സില്‍വര്‍ ലൈന്‍ പദ്ധതി സംസ്ഥാന സര്‍ക്കാരിന് നേരിട്ട് ബാധ്യതയാകില്ലെന്നും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. വായ്പയുടെ വിശദാംശങ്ങളെ കുറിച്ച് ചര്‍ച്ച നടത്തേണ്ട ഘട്ടം ആയിട്ടില്ല. പദ്ധതിയുടെ ഡിപിആര്‍ കേന്ദ്രത്തിന്റെ പരിഗണനയിലാണ്. അത് കേന്ദ്രം അംഗീകരിച്ച് വിദേശ വായ്പയ്ക്ക് വേണ്ടി ശിപാര്‍ശ നല്‍കിയതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ ആരംഭിക്കുകയുള്ളൂ എന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
വേഗതയേറിയ ട്രെയിനുകള്‍ക്ക് സ്റ്റാന്‍ഡേര്‍ഡ് ഗേജ് ആണ് അഭികാമ്യം. ജനിക്കാനിരിക്കുന്ന കുട്ടിക്ക് ജാതകം എഴുതി പദ്ധതി ഇല്ലാതാക്കരുത് എന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ ഒരു പദ്ധതിയും മുടങ്ങുന്നില്ല. ഇതിന് വേണ്ടിയുള്ള കടമെടുപ്പ് സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കില്ല. വികസനപ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുമെന്നും മന്ത്രി കൂട്ടിചേര്‍ത്തു. അതേ സമയം സംസ്ഥാനത്തിന് അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നും മന്ത്രി ആരോപിച്ചു.
സില്‍വര്‍ലൈനിന് മറ്റൊരു ബദല്‍ ഇല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ ട്രെയിനുകള്‍ക്ക് അധിക വേഗത്തില്‍ ഓടാന്‍ സാധിക്കില്ല. റെയില്‍ വളത്തിന് 626 വളവുകള്‍ ഉണ്ട്. ഇവ നികത്തിയാല്‍ മാത്രമേ വേഗത കൂട്ടാന്‍ കഴിയൂ. അതിന് രണ്ട് ദശാബ്ദം സമയം വേണ്ടിവരും എന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണിത്. സില്‍വര്‍ ലൈനുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഒന്നും മറച്ചു വെച്ചിട്ടില്ല. പദ്ധതി പ്രകൃതി ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടും എന്നത് ശരിയല്ല. പരിസ്ഥിതിയെ കൂടി കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുക. പ്രകൃതി വിഭവങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാന്‍ വേണ്ടിയുള്ള പഠനം നടക്കുകയാണ്. പരിസ്ഥിതി സൗഹൃദമായി പദ്ധതി നടപ്പാക്കാന്‍ കഴിയും എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Post a Comment