Join Our Whats App Group

വേദനയില്‍ നിന്ന് രോഗം തിരിച്ചറിയാം.....!!!



 എല്ലാ നെഞ്ചുവേദനയും ഹൃദ്രോഗലക്ഷണമാവണമെന്നില്ല. ചില തലവേദനകള്‍ തലച്ചോറിലെ രക്തസ്രാവത്തിന്റെ സൂചനയാവാം. വെറുമൊരു ശരീരവേദനപോലും നിസ്സാരമായി തള്ളിക്കളയരുത്. ഡോ. ബി. പത്മകുമാര്‍ (അസോസിയേറ്റ് പ്രൊഫസര്‍, മെഡിക്കല്‍ കോളേജ്, ആലപ്പുഴ) എഴുതുന്നു...




ഏറ്റവും അസഹനീയമായ വേദന ഏതാണ്? പ്രസവിച്ച സ്ത്രീകള്‍ പറയും പ്രസവവേദനയാണെന്ന്. പല്ലുവേദനയനുഭവിക്കുന്നവന് അതാണ് വലിയ വേദന. തല വെട്ടിപ്പൊളിക്കുന്നതുപോലെയുള്ള മൈഗ്രേന്‍ തലവേദന വരുന്ന ഉദ്യോഗസ്ഥയ്ക്ക് അതുകഴിഞ്ഞേ ഉള്ളൂ മറ്റെല്ലാ പ്രശ്‌നങ്ങളും. ഓരോരുത്തര്‍ക്കും അവരനുഭവിക്കുന്ന വേദന കഠിനം തന്നെ.


നമ്മുടെ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരില്‍ അമ്പതു ശതമാനത്തിലേറെയാളുകളും വിവിധതരത്തിലുള്ള ശാരീരികവേദനകള്‍ക്ക് പരിഹാരം തേടിയെത്തുന്നവരാണ്. ഇവരില്‍ത്തന്നെ പത്തു ശതമാനത്തിലേറെയാളുകള്‍ക്കും മാറാത്ത സന്ധിവേദനകളും പേശിവേദനകളുമാണ് പ്രശ്‌നം. എന്നാല്‍ വേദനയെ എപ്പോഴും ശത്രുവായി കരുതാന്‍ കഴിയില്ല. മാരകമായേക്കാവുന്ന പല അസുഖങ്ങളെക്കുറിച്ചും നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വേദന എന്ന തീവ്രാനുഭവത്തിലൂടെയാണ്. യഥാസമയം വൈദ്യസഹായംതേടി ആവശ്യമായ ചികിത്സ സ്വീകരിക്കാന്‍ സഹായിക്കുന്ന സുഹൃത്തുകൂടിയാണ് വേദന.


തല വെട്ടിപ്പൊളിക്കുന്ന തലവേദന



മാനസികസമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. വീട്ടിലും ഓഫീസിലും കുട്ടികള്‍ പരീക്ഷാസമയത്തുമൊക്കെ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ മൂലമാണ് ഈ തലവേദനയുണ്ടാകുന്നത്. തലയില്‍ ഒരു ചരടിട്ട് വരിഞ്ഞുമുറുകിയതുപോലെയുള്ള വേദന മുഖ്യലക്ഷണമാണ്.


മൈഗ്രേന്‍ അഥവാ കൊടിഞ്ഞിയാണ് തലവേദനയുടെ മറ്റൊരു പ്രധാനകാരണം. തലയുടെ ഒരു വശത്തുനിന്ന് ആരംഭിച്ച് ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്ന, വിങ്ങുന്ന തലവേദന മൈഗ്രേനിന്റെ ലക്ഷണമാണ്. മൈഗ്രേന്‍ വരുന്നതിന് തൊട്ടുമുമ്പ് ചിലര്‍ക്ക് കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെയോ, പ്രകാശവലയങ്ങളോ, നിറങ്ങളോ കണ്ടെന്നുവരാം. തലവേദന മൂര്‍ധന്യത്തിലെത്തുമ്പോള്‍ ഛര്‍ദ്ദിലുമുണ്ടാകാറുണ്ട്. ഛര്‍ദിച്ചുകഴിയുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. വെയില്‍ കൊള്ളുക, ഉറക്കമിളയ്ക്കുക, യാത്ര ചെയ്യുക തുടങ്ങിയവയൊക്കെ മൈഗ്രേനിന് കാരണമാകാറുണ്ട്. നന്നായൊന്ന് ഉറങ്ങിക്കഴിഞ്ഞാല്‍ പലരുടെയും മൈഗ്രേന്‍ തലവേദന അപ്രത്യക്ഷമാകും. വേദനസംഹാരികളോടൊപ്പം മൈഗ്രേന്‍ വരാതിരിക്കാനായി വിഷാദചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ബീറ്റാ ബ്ലോക്കര്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഉപയോഗിക്കാറുണ്ട്.


