Join Our Whats App Group

പറയുന്ന വാക്കുകളിലെ സത്യമറിയാന്‍ മരിച്ച വ്യക്തി സംസാരിക്കില്ലല്ലോ: ഡോ. അശ്വതി സോമന്‍

 


പ്രിയപ്പെട്ടവരുടെ വേർപാടുകൾ ഇപ്പോഴും വേദനയുളവാക്കുന്നതാണ്. ഏത് നിമിഷത്തിലും മരണം നമ്മെ തേടിയെത്താം. യാതൊരു ബന്ധമില്ലെങ്കിലും ചിലരുടെ മുഖം മനസ്സില്‍ അങ്ങനെ മായാതെ നില്‍ക്കുമെന്നും അത്തരം നിമിഷങ്ങള്‍ക്കു സാക്ഷിയാകുന്നതിനെ കുറിച്ചും ഡോ. അശ്വതി സോമന്‍ പങ്കുവച്ച കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുകയാണ്.


ഡോ. അശ്വതി സോമന്റെ കുറിപ്പ് പൂർണ്ണ രൂപം


മരണം നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്ന അന്താളിപ്പ് ചെറുതൊന്നുമല്ല. ഒരാളുടെ നഷ്ടപ്പെടലിന്റെ വാര്‍ത്ത കേള്‍ക്കുമ്ബോള്‍ പലപ്പോഴും ജീവിച്ചിരിക്കുന്നവര്‍ അവരുടെ വേര്‍പാട് എങ്ങനെ തരണം ചെയ്യും എന്നോര്‍ത്താണ് വിഷമം ഇരട്ടിക്കാറ്. പേരും ഊരും അറിയാത്ത പലരുടെയും പടങ്ങള്‍ ചരമ കോളങ്ങളില്‍ തിരഞ്ഞു അറിയുന്ന ആരും ഇല്ല എന്ന് ഇടയ്ക്കിടയ്ക്ക് ഉറപ്പിക്കുന്നതും ചിലപ്പോള്‍ മനസ്സിന്റെ ഒരു താങ്ങിനു തന്നെ ആയിരിക്കും.


പൊതുവേ മരണം കാണാന്‍ ഞാന്‍ പോകാറില്ല. കൂടുതല്‍ അറിയാന്‍ ശ്രമിക്കാറുമില്ല. അത്രനാള്‍ കൂടെ ഉണ്ടായിരുന്ന ഒരാള്‍ എവിടെയോ ഒരു ഫോണ്‍ കാളിന്റെ അപ്പുറം ഇന്നും ജീവിക്കുന്നു എന്ന കള്ളം 100 വട്ടം പറഞ്ഞ് സത്യമാക്കാന്‍ മാത്രമാണ് ശ്രദ്ധിക്കാറ്. ഇല്ലെങ്കില്‍ ആ നഷ്ടപ്പെടലിന്റ ഭാരവും കൂടി മനസ്സിലേറ്റി ഇനിയുമുള്ള എന്റെ നാളുകള്‍ മുന്നോട്ട് കൊണ്ടുപോകുമ്ബോള്‍ ഞാന്‍ അറിയാതെ തളര്‍ന്നു പോകും.അപ്പൊ അവരെവിടെയോ സന്തോഷിക്കുന്നു എന്ന് വിശ്വസിക്കാനും ഇടയ്ക്കിടയ്ക്ക് ആ ബന്ധത്തിലെ നല്ല ഓര്‍മകള്‍ ഓര്‍ത്തെടുക്കാനുമാണ് ഞാന്‍ ശ്രമിക്കാറ്.


