കാളികാവ്:മലപ്പുറം കാളികാവ് മാളിയേക്കൽ സ്കൂളിനു വേണ്ടി നാട്ടുകാർ സംഭാവന പിരിച്ചും പഞ്ചായത്തിന്റെ സഹായത്തോടെയും നിർമിച്ച ഇരുനിലക്കെട്ടിടമാണ് കോണിപ്പടിയില്ലാതെ വെറുതെ കിടക്കുന്നത്. ഇന്നുവരെ അധ്യാപകരും കുട്ടികളും പ്രവേശിക്കാത്ത രണ്ട് ക്ലാസ്മുറികൾ മാളിയേക്കൽ ഗവ. എൽ.പി. സ്‌കൂളിലുണ്ട്.
2019 ൽ നാട്ടുകാർ ഫുട്‌ബോൾ ടൂർണമെന്റ് നടത്തി നാലുലക്ഷം രൂപ സമാഹരിച്ചാണ് കെട്ടിടനിർമാണത്തിനു തുടക്കമിട്ടത്. ഇതിനോടൊപ്പം അഞ്ചുലക്ഷം രൂപകൂടി നൽകി ചോക്കാട് ഗ്രാമപ്പഞ്ചായത്ത് നിർമാണം ഏറ്റെടുത്തു. തുക പഞ്ചായത്തിന് കൈമാറുമ്പോൾ ഇതിങ്ങനെയൊരു വിചിത്ര നിർമിതിയാകുമെന്ന് നാട്ടുകാർ കരുതിയില്ല. കോവിഡ് കാലത്തെ കെട്ടിടനിർമാണം ആളുകളുടെ ശ്രദ്ധയിലുംപെട്ടില്ല.ഒന്നാംനിലയിലേക്ക് വഴിയില്ലാതെ കെട്ടിടമുണ്ടാക്കില്ലെന്ന ധാരണയാണ് അധികൃതർക്കുമുണ്ടായിരുന്നത്. സ്‌കൂൾകെട്ടിടം നേരിൽക്കണ്ട ‘ഗ്രാമപ്പഞ്ചായത്ത് അതികൃതർ അമ്പരന്നുനിന്നു.കെട്ടിടത്തിന്റെ ഒന്നാം നിലയിലേക്ക് പ്രവേശിക്കാൻ കോണിപ്പടിയില്ല.
റിപ്പോർട്ട് വന്നതിന് പിന്നാലെ സ്‌കൂൾ അന്ന് പണികഴിപ്പിച്ചതിന് നേതൃത്വം വഹിച്ച എഇയുമായി ബന്ധപ്പെട്ടുവെന്ന് ചോക്കാട് ഗ്രാമപഞ്ചായത്ത് അംഗം ഷൗക്കത്ത് ചൂരപ്പിലാൻ പറഞ്ഞു. ഉണ്ടായിരുന്ന ഫണ്ട് കൊണ്ട് സ്‌കൂൾ കെട്ടിട നിർമാണം പൂർത്തീകരിച്ചുവെന്നും, അടുത്ത വർഷം തുക സമാഹരിച്ച് കോണിപ്പടികൂടി കെട്ടാമെന്നാണ് കരുതിയതെന്നുമാണ് തനിക്ക് ലഭിച്ച വിശദീകരണമെന്ന് ഷൗക്കത്ത് അറിയിച്ചു.
കോണിപ്പടിയില്ലാതെ കെട്ടിടം പണി പൂർത്തിയാക്കിയ സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ സ്‌കൂൾ അതികൃതർ പ്രതിസന്ധിയിലായി.കാഴ്ച നേരിൽ കാണാൻ ഇപ്പോൾ നാട്ടുകാരെത്തുകയാണ് ഇവിടെ. ഫണ്ടിന്റെ അഭാവമാണ് കോണിപ്പടിയില്ലാതാക്കിയതെന്നാണ് ഇപ്പോൾ ചോക്കാട് പഞ്ചായത്ത് പറയുന്നത്.
കുട്ടികൾക്ക് സുരക്ഷിതമായി ഉപയോഗിക്കാൻ സാധിക്കും വിധത്തിൽ കെട്ടിടത്തിൽ മാറ്റങ്ങൾ വരുത്താൻ പഞ്ചായത്ത് അതികൃതർ തീരുമാനിച്ചിട്ടുണ്ട്.
إرسال تعليق