തലയുടെ ഒരു ഭാഗത്തുമാത്രമായോ മൊത്തത്തിലോ അനുഭവപ്പെടുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അധികമാകുകയാണെങ്കില്‍ അത് തലച്ചോറിലെ മുഴകളെ സൂചിപ്പിക്കുന്നു. അതിശക്തമായ തലവേദന, ചുമയ്ക്കുമ്പോഴും കുനിയുമ്പോഴും ഭാരമുയര്‍ത്തുമ്പോഴുമൊക്കെ വേദനയനുഭവപ്പെടുക, വേദന ഉറക്കത്തിന് ഭംഗമുണ്ടാക്കുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ വേദനയനുഭവപ്പെടുക, 55 വയസ്സിനുശേഷം ആദ്യമായുണ്ടാകുന്ന ശക്തമായ തലവേദന ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട തലവേദനയുടെ പൊതുലക്ഷണങ്ങളാണ്.


നെഞ്ചുവേദന ഹൃദ്രോഗലക്ഷണം മാത്രമല്ല!



ഭയപ്പെടുത്തുന്ന വേദനയാണ് നെഞ്ചുവേദന. നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം.


ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിനുമീതെ ഭാരം കയറ്റിവെച്ചതുപോലെ, അല്ലെങ്കില്‍ നെഞ്ചു പൊട്ടാന്‍ പോകുന്നതുപോലെ തുടങ്ങിയവ ഹൃദ്രോഗ നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്. വേദനയുടെ സവിശേഷമായ വ്യാപനരീതിയും ഹൃദ്രോഗനിര്‍ണയത്തിന് സഹായകരമാണ്. ഇടതുകൈ, കഴുത്ത്, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പിറകുവശം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള നെഞ്ചുവേദന പടരുന്നത്. നെഞ്ചുവേദനയോടൊപ്പം ശരീരമാസകലം വിയര്‍പ്പും തളര്‍ച്ചയും ഉണ്ടാകാം. നാക്കിന്നടിയില്‍ സോര്‍ബിട്രേറ്റ് വിഭാഗത്തില്‍പ്പെട്ട ഗുളികകള്‍ ഇടുമ്പോള്‍ ഉടന്‍തന്നെ ആശ്വാസം ലഭിക്കുന്നതും ഹൃദ്രോഗത്തെ തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ ലക്ഷണമാണ്.


ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നും നെഞ്ചുവേദനയുണ്ടാകാം. ന്യൂമോണിയ, പ്ലൂറസി, ശ്വാസകോശാവരണത്തിനിടയില്‍ വായുനിറയുന്ന ന്യൂമോതൊറാക്‌സ് തുടങ്ങിയ അവസ്ഥകളിലെല്ലാം നെഞ്ചുവേദനയുണ്ടാകാം. ശ്വാസംവലിച്ചുവിടുമ്പോള്‍ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ പൊതുലക്ഷണമാണ്.


നെഞ്ചുവേദനയോടൊപ്പം നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിന് പെരുക്കവുമൊക്കെ അനുഭവപ്പെടുകയാണെങ്കില്‍ അത് അന്നനാളത്തെയും ആമാശയത്തെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ്. നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിന്റെ നീര്‍ക്കെട്ടിനെത്തുടര്‍ന്നുണ്ടാകുന്ന വേദന. നെഞ്ചിന്റെ നീര്‍ക്കെട്ടുള്ള ഭാഗത്ത് അമര്‍ത്തുമ്പോള്‍ വേദനയുണ്ടാകുന്നു. ഇവയെല്ലാം കൂടാതെ മാനസികസമ്മര്‍ദ്ദത്തെത്തുടര്‍ന്നുണ്ടാകുന്ന വിഭ്രാന്തിയെത്തുടര്‍ന്നും ശക്തമായ 'നെഞ്ചുവേദന' ഉണ്ടാകാം.


വിട്ടുമാറാത്ത നടുവേദന



ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടാതെ ദീര്‍ഘനേരം ഒരേപോലെ ഇരുന്ന് ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരുടെയും സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു വിട്ടുമാറാത്ത നടുവേദന.