മരണത്തിലെ നല്ലത് കണ്ടെത്താന്‍ വിഫലമായി ശ്രമിക്കാറുമുണ്ട്. അധികം കിടന്ന് നരകിച്ചില്ലല്ലോ അവര്‍ക്ക് സമാധാനമായല്ലോ, അസുഖമായാലും അപകടമായാലും ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണ്ടേ എന്നൊക്കെയുള്ള സ്ഥിരം പല്ലവി. പക്ഷേ, പറയുന്ന വാക്കുകളിലെ സത്യമറിയാന്‍ മരിച്ച വ്യക്തി സംസാരിക്കില്ലല്ലോ. സത്യത്തില്‍ പേടിയാണ് മരണത്തെ… രംഗ ബോധമില്ലാതെ ആ കോമാളി കടന്ന് വരുമ്ബോള്‍ ആരുടെയോ ജീവിതത്തിന്റെ ശ്വാസമായിരുന്ന, ആരുടെയോ എന്തൊക്കെയോ ആയ ആ വ്യക്തി പെട്ടെന്ന് എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് വിശ്വസിക്കാന്‍ സാധിക്കാതെ വരുന്നു.


ഒരു ഡോക്ടര്‍ എന്ന അവസ്ഥയില്‍ പലപ്പോഴും മരണം സര്‍ട്ടിഫൈ ചെയ്യേണ്ടി വന്നിട്ടുണ്ട്. ജീവന്‍ രക്ഷിക്കാന്‍ ദൈവത്തിന്റെ കരങ്ങള്‍ എന്നൊക്കെ പറഞ്ഞ് സ്വയം എന്തും ചെയ്യാം എന്ന കോണ്‍ഫിഡന്‍സില്‍ ഒരു വ്യക്തിടെ ശ്വാസം നിലച്ചു, ശരീരത്തിലെ ചൂട് അകന്നകന്നു പോകുന്നത് നോക്കി ഒന്നും ചെയ്യാന്‍ കഴിയാതെ അവരുടെ ഹൃദയം നിലക്കുന്നതും നോക്കി അത് പേപ്പറില്‍ അടയാളപ്പെടുത്തി ഉറ്റവരോട് പറയേണ്ടി വന്നിട്ടുണ്ട്.


ഇനി ഒരിക്കലും അവര്‍ തിരിച്ചു വരില്ലെന്ന്. എല്ലാം കഴിഞ്ഞു എന്ന് മനസ്സിലാക്കിയാലും ആ അവസാനത്തെ പ്രതീക്ഷയും വെച്ച്‌ രോഗിയുടെ കൂടെ നില്‍ക്കുന്നവര്‍ നമ്മളെ നോക്കുന്ന ഒരു നോട്ടമുണ്ട്. ഞാന്‍ കരുതിയത് തെറ്റാകണേ ഈ ഡോക്ടര്‍ എങ്കിലും ഒരു ഹോപ്പ് തരണേ, അവരെ ഒന്ന് രക്ഷിക്കണേ എന്ന് ഒരുപാടു തവണ മനസ്സില്‍ പറഞ്ഞ് കൊണ്ട്. ആ മുഖങ്ങളിലേക്ക് നോക്കി ഇനി നിങ്ങളുടെ ജീവിതത്തില്‍ ഇവരുടെ ചൂടിന്റെ ഒരു കണിക പോലുമുണ്ടാവില്ല എന്ന് പറയുമ്ബോള്‍ ഒരു ഡോക്ടര്‍ എന്ന നിലക്ക് മനസ്സ് നന്നായി പിടയും. പക്ഷേ യാതൊരുവിധ മാനസിക വിക്ഷോഭങ്ങള്‍ മുഖത്ത് വരാന്‍ പാടില്ലല്ലോ.


