Join Our Whats App Group

വികസനവിരുദ്ധർ തോറ്റുമടങ്ങിയ കീഴാറ്റൂർ

 


തളിപ്പറമ്പ്‌

കേരള വികസനം നേരിന്റെ പാതയിലാണെന്നതിന്റെ നേർസാക്ഷ്യമാണ്‌ കീഴാറ്റൂർ. എൽഡിഎഫ്‌ സർക്കാരിനെ അട്ടിമറിക്കാൻ കച്ചകെട്ടിയിറങ്ങിയ സകല വികസനവിരുദ്ധരും തോറ്റുമടങ്ങിയ മണ്ണ്‌. ‘നന്ദിഗ്രാം’ സ്വപ്‌നം കണ്ടവർക്കുള്ള മറുപടിയാണ്‌ ഈ ഗ്രാമം. ഇച്ഛാശക്തിയുള്ള സർക്കാരും നാടിന്റെ പുരോഗതി ആഗ്രഹിക്കുന്ന ജനങ്ങളും ഒന്നിച്ചാൽ അസാധ്യമായി ഒന്നുമില്ലെന്നത്‌ കീഴാറ്റൂർ അനുഭവപാഠം. വയൽക്കിളികൾ എന്ന പേരിൽ തട്ടിക്കൂട്ടിയ സംഘത്തിൽ ചേക്കേറി യുഡിഎഫും ആർഎസ്‌എസ്സും ജമാഅത്തെ ഇസ്ലാമിയും ചുട്ടെരിച്ച വയലിൽ ഇപ്പോൾ ഉയർന്നുപറക്കുന്നത്‌  വികസനത്തിന്റെ പതാക. ബിജെപി ബംഗാൾ  സംസ്ഥാന പ്രസിഡന്റ്‌ നന്ദിഗ്രാമിൽനിന്ന്‌ കീഴാറ്റൂർവയലിൽ കൊണ്ടിട്ട മണ്ണ്‌ വൃഥാവിലായി.

   വയൽക്കിളികൾ തെങ്ങും കവുങ്ങും വാഴയും മാവും വെട്ടിയിട്ടിട്ടും നൂറുകണക്കിന്‌ കരിക്കുകൾ വീടിനുനേരെ പറിച്ചെറിഞ്ഞിട്ടും ദേശീയപാതയ്‌ക്ക്‌ സ്ഥലം വിട്ടുനൽകാൻ മുന്നിട്ടിറങ്ങിയ പൂക്കോട്ടി ബാലനും  ഒറ്റക്കാശ്‌ കിട്ടിയില്ലെങ്കിലും സ്ഥലം നൽകാൻ മനസ്സുകാട്ടിയ കരിക്കൻ യശോദയുമാണ്‌ കീഴാറ്റൂരിന്റെ നായകർ. കീഴാറ്റൂർ വയലിൽ ഒരു സെന്റ്‌ സ്ഥലംപോലുമില്ലാത്ത നമ്പ്രാടത്ത്‌ ജാനകിയെയും 70 ലക്ഷത്തോളം രൂപ നഷ്ടപരിഹാരം വാങ്ങിയ കുടുംബത്തിലെ അംഗമായ സുരേഷ്‌ കീഴാറ്റൂരിനെയും വാഴ്‌ത്തിയവർ ബാലന്റെയും യശോദയുടെയും ത്യാഗം കണ്ടില്ല. ആറുവരി ദേശീയ പാതയുടെ  കുപ്പം –- കുറ്റിക്കോൽ തളിപ്പറമ്പ്‌ ബൈപ്പാസിന്റെ അടിത്തറ ബാലനെയും യശോദയെയും പോലുള്ളവരാണ്‌. 

   അഞ്ച്‌ വർഷംമുമ്പ്‌ കീഴാറ്റൂർ വയലിൽ സെന്റിന്‌ 700 രൂപയായിരുന്നു വില. അതും ആർക്കും വേണ്ട. ദേശീയപാത വരുമെന്ന പ്രതീക്ഷയുണ്ടായിട്ടും സെന്റിന്‌ 5000 രൂപയ്‌ക്ക്‌ മുകളിലെത്തിയില്ല.  ഇതിൽ മിക്കതും പത്തും ഇതുപതും വർഷം തരിശിട്ടവ. ചിലർ പാട്ടത്തിനെടുത്താണ്‌ കൃഷി നടത്തിയത്‌. കൃഷിപ്പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും അതിഥി ത്തൊഴിലാളികൾ.  ഇവിടെയാണ്‌ ചിലർ നുണകളുടെ വിത്തിട്ടത്‌. പക്ഷേ, ഒന്നും മുളച്ചില്ല. ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്ത ഭൂമിക്ക്‌ സെന്റിന്‌ ലഭിച്ചത്‌ 2.90 ലക്ഷം മുതൽ നാലു ലക്ഷം വരെ. രണ്ട്‌ കോടി രൂപയോളം ലഭിച്ച കർഷകരുണ്ട്‌. സമരത്തിനിറങ്ങിയവരും  സന്തോഷത്തോടെ നഷ്ടപരിഹാരം കൈപ്പറ്റി. 