നട്ടെല്ലിന്റെ തേയ്മാനം, നട്ടെല്ലിലെ പേശികളുടെ നീര്‍ക്കെട്ട്, ഡിസ്‌കിന്റെ പുറത്തേക്കുള്ള തള്ളല്‍, നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം, അര്‍ബുദം, അസ്ഥിക്ഷയം, നട്ടെല്ലിനെ ബാധിക്കുന്ന രോഗാണുബാധ തുടങ്ങിയവയൊക്കെ നടുവേദനയുടെ വിവിധകാരണങ്ങളില്‍പ്പെടുന്നു.


നടുവില്‍ നിന്ന് കാലിലേക്ക് പടരുന്ന അതിശക്തമായ വേദന നാഡീഞരമ്പുകളുടെ ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്. കശേരുക്കളുടെ ഇടയില്‍ നിന്ന് പുറത്തേക്കു തള്ളിവരുന്ന ഡിസ്‌ക് നാഡീ ഞരമ്പുകളെ ഞെരുക്കുന്നതിനെത്തുടര്‍ന്നാണ് ഈ വേദന (സയാറ്റിക്ക) ഉണ്ടാകുന്നത്. ഭാരമെടുക്കുമ്പോഴും പെട്ടെന്ന് കുനിയുമ്പോഴുമൊക്കെ ഉണ്ടാകുന്ന ഈ വേദന ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ കൂടാറുണ്ട്.


പ്രായമേറിയവരില്‍ നട്ടെല്ലിന്റെ തേയ്മാനമാണ് നടുവേദനയുടെ പ്രധാനകാരണം. രാത്രിയില്‍ അനുഭവപ്പെടുന്ന നടുവേദന, വിശ്രമമെടുത്താലും മാറാതെയിരിക്കുമ്പോള്‍ നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ സാധ്യതകള്‍ പരിശോധിക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ നടുവേദനയുണ്ടാകുന്നതും നട്ടെല്ലിന് പിടുത്തമുണ്ടാകുന്നതും നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതരോഗ ലക്ഷണമാണ്. എന്നാല്‍ നട്ടെല്ലിന്റെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുറയുകയാണ് ചെയ്യുന്നത്.


മിക്കവാറും അവസരങ്ങളില്‍ നടുവേദന രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയാണ് പതിവ്. വിശ്രമമെടുത്താല്‍ തന്നെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ ചില പ്രത്യേക ലക്ഷണങ്ങളോടൊപ്പമുള്ള നടുവേദനയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. രാത്രികാലങ്ങളില്‍ വര്‍ധിക്കുന്ന നടുവേദന, വിശ്രമമെടുത്താലും മാറാത്ത വേദന, അര്‍ബുദരോഗികളിലെ നടുവേദന, 50 വയസ്സു കഴിഞ്ഞവരിലെ വേദന, തുടങ്ങിയവയൊക്കെ ഗൗരവമായി കാണേണ്ട നടുവേദനയുടെ ലക്ഷണങ്ങളാണ്.


വയറുവേദന-ലക്ഷണം ഒന്ന്, കാരണം പലത്



വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍.


പെപ്റ്റിക് അള്‍സറിനെത്തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെത്തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പന്‍ഡിസൈറ്റ്‌സിനെ ത്തുടര്‍ന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.


പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും 'വയറുവേദന'യായി പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോള്‍ വേണമെങ്കിലും വയറിന്റെ ഏതുഭാഗത്തും ഈ വേദനയുണ്ടാകാം. സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടിയുടെ പ്രധാന പരാതിയാണല്ലോ 'മാറാത്ത വയറുവേദന'. പല മനോജന്യ ശാരീരികരോഗങ്ങളുടെയും പൊതുലക്ഷണമാണ് വയറുവേദന.


ശരീരവേദന



വിട്ടുമാറാത്ത ശരീരവേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം രോഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക - ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യലക്ഷണമാണിതൊക്കെ.


സ്ത്രീകളാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ഇരകള്‍. 25-നും 65-നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. അരക്കെട്ടിന് മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോഴും കഠിനമായ വേദനയനുഭവപ്പെടാവുന്നതാണ്.


രോഗാരംഭത്തില്‍ ശരീരത്തിന്റെ ഒരുഭാഗത്തുമാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന, ക്രമേണ മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചര്‍മം പുകയുന്നതുപോലെയുള്ള അസ്വസ്ഥതകളും രോഗികള്‍ പരാതിപ്പെടാറുണ്ട്. തീരാവേദനയ്ക്കുപുറമെ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീവാതരോഗികളില്‍ സാധാരണയാണ്.