ആദ്യമായി ഡെത്ത് ഡിക്ലയര്‍ ചെയ്തത് ഹൗസ് സര്‍ജന്‍സിക്ക് പഠിക്കുമ്ബോളാണ്. കാന്‍സര്‍ വന്ന് ടെര്‍മിനല്‍ കണ്ടിഷനില്‍ കിടക്കുന്ന ഒരു എണ്‍പതിനോടടുത്ത് പ്രായമുള്ള വൃദ്ധ. അവര്‍ പോയി എന്ന് മനസ്സിലായിട്ടും ഡോക്ടര്‍ വന്ന് പറയാനായി കാത്ത് നിന്ന വലിയ മക്കള്‍. അവരുടെ ഇടയിലേക്ക് ആദ്യമായി ഒറ്റയ്ക്ക് മരണം സ്ഥിരീകരിക്കാന്‍ ഞാനും. ജീവനുള്ള ശരീരത്തില്‍ ഓരോ മിടിപ്പും പഠിച്ചു കഴിഞ്ഞു ഒന്നും ഇല്ലാതെ ശൂന്യമായ ഒരു അവസ്ഥ. മരിച്ചു എന്ന് കാണിക്കുന്ന മോണിറ്റര്‍ വരെ നേര്‍രേഖ കാണിക്കുമ്ബോഴും അത് ഉള്‍കൊള്ളാന്‍ മനസ്സ് അനുവദിക്കണ്ടേ. ആ പ്രതിഭാസം ആദ്യം അത്ഭുതപെടുത്തിയെങ്കിലും പതിയേ യഥാര്‍ഥ്യത്തിലേക്കു തിരിച്ചു വന്നു ഞാന്‍. കൂടെ ഉള്ളവരോട് മരിച്ചു എന്ന് പറയണ്ടേ.


പെട്ടെന്ന് മനസ്സ് വല്ലാതെ ഘനീഭവിച്ചു. വാക്കുകള്‍ കിട്ടാന്‍ വളരെ വിഷമം തോന്നി. ഞാന്‍ അറിയാത്ത, ഞാന്‍ ഇത് വരെ പരിശോധിക്കാത്ത, എല്ലാവരും മരണം accept ചെയ്ത,പ്രായമായ ഒരു വ്യക്തി എന്നിട്ടും അവര്‍ മരിച്ചു എന്ന് സ്ഥിരപ്പെടുത്താന്‍ എത്തിയത് ഞാന്‍. എനിക്ക് അത് പറയാന്‍ കഴിയുന്നില്ല. ആദ്യമായാണ് ഒരു മരണം കാണുന്നത്. കണ്ണുകള്‍ നിറഞ്ഞു തുടങ്ങിയപ്പോഴേക്ക് എന്തോ പറഞ്ഞൊപ്പിച്ചു ഞാന്‍ അവിടെ നിന്നും പോയിരുന്നു.


ഡ്യൂട്ടി റൂമില്‍ ചെന്നിരുന്നു കുറേ കരഞ്ഞു. എന്തിനെന്ന് അറിയില്ല. പിന്നീട് പലപ്പോഴും ഈ വികാരങ്ങള്‍ എന്നില്‍ ഉണ്ടാവും എന്ന് കണക്കു കൂട്ടിയാണ് ഞാന്‍ പോകാറ്. അതുകൊണ്ട് അനുഭവപ്പെടുന്ന വിങ്ങല്‍ കുറേ നാള്‍ അങ്ങനെ തങ്ങി നില്‍ക്കും മനസ്സില്‍. സ്വന്തം anatomy പ്രൊഫസര്‍ ബാത്‌റൂമില്‍ തലയടിച്ചു കിടക്കുന്നു എന്ന വിളി വന്നപ്പോഴും ഈ ഇന്‍ഹിബിഷന്‍ കാരണം തന്നെയാണ് കൂടെയുള്ള ആളെ ഉന്തി തള്ളി വിട്ടത്. നെഗറ്റീവ് വാര്‍ത്തകള്‍ കൈകാര്യം ചെയ്യാന്‍ പ്രേത്യകമായി പഠിക്കേണ്ട അവസ്ഥ നിര്‍ബന്ധം തന്നെയാണ്.


