് വന്ന് പോയിട്ടില്ല, ദൈവേ… എല്ലാവർക്കും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. എന്നെ ഉപദ്രവിച്ചവർക്ക് പോലും, എന്നെ ഉപദ്രവിച്ച ശത്രുക്കൾക്ക് പോലും നല്ലത് വരണമെന്നേ ഞാൻ ആഗ്രഹിച്ചിട്ടുള്ളു ദൈവേ… എന്നിട്ടും എന്തേ എൻ്റെ ദൈവം എന്നെ തിരിഞ്ഞ് നോക്കാത്തത്… എല്ലാവർക്കും എല്ലാ സൗഭാഗ്യവും എൻ്റെ ദൈവം കൊടുക്കുന്നില്ലേ.. എന്നിട്ടും എന്തെ ദൈവേ എന്നെ ഇങ്ങനെ പ്രയാസത്തിലാക്കുന്നത്. എൻ്റെ മക്കൾക്ക്, എൻ്റെ കുടുംബത്തിന് എന്തുകൊണ്ട് എൻ്റെ ദൈവം തുണയായി നിൽക്കുന്നില്ല എന്ന ഒരു തോന്നൽ നിൻ്റെ ഉള്ളിലുണ്ട്.


പരിഭവം നിറഞ്ഞ പരാതിയുമായാണ് നീ വന്നതെങ്കിൽ കണ്ണ് നിറയല്ലേ.. കേട്ടോ? പള്ളിയും പള്ളിയറയും മടപ്പുരയും എനിക്ക് വേറിട്ടതല്ല. ഞാൻ നിൻ്റെ നാഥൻ തന്നെ. തമ്പുരാനേ എന്നല്ലേ വിളിക്കേണ്ടത്.. നബിയെന്നും, മലയിൽ വാഴും മഹാദേവൻ പൊന്മല വാഴും മുത്തപ്പനെന്നും വേർതിരിവ് ഇല്ല നിങ്ങൾക്ക്. പള്ളിയും പള്ളിയറയും മുത്തപ്പനൊരു പോലെയാ. ചേർത്ത് പിടിക്കാം. നിറഞ്ഞൊഴുകിയ കണ്ണീരിന് തുല്യമായി ജീവിതകാലത്തിൻ്റെ യാത്രയിൽ സമാധാനവും സന്തോഷവും ഈശ്വരൻ തന്നാൽ പോരേ… പറഞ്ഞ വാക്ക് പതിരുപോലെ ആക്കിക്കളയാതെ കതിര് പോലെ മുത്തപ്പൻ തന്നാൽ പോരേ.. ചേർത്ത് പിടിക്കാം. ഇത് വെറും വാക്കല്ല.’


https://www.facebook.com/jayan.mangad.7/videos/477842227341765/?sfnsn=wiwspmo


Post a Comment

Previous Post Next Post
Join Our Whats App Group