ഇന്ന് മിക്ക ബാങ്കിംഗ് ഇടപാടുകളും ഓൺലൈൻ വഴിയാണ് എല്ലാവരും നടത്തുന്നത്. അതുകൊണ്ടുതന്നെ ബാങ്കിൽ പോയി ക്യൂ നിൽക്കേണ്ട ആവശ്യം വരുന്നില്ല. ഓൺലൈൻ ഷോപ്പിങ്ങിനും മറ്റും ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് പണം ട്രാൻസ്ഫർ ചെയ്യാനുള്ള സംവിധാനങ്ങളും ഇപ്പോൾ ലഭ്യമാണ്. കൂടാതെ ഗൂഗിൾ പേ പോലെയുള്ള യുപിഐ ആപ്ലിക്കേഷനുകൾ കൂടി ഉപയോഗിക്കുന്നതിലൂടെ നിരവധി ഓഫറുകളാണ് ലഭിക്കുന്നത്.
എന്നാൽ ഓൺ ലൈൻ ട്രാൻസാക്ഷനുകൾ നടത്തുമ്പോൾ പലരീതിയിലുള്ള അബദ്ധങ്ങളും പറ്റി പണം നഷ്ടപ്പെടുന്നവരുടെ എണ്ണവും കുറവല്ല. പ്രത്യേകിച്ച് ഒരു ബാങ്ക് അക്കൗണ്ടിൽ നിന്നും മറ്റൊരു ബാങ്ക് അക്കൗണ്ടിലേക്ക് തെറ്റായ നമ്പർ അടിച്ച് പണം അയച്ചു കഴിഞ്ഞാൽ പലപ്പോഴും പണം നഷ്ടപ്പെടാറുണ്ട്. തെറ്റായി അക്കൗണ്ട് നമ്പർ അടിച്ചു പണം അയച്ചു കഴിഞ്ഞാൽ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം.
തെറ്റായ അക്കൗണ്ട് നമ്പറിലേക്ക് പണം അയച്ചാൽ എന്ത് ചെയ്യണം? ആദ്യം നിങ്ങളുടെ ബാങ്ക് കസ്റ്റമർ കെയർ നമ്പറിലേക്ക് വിളിച്ച ശേഷം പരാതി അറിയിക്കുക.തുടർന്ന് ഇ-മെയിലായി ഒരു പരാതി നൽകണം. നിങ്ങൾ ഏത് ബാങ്ക് ബ്രാഞ്ചിൽ നിന്നാണോ പണം അയച്ചിട്ടുള്ളത്ആ ബാങ്കിൽ നേരിട്ട് എത്തിയശേഷം ഓപ്പറേഷൻ മാനേജറെ കാര്യങ്ങൾ അറിയിക്കുക.
തെറ്റായ അക്കൗണ്ടിലേക്ക് പണം അയച്ച വിവരം ബാങ്ക് പണം അയച്ച ബാങ്കിലേക്ക് അറിയിക്കുകയും, പണം ലഭിച്ച വ്യക്തി അത് തിരികെ നൽകാൻ തയ്യാറാണ് എങ്കിൽ എളുപ്പത്തിൽ പണം ലഭിക്കുകയും ചെയ്യും. എട്ട് മുതൽ പത്ത് ദിവസത്തിനുള്ളിൽ ആയിരിക്കും പണം തിരികെ ലഭിക്കുക.
എന്നാൽ പണം ലഭിച്ച വ്യക്തി അത് തിരികെ തരാൻ തയ്യാറല്ല എങ്കിൽ തുടർന്ന് നിയമ നടപടികൾ സ്വീകരിക്കേണ്ടി വരും. ഇത്തരത്തിൽ നിയമ നടപടികളിലൂടെ പണം തിരികെ നേടാൻ സാധിക്കുന്നതാണ്, എന്നാൽ കുറച്ചധികം സമയം ഇതിനായി ചിലവഴിക്കേണ്ടി വരും. ഒരേ ബാങ്കുകൾ തമ്മിലാണ് ട്രാൻസാക്ഷൻ നടത്തിയിട്ടുള്ളത് എങ്കിൽ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ പണം മാറി അയച്ച വ്യക്തിയുടെ വിവരങ്ങൾ കണ്ടെത്താനായി സാധിക്കുന്നതാണ്, എന്നാൽ വ്യത്യസ്ത ബാങ്കുകൾ തമ്മിലുള്ള ട്രാൻസാക്ഷൻ ആണ് നടത്തിയിട്ടുള്ളത് എങ്കിൽ പണം ലഭിച്ച വ്യക്തിയെ കണ്ടെത്തുന്നതിനും തുടർനടപടികൾ ക്കും കുറച്ചധികം സമയം ആവശ്യമായിവരും.
എന്നിരുന്നാലും തെറ്റായ ബാങ്ക് അക്കൗണ്ടിലേക്കാണ് പണം അയച്ചത് എന്ന് ഉറപ്പു വരുത്തി കഴിഞ്ഞാൽ ഉടനടി മേൽ പറഞ്ഞ നടപടികൾ സ്വീകരിക്കാവുന്നതാണ്.
Post a Comment