ഒരാള്‍ മരിക്കുന്ന ആ അവസാന നിമിഷത്തില്‍ അവര്‍ എടുക്കുന്ന ഒരു ദീര്‍ഘശ്വാസമുണ്ട്, എല്ലാം നിലയ്ക്കുന്നതിനു മുമ്ബുള്ള ആ അവസാന ശ്വാസം ആ നിമിഷങ്ങളില്‍ അവരുടെ ഇത്ര നാളത്തെ ജീവിതം അവര്‍ ഓര്‍ക്കും എന്നാണ് പറയാറ്. പലരുടെയും മുഖം ശാന്തമായിരിക്കും. ഒരുപാടു ഉറങ്ങാന്‍ ഉള്ളതല്ലേ… യാതൊരു ബന്ധമില്ലെങ്കിലും അവരുടെ മുഖം മനസ്സില്‍ അങ്ങനെ മായാതെ നില്‍ക്കും കുറേ ദിവസം.


കഴിഞ്ഞ ദിവസം വഴിയില്‍ കിടന്ന ഒരു വ്യക്തിയെ രക്ഷപ്പെടുത്താന്‍ CPR ഒക്കെ കൊടുത്ത് നോക്കി. കണ്മുന്നില്‍ വച്ചു ചലനമില്ലാതാക്കുമ്ബോള്‍ പെട്ടെന്ന് പഠിച്ചു ഓര്‍മിച്ച പോലെ എങ്ങനെയെങ്കിലും അവരെ തിരിച്ചു കൊണ്ട് വരാന്‍ ആണ് ശ്രമിച്ചത്. മരണം ജീവിതവുമായി അവസാനത്തെ ആ പിടിവലി നടത്തുമ്ബോള്‍ നമ്മള്‍ ജീവിതത്തെ സഹായിക്കാനും മരണത്തെ ഒറ്റപ്പെടുത്താനും ശ്രമിക്കും. പക്ഷേ ചിലപ്പോഴൊക്കെ തോറ്റു പോകും. തോല്‍വി അംഗീകരിക്കാനുള്ള ഹൃദയ വിശാലത ഇല്ലാത്തതിനാലാണോ അവസാനം ഞാന്‍ ആയിരുന്നു അവരുടെ അടുത്ത് എന്ന തോന്നലാണോ,ഒരിക്കലും പരിചയമില്ലാത്ത അവരുടെ കുടുംബത്തെ കുറിചോര്‍ത്തുള്ള വിഷമമാണോ എന്നറിയില്ല, ഒരുപാടു നാള്‍ ആ സംഭവം വല്ലാതെ മനസ്സിനെ ഉലച്ചു. ആരോടും പറയാനും പറ്റില്ല. അല്ലെങ്കിലും എന്താ ഞാന്‍ പറയുക? ആ വ്യക്തിയുടെ ബന്ധുക്കള്‍ ഇടയ്ക്കു വിളിക്കുമ്ബോള്‍ എനിക്കും എന്തോ ഒരു സമാധാനം തോന്നും. അപ്പൊ പൊന്തി വരുന്ന വികാരങ്ങള്‍ എന്തെന്ന് ചികയാതെ എല്ലാം എന്നും ഒരു നെടുവീര്‍പ്പില്‍ ഒതുക്കി ഞാനും മുന്നോട്ട് പോകും.