സന്ധിവാത രോഗങ്ങളായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ്.എല്‍.ഇ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഫൈബ്രോമയാള്‍ജിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹൈപ്പോ തൈറോയിഡിസം എന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം, പ്രമേഹം, ചിലതരത്തിലുള്ള അര്‍ബുദം തുടങ്ങിവയൊക്കെ മാറാത്ത ശരീരവേദനയായി പ്രത്യക്ഷപ്പെടാറുണ്ട്.


രോഗചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകളാണ് വിഷാദരോഗത്തിനുപയോഗിക്കുന്ന ട്രൈസൈക്ലിക് മരുന്നുകള്‍. കൂടാതെ വേദനസംഹാരികളും ഉപകരിക്കും. ക്രമമായ വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയും ആശ്വാസം നല്‍കുന്ന ഇതരമാര്‍ഗങ്ങളാണ്.


വേദനയുടെ ചികിത്സ



ഒരു നൂറ്റാണ്ട് പിന്നിട്ട ആസ്പിരിന്‍ മുതല്‍ അടുത്തയിടെ വിപണിയിലെത്തിയ കോക്‌സിബുകള്‍ വരെയുള്ള വിപുലമായ ശേഖരമാണ് വേദനസംഹാരികളുടെ ശ്രേണിയിലുള്ളത്.


വേദനക്കും നീര്‍ക്കെട്ടിനും കാരണമായ പ്രോസ്റ്റോഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ തടഞ്ഞുകൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്. ആസ്പിരിനും പാരസിറ്റമോളുമാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍. മോര്‍ഫിന്‍ പോലെ ശക്തമായ മരുന്നുകളല്ല ഇവയെങ്കിലും പേശികളുടെയും സന്ധികളുടെയും വേദനയ്ക്കും തലവേദനയ്ക്കും ഇവ ഫലപ്രദമാണ്.


വളരെ ശക്തിയേറിയ വേദനാസംഹാരികളാണ് മോര്‍ഫിനടക്കമുള്ള ഒപ്പിയോയിഡുകള്‍. പല മാര്‍ഗങ്ങളിലൂടെയും ഒപ്പിയോയിഡുകള്‍ നല്‍കാം. ഇഞ്ചക്ഷനായി സിരകളിലൂടെ മരുന്നു നല്‍കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വേദന അപ്രത്യക്ഷമാകും. ഇവ കൂടാതെ വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും മാറാവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗികളിലെ ന്യൂറോപ്പതി, ഹെര്‍പിസ് രോഗികളിലെ നാഡീവേദന, കൊടിഞ്ഞിതലവേദന, ഫൈബ്രോമയാള്‍ജിയ തുടങ്ങിയ അവസ്ഥകളില്‍ ഇവ ഉപയോഗിക്കുന്നു.


പൊതുവെ സുരക്ഷിതമായ മരുന്നുകളാണ് വേദനസംഹാരികള്‍. എന്നാല്‍ ഇവയുടെ അമിത ഉപയോഗമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഉദരരക്തസ്രാവം, വൃക്കത്തകരാറുകള്‍, രക്താതിസമ്മര്‍ദം, കരളിന്റെ പ്രവര്‍ത്തനത്തകരാറുകള്‍, തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, ചൊറിച്ചില്‍, ആമാശയവ്രണങ്ങള്‍, അന്നനാളത്തിലെ നീര്‍ക്കെട്ട്, ആസ്ത്മ അധികരിക്കുക തുടങ്ങിയവയാണ് വേദനാസംഹാരികളുടെ മറ്റു പാര്‍ശ്വഫലങ്ങള്‍.


വേദന സംഹാരികള്‍ ഉപയോഗിക്കുമ്പോള്‍



ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. സ്വയം ചികിത്സ ഒഴിവാക്കുക.


പഴയ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്.


മരുന്ന് ഭക്ഷണത്തിന് ശേഷം മാത്രം കഴിക്കുക.


മരുന്നുപയോഗിക്കുമ്പോള്‍ വയറുവേദന, ഛര്‍ദ്ദില്‍, മലം കറുത്തുപോവുക തുടങ്ങിയവ ഉണ്ടായാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.


വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദം പരിശോധിക്കണം.


പ്രായമേറിയവര്‍, ഉദരരോഗങ്ങള്‍, വൃക്കത്തകരാറുകള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.


ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ.


ആസ്ത്മ രോഗികള്‍ക്ക് അസുഖം അധികരിക്കാനിടയുണ്ട്. പ്രത്യേകം ശ്രദ്ധ വേണം.

Post a Comment

Previous Post Next Post
Join Our Whats App Group