  തളിപ്പറമ്പ്‌ ബൈപ്പാസിന്റെ ആദ്യ അലൈൻമെന്റ്‌  നഗരം പൂർണമായി ഇല്ലാതാക്കുന്നതായിരുന്നു. രണ്ടാം അലൈൻമെന്റ്‌ പാവപ്പെട്ടവരുടേതടക്കം 280 വീട്‌ നഷ്ടപ്പെടുന്ന നിലയിലായിരുന്നു. മൂന്നാം അലൈൻമെന്റായ കീഴാറ്റൂർ വയലിലൂടെ കടന്നുപോകുന്ന കുപ്പം –- കുറ്റിക്കോൽ തളിപ്പറമ്പ്‌ ബൈപ്പാസിന്‌   ഈ പ്രശ്നങ്ങളൊന്നുമില്ലായിരുന്നു. ജലാഗമന –-നിർമഗന മാർഗങ്ങളൊന്നും  ഇവിടെ അടയ്‌ക്കപ്പെടുന്നില്ല.  വയലോരത്തെ തെങ്ങും കവുങ്ങും കാര്യമായി നഷ്ടപ്പെട്ടില്ല. 60 ഏക്കർ വയലിൽ അഞ്ച്‌ ഏക്കർ മാത്രമാണ്‌ ദേശീയപാതയ്‌ക്ക്‌ ഏറ്റെടുത്തത്‌.

ഭീഷണിക്കുമുന്നിൽ 
മുട്ടുമടക്കിയില്ല 

ആറുവരിപ്പാത യാഥാർഥ്യമാകുന്നതിന്റെ ആഹ്ലാദത്തിലാണ്‌ കീഴാറ്റൂരിലെ പൂക്കോടി ബാലനും ഭാര്യ സി ദേവിയും. കീഴാറ്റൂർ വയലിൽ ദേശീയപാതയ്‌ക്ക്‌ ആദ്യം സമ്മതപത്രം കൊടുത്തവരിലൊരാളാണ്‌ ബാലൻ. രണ്ടേക്കർ വയലിൽ 62 സെന്റാണ്‌ ചെത്തുതൊഴിലാളിയായിരുന്ന ബാലൻ വിട്ടുകൊടുത്തത്‌. സെന്റിന്‌ 2.90 ലക്ഷം രൂപയാണ്‌ നഷ്ടപരിഹാരമായി ലഭിച്ചത്‌. രണ്ട്‌ കോടി രൂപയോളമാണ്‌ ഈ  കുടുംബത്തിന്‌ കിട്ടിയത്‌.  ബാലന്‌ രണ്ടേക്കർ ഭൂമിയില്ലെന്നായിരുന്നു സമ്മതപത്രം കൊടുക്കാൻ തയ്യാറായപ്പോൾ ‘വയൽക്കിളികൾ’ പ്രചരിപ്പിച്ചത്‌. ഭൂമി കൊടുക്കരുതെന്ന ഭീഷണിയുമായി ദിവസവും വയൽക്കിളികളെത്തിയിരുന്നു.

പൂക്കോടി ബാലൻ

നാട്‌ വികസിക്കണം

ഭർത്താവും മക്കളും എതിർത്താലും, ഒറ്റക്കാശ്‌ ലഭിച്ചില്ലെങ്കിലും ദേശീയപാതയ്‌ക്ക്‌ ഭൂമി കൊടുക്കാൻ മുന്നിട്ടിറങ്ങിയ കരിക്കൻ യശോദയ്‌ക്ക്‌ നാട്‌ വികസിക്കണമെന്ന ഒറ്റച്ചിന്തയേ ഉണ്ടായിരുന്നുള്ളൂ. കീഴാറ്റൂരിലെ ഒരേക്കർ വയലിൽ 35 സെന്റ്‌ സ്ഥലമാണ്‌ ഇവർ വിട്ടുകൊടുത്തത്‌. കൂവോട്‌ അഞ്ച്‌ സെന്റ്‌ സ്ഥലവും ദേശീയപാതയ്‌ക്ക്‌ നൽകി. കീഴാറ്റൂർ വയലിൽ  സെന്റിന്‌ 3.75 ലക്ഷം രൂപയാണ്‌ യശോദയ്‌ക്ക്‌ നഷ്ടപരിഹാരമായി ലഭിച്ചത്‌. സർക്കാർ വലിയ പ്രതിഫലമാണ്‌ നൽകിയത്‌. ഇതൊരിക്കലും മറക്കാനാവില്ല. 

കരിക്കൻ യശോദ

വലിയ സന്തോഷം

ആറ്‌ സെന്റ്‌ സ്ഥലം നൽകിയതിന്‌ 21 ലക്ഷം രൂപ ലഭിച്ചതിന്റെ ആഹ്ലദത്തിലാണ്‌ കീഴാറ്റൂരിലെ ചെല്ലട്ടോൻ രവീന്ദ്രൻ. 13 സെന്റ്‌ സ്ഥലമാണുണ്ടായിരുന്നത്‌. ദേശീയപാതയ്‌ക്ക്‌ നൽകിയ സ്ഥലത്തിന്‌ സെന്റിന്‌ 3.75 ലക്ഷം രൂപ കിട്ടിയെന്ന്‌ രവീന്ദ്രൻ പറഞ്ഞു.

ചെല്ലട്ടോൻ രവീന്ദ്രൻ 


Read more: https://www.deshabhimani.com/news/kerala/news-kannurkerala-08-01-2022/993638

Post a Comment

Previous Post Next Post
Join Our Whats App Group