മലയാളത്തിന്റെ അഭിമാനതാരം മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബറോസ്’. ഏറെ പ്രതീക്ഷയോടെയാണ് മലയാള സിനിമാലോകവും പ്രേക്ഷകരും ബറോസിനായി കാത്തിരിക്കുന്നത്. ചിത്രത്തിനു വേണ്ടി തല മൊട്ടയടിച്ച താരത്തിന്റെ ലുക്ക് മുൻപു തന്നെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ, പുതിയ ലുക്കിൽ ബറോസ് ടീമിലെ ഒരംഗത്തിന്റെ ജന്മദിനാഘോഷത്തിൽ പങ്കെടുക്കുന്ന മോഹൻലാലിന്റെ വീഡിയോ ആണ് ശ്രദ്ധ കവരുന്നത്.
ലോക്ക്ഡൗണിനെ തുടർന്ന് ചിത്രീകരണം നിർത്തിവച്ച ബറോസിന്റെ ചിത്രീകരണം ഡിസംബർ 26 ന് പുനരാരംഭിച്ചിരിക്കുകയാണ്. വാസ്കോഡഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബറോസ് എന്ന ഭൂതത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. നിധി തേടി ഒരു കുട്ടി ബറോസിനു മുന്നിലെത്തുന്നതാണ് കഥയുടെ പ്രമേയം. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിപ്പുകാരന്റെ വേഷമാണ് ചിത്രത്തിൽ മോഹന്‍ലാലിന്.
സന്തോഷ് ശിവനാണ് ബറോസിന്റെ ഛായാഗ്രാഹകൻ. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന ‘മൈ ഡിയര്‍ കുട്ടിച്ചാത്തന്‍’ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ ചിത്രം ഒരുക്കുന്നത്.
“ജിജോയുമായുള്ള സംസാരത്തിനിടയിലാണ് അദ്ദേഹം എഴുതിയ ഇംഗ്ലീഷ് കഥയെ കുറിച്ച് സംസാരിച്ചത്. അതൊരു മിത്തായിരുന്നു. ഒരു മലബാർ തീരദേശ മിത്ത്.’ബറോസ്സ് – ഗാർഡിയൻ ഓഫ് ഡി ഗാമാസ് ട്രഷർ’. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ഒരു നിഗൂഢ രചന. കഥ കേട്ടപ്പോൾ ഇത് സിനിമയാക്കിയാൽ നന്നാവുമല്ലോയെന്ന് തോന്നിയിരുന്നു. അങ്ങനെയാണ് ‘ബറോസ്’ എന്ന സിനിമ ഉള്ളിൽ പിറന്നത്,” തന്റെ ആദ്യസംവിധാന സംരഭത്തെ കുറിച്ച് മോഹൻലാൽ ബ്ലോഗിൽ കുറിച്ചത്.
ചിത്രത്തിൽ മോഹൻലാലിനൊപ്പം പാസ് വേഗ, റാഫേൽ അമാർഗോ തുടങ്ങിയ സ്പാനിഷ് താരങ്ങളും അഭിനയിക്കുന്നുണ്ട്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ബറോസിന്റെ നിർമാണം.
إرسال تعليق