നാലു വര്‍ഷമായി മാതനെ കണ്ടിട്ട്. എന്നും ചിരിച്ച്‌ മാത്രേ കണ്ടിട്ടുള്ളു. നിഷ്കളങ്കമായ ഒരു ചിരി. സംസാരിക്കാന്‍ മടിയാണ്. പക്ഷേ മനസ്സ് കുളിര്‍ക്കുന്ന ആ ചിരി നല്‍കാന്‍ ഒരിക്കലും മടിയില്ല. മെഡിക്കല്‍ ക്യാമ്ബില്‍ ആവശ്യത്തിന് മാത്രം വന്ന് മരുന്ന് വാങ്ങും. കുറച്ചു നാള്‍ ആയി ക്ഷീണമുണ്ടെന്ന് പറയുമായിരുന്നു. ഏതാണ്ട് 100നടുപ്പിച്ചു പ്രായമുണ്ടെന്നാണ് പൊതുവേ എല്ലാരും പറയാറ്. അതിപ്പോ സ്വന്തം പ്രായം അറിയുന്നവര്‍ അവിടെ ഒക്കെ ചുരുക്കമല്ലേ.. നമ്മള്‍ പറയുന്നതാണ് അവരുടെ പ്രായം. ജനനമെന്നെന്നോ മരണമെന്നെന്നോ അറിയാതെ ജീവിക്കുകയാണ് ഒട്ടുമിക്കവരും. ഭാര്യ കരിക്കമ്മക്ക് ഇടക്കിടക്ക് മരുന്ന് വാങ്ങാന്‍ ഒരിക്കലും മറക്കാറില്ല. ബുധനാഴ്ചകളില്‍ സ്വയം ശ്രദ്ധിക്കും പോലെ അവരെയും ചേര്‍ത്ത് പിടിക്കാറുണ്ട് ‘മാതന്‍’. 70കിലോക്കു മുകളിലുള്ള ഭാരവും ചുമന്നു, ഈ പ്രായത്തില്‍ 3-4മണിക്കൂര്‍ കാട്ടിലൂടെ കുന്നു കയറുമ്ബോള്‍ വരുന്ന ആ ക്ഷീണത്തിന് മരുന്ന് ഇനിയും കണ്ടെത്തേണ്ടിയിരിക്കുന്നു. നാട്ടില്‍ എത്ര പേര്‍ക്ക് ഇതിന്റെ നാലിലൊന്ന് ശക്തികാണുമെന്നു ഞാന്‍ എപ്പോഴും ഓര്‍ക്കും. ഇതിന് മുമ്ബ് റിപ്പബ്ലിക് ദിന പരേട് കാണാന്‍ പോയതൊക്കെ വലിയ അഭിമാനമായാണ് പറയാറ്. അപ്പോഴും ആ പ്രത്യേക ചിരി കാണും ചുണ്ടില്‍.


നാട്ടിലേക്ക് വന്ന് താമസിക്കാന്‍ കാണിക്കുന്ന വിമുഘത അവര്‍ ജനനം മുതല്‍ കാടിന്റെ മക്കളായതിനാല്‍ ആണ്. കാടല്ലാതെ മറ്റൊന്നും അവര്‍ക്കിഷ്ടമല്ലാത്തതും അത്‌ കൊണ്ട് തന്നെ. ആനകളുടെ രൂപത്തില്‍ കാടിന്റെ ന്യായം വിധി എഴുതിയെങ്കിലും കാട്ടിലേക്കുള്ള യാത്രകള്‍ എനിക്ക് നല്‍കിയ ഓര്‍മകളില്‍ എന്നും മറക്കാതെ കാണും ഈ മുഖം. വൈകീട്ട് പോസ്റ്റ്‌ മോര്‍ട്ടം നടത്തിയ ഡോക്ടറെ വിളിച്ചു സംസാരിച്ചു. ആനകള്‍ ഒടിച്ചു മെദിച്ച ഓരോ ഒടിവും ചതവും തുടങ്ങി അവസാനം കാട്ടിലെ ആ ചരുവില്‍ ഒറ്റയ്ക്ക് ആനകളുടെ ഇടയ്ക്കു കിടക്കുന്ന മനസ്സ് നിര്‍മിച്ച ആ ചിത്രം ഭയാനകമായിരുന്നു. ആദ്യം ഓര്‍ത്തത്‌ ഇതൊന്നും അറിയാത്ത അവരുടെ ഭാര്യ കരിക്കമ്മയെ കുറിച്ചാണ്. കാട്ടിലേക്ക് പിണങ്ങി അവര്‍ കയറി പോകുമ്ബോള്‍ തിരിച്ചിറക്കി കൊണ്ട് വന്ന് എന്നും അവരെ ശ്രദ്ധയോടെ നോക്കിയിരുന്നത് മാതനാണ്. ഒരു കുഞ്ഞിനെ പോലെ സ്നേഹിച്ചു കഴിഞ്ഞിരുന്ന രണ്ടു പേരില്‍ ഒരാള്‍ പെട്ടെന്ന് ഒറ്റക്കാകുമ്ബോള്‍ എന്തോ അവരുടെ വികാരം നമ്മളുമായി, നമ്മള്‍ അവരുമായി താദാത്തമ്യം പ്രാപിച്ചു ആലോചിക്കുന്ന പോലെ.


