Join Our Whats App Group

കേരളത്തിലാദ്യം! 10 ജില്ലകളെയും നയിക്കാന്‍ വനിതാ സാരഥികള്‍

 

സംസ്ഥാനത്തെ 14 ജില്ലകളില്‍ 10 ജില്ലകളെയും നയിക്കാന്‍ വനിതാ സാരഥികള്‍. ബുധനാഴ്ച ആലപ്പുഴ ജില്ലാ കലക്ടറായി ഡോ.രേണു രാജിനെ കൂടി നിയമിച്ചതോടെയാണ് ജില്ലകളുടെ ഭരണസാരഥ്യത്തില്‍ പെണ്‍തേരോട്ടം റെക്കോഡിലെത്തിയത്.



ആലപ്പുഴയില്‍ നിയുക്ത കളക്ടര്‍ ഡോ. രേണുരാജ് മാര്‍ച്ച് ആദ്യം ചുമതല ഏറ്റെടുക്കുന്നതോടെ സംസ്ഥാനത്തെ പത്ത് ജില്ലകളുടെ ഭരണം സ്ത്രീകളുടെ കൈകളിലെത്തുന്നു.


തിരുവനന്തപുരം-നവ്‌ജ്യോത് ഖോസ, കൊല്ലം -അഫ്‌സാന പര്‍വീന്‍, പത്തനംതിട്ട -ഡോ.ദിവ്യ എസ്. അയ്യര്‍, ആലപ്പുഴ -ഡോ.രേണുരാജ്, കോട്ടയം -ഡോ.പി.കെ. ജയശ്രീ, ഇടുക്കി -ഷീബ ജോര്‍ജ്, തൃശൂര്‍ -ഹരിത വി. കുമാര്‍, പാലക്കാട്-മൃണ്‍മയി ജോഷി, വയനാട് -എം.ഗീത, കാസര്‍കോട് -ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് എന്നിവരാണ് നിലവില്‍ വിവിധ ജില്ലകള്‍ ഭരിക്കുന്ന വനിത ഐഎഎസുകാര്‍.


ഇതില്‍ നവ്‌ജ്യോത് ഖോസ (ഡെന്റല്‍), ദിവ്യ എസ്. അയ്യര്‍, ഡോ. രേണുരാജ് എന്നിവര്‍ മെഡിക്കല്‍ ഡോക്ടര്‍മാരും ഡോ.പി.കെ. ജയശ്രീ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയയാളുമാണ്.


ഡോ. രേണുരാജിന്റെ സ്വദേശം കോട്ടയം ജില്ലയിലെ ഇത്തിത്താനമാണ്. നഗരകാര്യ ഡയറക്ടറുടെ ചുമതലയില്‍ നിന്നാണ് രേണുരാജ് ആലപ്പുഴ കളക്ടറായി എത്തുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിലെ എംബിബിഎസ് പഠനശേഷമാണ് സിവില്‍ സര്‍വീസില്‍ പ്രവേശിച്ചത്.


എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പുരുഷന്മാരാണ് കലക്ടര്‍ ചുമതലയിലുള്ളത്. കൊല്ലം കലക്ടര്‍ അഫ്‌സാന പര്‍വീന്റെ ഭര്‍ത്താവ് ജാഫര്‍ മാലിക്കാണ് എറണാകുളം കലക്ടര്‍ എന്നതും പ്രത്യേകതയാണ്.


കേരള ചരിത്രത്തില്‍ ആദ്യമാണ് ഇത്രയും വനിതാ സാരഥികള്‍ ഒരുമിച്ചെത്തുന്നത്.

നിയമസഭയില്‍ 33 ശതമാനമാണ് സ്ത്രീ സംവരണം. കളക്ടര്‍മാരില്‍ വനിതകളുടെ സാന്നിധ്യമാകട്ടെ 71.4 ശതമാനം.


കഴിഞ്ഞ ദിവസം റവന്യൂ വകുപ്പിന്റെ മികച്ച കളക്ടര്‍മാര്‍ക്കുള്ള അവാര്‍ഡ് തേടിയ മൂന്നുപേരില്‍ രണ്ടുപേര്‍ സ്ത്രീകളാണ്. തിരുവനന്തപുരം കലക്ടര്‍ നവ്‌ജ്യോത് ഖോസ, പാലക്കാട്ടെ മൃണ്‍മയി ജോഷി എന്നിവരാണ് അഭിമാനനേട്ടം കൈവരിച്ചത്.


ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് അടുത്ത ദിവസം വിരമിക്കാനിരിക്കുന്ന എ.അലക്‌സാണ്ടറും ഈ പുരസ്‌കാരം നേടി. ഇദ്ദേഹം വിരമിച്ചതിന് പിന്നാലെയാകും ഡോ.രേണുരാജ് ചുമതല ഏറ്റെടുക്കുക.

Post a Comment

Previous Post Next Post
Join Our Whats App Group