മരിക്കുമ്ബോള്‍ ഒറ്റയ്ക്ക് തന്നെ ഈ ലോകത്തോട് വിട പറയണം. പക്ഷേ സ്നേഹിക്കുന്നവര്‍ അടുത്തില്ലാതെ ഒറ്റക്ക് ജീവിക്കാനോ അതാണ് പ്രയാസം. മരിക്കാതെ ജീവിക്കുന്നവര്‍ ആയി നമുക്കടുപ്പമുള്ളവര്‍ക്ക് നമ്മുടെ മനസ്സില്‍ ഇടം നല്‍കിയാലും അവരുടെ ബന്ധങ്ങളില്‍ അവര്‍ വരുത്തുന്ന വിടവ് ഒരിക്കലും നികത്താന്‍ കഴിയുന്നവയല്ല. കൂടെയുള്ളവര്‍ക്ക് വേണ്ടി കഴിയുന്ന പോലെ ജീവിക്കുക. കോവിഡ് കാരണം ഒരുപാടു മരണങ്ങള്‍ നടക്കുമ്ബോഴും മരണം അടുത്തെത്തുമ്ബോഴുമാണ് ഞാന്‍ എങ്ങനെ ജീവിച്ചു എന്നും, എന്റെ ജീവിതം എങ്ങനെ എന്നും,പശ്ചാത്താപങ്ങളും, കുടുംബത്തിന് ചെയ്യാമായിരുന്ന കാര്യങ്ങളെ കുറിച്ചും നമ്മള്‍ ചിന്തിക്കുക. കൂടുതലായി ജോലിയെ സ്‌നേഹിക്കുമ്ബോള്‍ ഓര്‍ക്കുക ഒരുനാള്‍ നിങ്ങളെ മാറ്റി സ്ഥാപിച്ചു അവിടെ ഇതേ പോലെ പ്രൗഢിയില്‍ ഒരാള്‍ വരും എന്ന്.


നമ്മളെ ഒരിക്കലും പകരം വെക്കാതെ സ്നേഹിക്കാന്‍ കഴിയുന്നത് സ്വന്തം കുടുംബത്തിനും, ചുറ്റുമുള്ളവര്‍ക്കുമാണെന്ന് തിരിച്ചറിയുക. ഇതാണ് സ്വര്‍ഗ്ഗം, ഇതാണ് ജീവിതം. ഇനിയുള്ള സമയം സ്വന്തം അസ്തിത്വം നിലനിര്‍ത്താനായി ജീവിക്കുക സന്തോഷിക്കുക. സമയം വളരെ ചുരുക്കമാണ്. ജനനം മുതല്‍ മരണവും കൂടെ ജനിച്ചിരിക്കുന്നു, ഓരോ കാല്‍വെപ്പും മരണത്തിനോട് നമ്മളെ അടുപ്പിച്ചു കൊണ്ടിരിക്കുന്നു. ഇനി എത്ര അടി എന്നറിയാതെ നാളത്തെ സ്വപ്നങ്ങളുള്ള പ്രതീക്ഷകളുമായി ഉറങ്ങുമ്ബോള്‍ സ്വന്തം എന്ന് കരുതുന്നവരെ ഒന്ന് കൂടി കൂട്ടിപിടിക്കുക, സ്നേഹിക്കുക, ജീവിക്കുക.അവരുടെ ഓര്‍മകളില്‍ അമരരാവുക….


സ്നേഹം മാത്രം,


ഡോ. അശ്വതി സോമന്‍

Post a Comment

Previous Post Next Post
Join Our Whats App Group